രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ ദിശാബോധം തെറ്റുന്നു: ആര്‍ബിഐ ഗവര്‍ണര്‍

Web Desk
Posted on June 20, 2019, 10:50 pm

ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ ദിശാബോധം തെറ്റുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ നിര്‍ണായകമായ സാമ്പത്തിക തീരുമാനങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം മൂന്ന് മുതല്‍ ആറുവരെ നടന്ന സാമ്പത്തിക അവലോകനയോഗത്തിലാണ് ശക്തികാന്തദാസ് ഇക്കാര്യം വ്യക്തമാക്കിയത്. യോഗത്തിന്റെ മിനിട്‌സില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നഷ്ടപ്പെട്ടതാണ് മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 5.8 ശതമാനമായി കുറയാനുള്ള കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സാമ്പത്തിക മേഖലയിലെ വളര്‍ച്ചാ പ്രവണതകള്‍ ദുര്‍ബലമായി. രണ്ട് തവണ പലിശ നിരക്കില്‍ കുറവ് വരുത്തിയിട്ടാണ് പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത്. പലിശ നിരക്ക് കുറയ്ക്കുന്നതിലൂടെ പണപ്പെരുപ്പം നിയന്ത്രിക്കുന്നത് ആശാവഹമായ രീതിയല്ലെന്നും ശക്തികാന്തദാസ് യോഗത്തില്‍ വ്യക്തമാക്കി. ഇക്കാര്യവും യോഗ മിനിട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പിന്തുടരുന്ന സാമ്പത്തിക നയങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ അനിവാര്യമാണ്. രാജ്യത്തിന്റെ സമഗ്രമായ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയമാണ് നടപ്പാക്കേണ്ടത്.
കഴിഞ്ഞ രണ്ട് വര്‍ഷവും സാമ്പത്തിക വളര്‍ച്ചയിലെ കുറവിനെ മൂടിവയ്ക്കുന്ന നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ യോഗത്തില്‍ വ്യക്തമാക്കി. അസംസ്‌കൃത എണ്ണയുടെ വില വര്‍ധന, മണ്‍സൂണ്‍ കാലവര്‍ഷത്തിലെ കുറവ് തുടങ്ങിയ കാര്യങ്ങള്‍ വളര്‍ച്ചാ നിരക്കിനെ ഇനിയും പ്രതികൂലമായി ബാധിക്കുമെന്നും വിരല്‍ ആചാര്യ വ്യക്തമാക്കി. അടുത്ത നാല് വര്‍ഷവും പണപ്പെരുപ്പത്തിന്റെ തോത് നാല് ശതമാനത്തില്‍ കുറവായി തുടര്‍ന്നാല്‍ മാത്രമേ വളര്‍ച്ചാ നിരക്ക് താഴാതെ മുന്നോട്ട് പോകാന്‍ കഴിയൂവെന്നാണ് ആര്‍ബിഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കേല്‍ ദേബബത്ര യോഗത്തെ അറിയിച്ചത്. ചെറുകിട നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന പലിശ നിരക്ക് നിലവിലുള്ള മാനദണ്ഡങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് മറ്റ് അംഗങ്ങളായ രവീന്ദ്ര ധോല്‍ക്കിയ, പമി ധുവ, ചേതന്‍ ഗഡ്‌കെ എന്നിവര്‍ യോഗത്തില്‍ പറഞ്ഞു.

YOU MAY LIKE THIS VIDEO ALSO