Saturday
19 Oct 2019

വികസന യത്‌നത്തില്‍ വ്യവസായ നയത്തിന്‍റെ നിര്‍ണായക പങ്ക് വിസ്മരിക്കപ്പെടരുത്

By: Web Desk | Friday 7 June 2019 10:18 PM IST


ഗോളതലത്തില്‍ ഏത് വന്‍ ശക്തിയുടെ അനുഭവം എടുത്തു പരിശോധിച്ചാലും നമുക്കെല്ലാം ബോദ്ധ്യമാകുന്ന, ബോദ്ധ്യമാകേണ്ടതായൊരു വസ്തുത എന്തെന്നോ ? ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും, നിലനില്‍ക്കുന്ന സാമ്പത്തിക വികസനവും അന്തിമ വിശകലനത്തില്‍ ആശ്രയിക്കുന്നത് വ്യാവസായികോല്‍പാദന മേഖലയുടെ സുശക്തമായ വികസനത്തെ ആയിരിക്കും എന്നതാണിത്.

ഒരു വികസ്വര രാജ്യമായി ഇന്നും പരിഗണിക്കപ്പെടുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ കാര്യവും ഭിന്നമല്ല. 2017 ലെ കണക്കനുസരിച്ച് ഉല്‍പാദനമേഖലയും ജിഡിപിയും തമ്മിലുള്ള അനുപാതം നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ വെറും 16 ശതമാനമാണ്. 1991 ലെ ആഗോളവല്‍ക്കരണ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കി തുടങ്ങിയതിനു ശേഷം ഈ അനുപാതം യാതൊരുവിധ മാറ്റവുമില്ലാതെ തുടരുകയുമാണ്. എന്നാല്‍, മറ്റു ചില പ്രമുഖ ഏഷ്യന്‍ രാജ്യങ്ങളുടെ അനുഭവം എടുത്താലോ? മലേഷ്യ ജിഡിപിക്കുമായുള്ള ഉല്‍പാദന മേഖലയുടെ അനുപാതത്തില്‍ മൂന്നിരട്ടിയോളം വര്‍ധനവുവരുത്തി 24 ശതമാനത്തിലെത്തി നില്‍ക്കുകയാണ്. തായ്‌ലന്റിന്റേത്, 1960-2014 കാലയളവില്‍ വരുത്തിയ വര്‍ധന 13 ല്‍ നിന്ന് 33 ശതമാനത്തിലേക്കായിരുന്നു. ഇന്ത്യയിലെ അനുഭവമെടുത്താല്‍ സോവിയറ്റ് സാമ്പത്തികാസൂത്രണത്തിന്റെ ചുവടുപിടിച്ച് പണ്ഡിറ്റ് നെഹ്‌റുവിന്റെ നേതൃത്വത്തില്‍ രൂപം നല്‍കി നടപ്പാക്കിയ രണ്ടാം പഞ്ചവത്സര പദ്ധതിയുടെയും മൂന്നാം പഞ്ചവല്‍സര പദ്ധതിയുടെയും കാലഘട്ടങ്ങളിലൊഴികെ ഒരിക്കല്‍ പോലും സാമ്പത്തികവികസനത്തില്‍ ഉല്‍പാദന മേഖലക്കു പ്രാമുഖ്യം നല്‍കപ്പെട്ടിട്ടില്ലെന്നത് ഒരു ചരിത്ര വസ്തുതയാണ്. നെഹ്‌റു ഭരണത്തെ രാഷ്ട്രീയമായി തള്ളിപ്പറയുന്ന മോഡി സര്‍ക്കാര്‍ പോലും ഈ ചരിത്ര യാഥാര്‍ഥ്യം തമസ്‌ക്കരിക്കാന്‍ ധൈര്യപ്പെടുമെന്നു തോന്നുന്നില്ല. ആറുപതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന കോണ്‍ഗ്രസിന്റേയും, കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മുന്നണി ഭരണത്തിന്റേയും കാലയളവില്‍ വികസന നയം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കിയതിലും ഒട്ടേറെ വീഴ്ചകളുണ്ടോയിരുന്നു എന്ന് അംഗീകരിക്കുമ്പോള്‍ തന്നെ ബ്രിട്ടീഷ് കോളനി ഭരണത്തിനു കീഴില്‍ തകര്‍ന്നടിഞ്ഞ, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥക്ക് ഒരു പരിധി വരെയെങ്കിലും ശക്തിപകര്‍ന്നതും, നിലനില്‍ക്കുന്ന വികസനത്തിനുള്ള അടിത്തറ വിരിച്ചതും രണ്ടാം പദ്ധതിയും, അതിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ണ്ണതയിലെത്തിക്കുന്നതില്‍ വലിയൊരളവില്‍ വിജയിച്ചതും മൂന്നാംപദ്ധതിയുമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര വികസനചരിത്രം വസ്തുനിഷ്ഠമായി പരിശോധിക്കുന്ന ഏതൊരാള്‍ക്കും (നരേന്ദ്രമോഡിക്കും, സംഘപരിവാറിനും ഒഴികെ) ഈ യാഥാര്‍ഥ്യം നിഷേധിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.

നമുക്കിനി വിഷയത്തിലേക്കു മടങ്ങാം. നിലനില്‍ക്കുന്ന സാമ്പത്തിക വികസനം പൊതുവില്‍ ലക്ഷ്യമാക്കി നയരൂപീകരണം നടത്തുന്ന ആഗോള ഭരണകൂടങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചു കാണുന്നത് ഉല്‍പാദന മേഖലയുടെ ശാക്തീകരണത്തിലാണ്. കാരണമെന്തെന്നോ? അടിസ്ഥാന മേഖലയായ കൃഷിയും ഗ്രാമീണ മേഖലയും സേവന മേഖലയും വികസനയത്‌നങ്ങളില്‍ അപ്രധാനമാണെന്നതുകൊണ്ടല്ല ഇത്തരമൊരു ദിശയിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറിച്ച്, കാര്‍ഷിക, സേവന മേഖലകളെ അപേക്ഷിച്ച് ഉല്‍പാദനതോതും ഉല്‍പാദനക്ഷമതയും കൂടുതലായുള്ളത് വ്യാവസായിക ഉല്‍പാദന മേഖലകളിലാണെന്നതാണ്. വളര്‍ച്ചയെ അതിവേഗം മുന്നോട്ട് നയിക്കുന്നതിനുള്ള ഏറ്റവും ശക്തമായ യന്ത്രം ഉല്‍പാദന മേഖല തന്നെയാണ്. വന്‍തോതിലുള്ള ഉല്‍പാദന പാത്രം സാധ്യമാക്കി തീര്‍ക്കുന്ന വമ്പിച്ച ലാഭം, മെച്ചപ്പെട്ട ആധുനിക സാങ്കേതിക വിദ്യയുടെ വ്യാപകമായ വിനിയോഗം, അനുബന്ധ മേഖലകളുടെ നീണ്ട ഒരു പരമ്പരയുടെ തന്നെ വികസനം, വര്‍ധിച്ചതോതിലുള്ള തൊഴിലവസര സൃഷ്ടിയും വരുമാന വര്‍ധനവും എന്നിങ്ങനെ ഒട്ടേറെ മേന്മയേറിയ നേട്ടങ്ങള്‍ കൈവരിക്കാനും കഴിയുന്നു. സാങ്കേതികമായി പറഞ്ഞാല്‍ വ്യവസായ, ഉല്‍പാദന മേഖലകള്‍ക്കു മാത്രമാണ് ‘ഫോര്‍വേര്‍ഡ് ലിങ്കേജസുകളും’ ബാക്ക്‌വേര്‍ഡ് ലിങ്കേജസുകളും ഉറപ്പാക്കാനുള്ള കഴിവുകളുള്ളൂ. അതേ അവസരത്തില്‍, വ്യവസായ, ഉല്‍പാദന മേഖലകളില്‍ ഒറ്റയടിക്ക് വന്‍തോതില്‍ മൂലധനം നിക്ഷേപിക്കാന്‍ പലപ്പോഴും സ്വകാര്യ സംരംഭകര്‍ അറച്ചു നില്‍ക്കുന്നതായി കാണുന്ന കാരണം, അതിന്റെ ഭാഗമായ വലിയ നഷ്ട സാധ്യതകള്‍ തന്നെ. ഇത്തരം സംരംഭങ്ങളില്‍ പണം മുടക്കാന്‍ സര്‍ക്കാരുകള്‍ക്കു മാത്രമേ കഴിയൂ.

ഇക്കാരണത്താല്‍ തന്നെയാണ്, 2008 ലെ ആഗോള മാന്ദ്യപ്രതിസന്ധിയെ തുടര്‍ന്ന് അമേരിക്കയും, യൂറോപ്യന്‍ രാജ്യങ്ങളും, എല്‍പിജി നയങ്ങളില്‍ നിന്നും ക്രമേണ പിന്മാറാന്‍ തുടങ്ങിയത്. മാന്ദ്യപ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥകളേയും, യുഎസിലെ വാള്‍ സ്റ്റ്രിറ്റ് അടക്കമുള്ള കേന്ദ്രങ്ങളില്‍ ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു പോയ ബാങ്കിങ്-ധനകാര്യ സ്ഥാപനങ്ങളേയും കൈപ്പിടിച്ചുയര്‍ത്താന്‍ ഫെഡറല്‍ ഇടപെടല്‍ വേണമെന്ന മുറവിളി ഉയര്‍ന്നു കേട്ടത് ഈ സാഹചര്യത്തിലാണ്. സ്വതന്ത്ര വിപണി വ്യാപാര വ്യവസ്ഥകള്‍, മൂലധന-ഓഹരി വിപണികള്‍ തുടങ്ങിയവയ്ക്ക് രക്ഷാ മാര്‍ഗമായെത്തിയത് അമേരിക്കന്‍ ഭരണകൂടവും, കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്വും ആയിരുന്നു. ഇതിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല.
ഏറെ താമസിയാതെ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും ഈ വഴിക്കാണ് വികസന പാത തിരുത്തിയതും തിരിച്ചു വിട്ടതും. മോട്ടോര്‍ വാഹന നിര്‍മ്മാണം ഗതാഗത ശൃംഖലാ വികസന യന്ത്രനിര്‍മ്മാണ വ്യവസായങ്ങള്‍, ഊര്‍ജ്ജമേഖലാ സംരംഭങ്ങള്‍ കെമിക്കല്‍സ് നിര്‍മ്മാണ വ്യവസായങ്ങള്‍, അഗ്രോ-ഫുഡ് സംസ്‌ക്കരണ വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളെ പ്രത്യേകം കേന്ദ്രീകരിച്ചുള്ള വികസന തന്ത്രമാണ് ഈ രാജ്യങ്ങള്‍ ആവിഷ്‌ക്കരിച്ചത്. യുഎന്‍ ആഭിമുഖ്യത്തിലുള്ള വ്യാപാര-വികസന സംഘടന കണ്ടെത്തിയത്, പിന്നിട്ട ഒരു ദശകക്കാലയളവില്‍ 100 ലോകരാജ്യങ്ങളാണ് സര്‍ക്കാര്‍ മുന്‍കയ്യോടെയുള്ള വ്യവസായ വികസനങ്ങള്‍ക്ക് രൂപം കൊടുത്തത് എന്നാണ്. എന്നാല്‍, ഇന്ത്യയുടെ കാര്യമോ? നമുക്ക് ഇന്നും വ്യക്തതയോടു കൂടിയ ഒരു വ്യവസായ, ഉല്‍പാദന നയമില്ല. ആറുപതിറ്റാണ്ടിലേറെ കാലം ഭരണത്തിലിരുന്ന സര്‍ക്കാരുകളെ പഴി പറയുകയും, ‘നല്ലകാലവും’ സല്‍ഭരണവും വാഗ്ദാനം നല്‍കിയ അഞ്ച് വര്‍ഷം അധികാരത്തിലിരുന്ന നരേന്ദ്രമോഡി സര്‍ക്കാരും ഒരു വ്യവസായ നയത്തിന്റെ കാര്യത്തില്‍ ഇരുട്ടില്‍ തപ്പുന്ന കാഴ്ചയാണ് കാണാനായത്. തെരഞ്ഞെടുത്ത 100 നഗരങ്ങളെ സമഗ്ര വികസനത്തിന്റെ കുടക്കീഴിലാക്കാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിക്കപ്പെട്ട ‘സ്മാര്‍ട്ട് സിറ്റി’ പദ്ധതിയില്‍ ഒന്നു പോലും ഇതുവരെ പൂര്‍ത്തിയാക്കിയതായി അറിവില്ല. ഈ ബൃഹദ് പദ്ധതിയുടെ ചാമ്പ്യനായിരുന്ന ബിജെപി നേതാവ് വെങ്കയ്യനായ്ഡു ഉപരാഷ്ട്രപതിയായതോടെ, ഈ സ്മാര്‍ട്ട് സിറ്റി പദ്ധതിയും വിസ്മൃതിയിലായി. ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന പേരില്‍ മോഡി തന്നെ പെരുമ്പറകൊട്ടി അവതരിപ്പിച്ചിരുന്ന പദ്ധതി വേണ്ടത്ര പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്റെ അഭാവത്തില്‍, സൗഹൃദപൂര്‍വ്വമായ വ്യാവസായികാന്തരീക്ഷത്തില്‍ പോലും യാഥാര്‍ഥ്യമായിട്ടില്ല. മാത്രമല്ല, തെരഞ്ഞെടുപ്പു കാലത്ത് മുഴങ്ങിക്കേട്ടതു പോലെ വിദേശ കള്ളപ്പണം ഇന്ത്യന്‍ കുടുംബങ്ങളുടെ ബാങ്കുനിക്ഷേപത്തിലെത്തിക്കുമെന്നും പ്രതിവര്‍ഷം രണ്ടുകോടി വീതം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മറ്റുമുള്ള വാഗ്ദാനങ്ങള്‍ ‘ജൂംല’യായി പരിണമിച്ചതുപോലെ മേക്ക്ഇന്‍ ഇന്ത്യയും ഒരു ലക്ഷ്യപ്രഖ്യാപനത്തിനപ്പുറം വ്യവസായ നയത്തിന്റെ രൂപം കൈവരിക്കുകയുണ്ടായില്ല.

നവക്ലാസിക്കല്‍ ധനശാസ്ത്രകാരന്മാരും കെയ്‌നീഷ്യന്‍ സിദ്ധാന്തക്കാരും സമ്പദ് വ്യവസ്ഥയില്‍ അസ്ഥിരത ഉടലെടുക്കുമ്പോള്‍ വിപണികളില്‍ സര്‍ക്കാര്‍ ഇടപെടല്‍ നീതികരിക്കാന്‍ തയ്യാറായിട്ടുണ്ട്. വിപണി സമ്പദ് വ്യവസ്ഥ നിലവിലിരിക്കുമ്പോഴാണല്ലോ, 1930 കളില്‍ ആഗോള തലത്തില്‍ തന്നെ മഹാമാന്ദ്യ രൂപമെടുക്കുന്നതും കെയ്‌നീഷ്യന്‍ ധനശാസ്ത്ര സിദ്ധാന്തത്തിന്റെ പ്രായോഗിക പ്രസക്തി വ്യക്തമാക്കപ്പെടുന്നതും. അമേരിക്കയിലെ ‘റൂമ്പ്‌വെന്റ് ഭരണകൂടം’ ‘ന്യൂഡില്‍’ എന്നപേരില്‍ അറിയപ്പെടുന്ന സ്റ്റേറ്റ് ആഭിമുഖ്യത്തോടെയുള്ളൊരു വികസനപാക്കേജ് നടപ്പാക്കിയിരുന്നു. മാന്ദ്യത്തില്‍ നിന്നും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ കരകയറ്റിയ അനുഭവമാണിത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ വികസനത്തിന്റെ പുതിയ തലങ്ങളിലെത്തിച്ചതു ന്യൂഡീല്‍ എനഅന വികസന പാക്കേജായിരുന്നു.

ഈ പശ്ചാത്തലം കണക്കിലെടുത്താല്‍, സ്റ്റേറ്റ് നേരിട്ട് മുന്‍കയ്യെടുത്തു കൊണ്ട് ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന വികസന നയമാണ് മാന്ദ്യത്തിലേക്കു മെല്ലെ നീങ്ങിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും പുനരുദ്ധാരണത്തിന്റെ പാതയിലെത്തിക്കാന്‍ അവശ്യം വേണ്ടത്. മൂലധന വിപണികളിലെ കുറവുകള്‍ പരിഹരിക്കുക, നിക്ഷേപത്തിന്റെ അപര്യാപ്തത പരിഹരിക്കുക വര്‍ധിച്ച തോതിലുള്ള മൂലധന നിക്ഷേപത്തിലൂടെ വന്‍കിട ഉല്‍പാദനത്തിന്റെ നേട്ടങ്ങള്‍ യാഥാര്‍ഥ്യമാക്കുക, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കുക, വിവരസാങ്കേതിക വിദ്യ പരമാവധി വിനിയോഗിക്കുക, വൈവിദ്ധ്യമാര്‍ന്ന സാങ്കേതിക-മാനേജ്‌മെന്റ് സങ്കേതങ്ങള്‍ കൃത്യമായി സംയോജിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലെല്ലാം തന്നെ കാര്യക്ഷമതയും ഏകീകൃതരൂപവും ഉറപ്പാക്കണമെങ്കില്‍ സ്റ്റേറ്റ് ലെവല്‍ ആസൂത്രണം അനിവാര്യമാണ്. ഇതെല്ലാം അംഗീകരിക്കുമ്പോള്‍ തന്നെ, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വികസന തന്ത്രം 1991 നു മുമ്പുള്ള ‘കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍’ സംവിധാനത്തിലേക്കുള്ള തിരിച്ചുപോക്ക് പ്രായോഗികമാകുമോ എന്നതു കൂടി പരിഗണിക്കേണ്ടി വരും. അതേ സമയം, നവലിബറല്‍ വികസന നയങ്ങള്‍ ഇന്നത്തെ നിലയില്‍ തുടരാനും പ്രായോഗിക പ്രതിബന്ധങ്ങള്‍ നിരവധി ഉണ്ട്. പ്രതിബന്ധങ്ങള്‍ എന്തുതന്നെയായിരുന്നാലും സുതാര്യവും, സുചിന്തിതവുമായൊരു വ്യവസായ നയം ഇന്ത്യയില്‍ അധികാരത്തിലെത്താന്‍ പോകുന്ന സര്‍ക്കാര്‍ ഏതായാലും ഒഴിവാക്കാനാവില്ല. പരസ്പരം കോര്‍ത്തിണക്കപ്പെട്ടിരിക്കുന്ന നിക്ഷേപ സംരംഭങ്ങളാണെങ്കില്‍, അവയുടെ പുരോഗതി സുഗമമാക്കാന്‍ ശ്രദ്ധയോടു കൂടിയുള്ള സര്‍ക്കാര്‍ ഇടപെടല്‍ കൂടിയേ തീരൂ.