July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ദയനീയാവസ്ഥയും പൗരത്വ നിയമ, പൗരത്വ രജിസ്റ്റർ വിവാദവും

Janayugom Webdesk
December 30, 2019

വിദേശ ബാങ്കുകളിലെ കള്ളപ്പണം പിടിച്ചെടുത്ത് ഓരോ കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിരക്കിൽ എത്തിക്കുമെന്ന വാഗ്ദാനം ഇന്നും ചർച്ചയാണ്. ഇന്ന് അതി­നെ­ക്കുറിച്ച് മോഡിയും കൂട്ടരും മിണ്ടുന്നില്ല. ഡിമോണറ്റെെസേഷനു ശേഷം ഒരു രൂപ പോലും കള്ളപ്പണം സമ്പദ്‌വ്യവസ്ഥയിൽ പ്രചാരത്തിലുണ്ടാവില്ലെന്ന അവകാശവാദവും ഇന്നെവിടെ? 100 സ്മാർട്ട്സിറ്റികൾ തുടങ്ങുമെന്ന വാഗ്ദാനം ഒ­രൊറ്റ സ്മാർട്ട് സിറ്റിപോലും തുടങ്ങാത്തതിനാൽ ‘വട്ടപ്പൂജ്യ’ത്തിലല്ലേ നിൽക്കുന്നത്? സ്മാർട്ട് സിറ്റി പദ്ധതിയുമായി, വാചാലനായി ഊരുചുറ്റി നടന്നിരുന്ന വെങ്കയ്യനായിഡുവിനെ ഉപരാഷ്ട്രപതി പദത്തിലെത്തിച്ച് നിശബ്ദനാക്കിയിരിക്കുന്നു ര­ണ്ടാം മോഡി ഭരണത്തിൽ ഈ പദ്ധതിയെ സംബന്ധിച്ച യാതൊരു മിണ്ടാട്ടവുമില്ല. ഉപരിതല ആന്തരഘടനാ മന്ത്രി നിതിൻ ഗഡ്ഗരിയും ഇക്കാര്യത്തിൽ നിശബ്ദതയിലാണ്. സ്മാർട്ട് സിറ്റി പദ്ധതി ഇപ്പോൾ ഐസിയുവിലാണെന്ന് കരുതാമോ?

ഇതൊന്നും, സംഘപരിവാറുകാർക്കും മോഡിക്കും പ്രശ്നമേ അല്ല. അവരുടെ ഏക താൽപര്യം ജനങ്ങളുടെ വസ്ത്രം നോക്കി പൗരത്വ രജിസ്റ്റർ തയാറാക്കണം എന്നതു മാത്രം. ഒരു ജനാധിപത്യ രാജ്യമായ ഭാരതത്തിലെ ഒരു പ്രധാനമന്ത്രി മോശമായ ഭാഷാപ്രയോഗത്തിലൂടെ ഇത്രമാത്രം തരംതാഴ്ന്നത് ശരിയാണോ? ഡോ. മോഹൻഭാഗ്വത് ആണ് ഈ അഭിപ്രായം പറഞ്ഞതെങ്കിൽ ഒരു പരിധിവരെ നമുക്ക് പൊറുക്കാമായിരുന്നു. കാരണം അദ്ദേഹം ഒരു സംഘപരിവാർ നേതാവാണ്. അപ്പോ­ൾ പ്രശ്നം സാമ്പത്തിക ത­കർച്ചയല്ല. ഏതുവിധേനയും ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക. സുപ്രസിദ്ധ ചരിത്രകാരനായ ഡോ. രാമചന്ദ്രഗുഹ അഭിപ്രായപ്പെട്ടതുപോലെ മോഡിയുടെയും കൂട്ടരുടെയും ലക്ഷ്യം ഇന്ത്യയെ ‘ഒരു ഹിന്ദു-പാക്കിസ്ഥാൻ’ ആയി മാറ്റുക എന്നതു മാത്രമാണ്. ഡോ. ഗുഹയുടെ ഈ ശെെലീപ്രയോഗത്തിൽ രോഷാകുലരായ ബിജെപി നേതാവ് യദ്യൂരപ്പയുടെ സർക്കാർ അദ്ദേഹത്തെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത കാഴ്ചയും നാം കണ്ടതാണല്ലോ.

നരേന്ദ്രമോഡി സമീപകാലത്ത് നടത്തിയ എല്ലാ പ്രസംഗങ്ങളിലും പ്രാമുഖ്യം നൽകിയത് ഒരു കാര്യത്തിനു മാത്രമായിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഉയർച്ചയും തകർച്ചയും ഇത് ആദ്യത്തെ അനുഭവമല്ല. ഇന്നത്തെ മാന്ദ്യവും ഫലത്തിൽ ഒരു താൽക്കാലിക ചാക്രിക പ്രതിസന്ധി മാത്രമാണ്. അത് സ്വയം പരിഹരിക്കപ്പെടുകയും ചെയ്യും. അങ്ങനെ 2024 ആകുമ്പോഴേക്ക് ഇന്ത്യ അഞ്ച് ലക്ഷം കോടി സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കും. അതിന് ഇന്ത്യൻ ജനതയുടെ സഹകരണത്തിനല്ല മുൻഗണന, കോർപ്പറേറ്റുകളുടെ സഹകരണത്തിനാണ് മോഡി നൽകുന്നത്. ജനവിഭാഗത്തിന്റെ സഹകരണമുണ്ടെങ്കിൽ മാത്രമേ എഫ്സിഐ നിക്ഷേപം കടന്നുവരുകയുള്ളു. പിന്നിട്ട അഞ്ച് വർഷ മോഡി ഭരണകാലയളവിലാണത്രെ എഫ്സിഐ പ്രവാഹത്തിലെ 50 ശതമാനവും ഇവിടെ എത്തിയത്. കഴിഞ്ഞ രണ്ട് ദശകക്കാലത്തിനിടയിലെ റെക്കോഡ് വരവാണിതത്രെ! ഇതെത്തുടർന്ന് എത്ര ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി നിക്ഷേപമായി രൂപാന്തരപ്പെട്ടു എന്ന് മോഡി വ്യക്തമാക്കുന്നി­ല്ല. ഏതായാലും ഔദ്യോഗിക കണക്കുകൾ വെളിവാക്കുന്നത് എഫ്സിഐ വരവിൽ 2015–16നും 2018–19നും ഇടയിൽ ഒരു ശതമാനത്തോളം ഇടിവാണുണ്ടായിരിക്കുന്നതെന്നാണ്. മാത്രമല്ല, 2018–19 നെ അപേക്ഷിച്ച് 2015–16ൽ 35 ശതമാനം വർധനവും ഉണ്ടായിരുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. വിദേശ മൂലധന നിക്ഷേപകർക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ പണം മുടക്കാൻ ‘ഭയം’ ഉണ്ടെന്നല്ലേ ഇതിൽ നിന്നും അനുമാനിക്കേണ്ടത്?

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണെങ്കിൽ, ആദ്യമൊക്കെ സമ്പദ്‌വ്യവസ്ഥയിൽ മാന്ദ്യമുണ്ടെന്ന് സമ്മതിക്കാതിരുന്നെങ്കിലും 2019 ഡിസംബർ 16ന് മുംബെെയിൽ നടത്തിയ ഒരു പത്രസമ്മേളനത്തിൽ ഏറ്റുപറയേണ്ടിവന്നതെന്തായിരുന്നു എന്നോ? ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ സെപ്റ്റംബർ വരെയുള്ള പാദത്തിലെ ജിഡിപി വളർച്ചാനിരക്ക് പിന്നിട്ട ആറ് വർഷക്കാലത്തെ സ്ഥിതി പരിശോധിച്ചാൽ ഏറ്റവും താണ 4.5 ശതമാനം നിരക്കാണെന്നു വ്യക്തമാകുമെന്നാണ്. അതേ അവസരത്തിൽ ഈ മാന്ദ്യത്തെ ഒരുതരത്തിലും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾ പ്രതികൂലമായി ബാധിക്കില്ലെന്നും ഇവ രണ്ടും തമ്മിൽ യാതൊരുവിധ ബന്ധവുമില്ലെന്നുമായിരുന്നു അവരുടെ അവകാശവാദം. ധനമന്ത്രിയുടെ ഈ അവകാശവാദവും ഇന്ത്യയിലെ വ്യവസായ പ്രമുഖരിലൊരാളായ രാഹുൽ പ്രധാനമന്ത്രി മോഡിയുടെ സാന്നിധ്യത്തിൽ ബജാജിന്റെ അഭിപ്രായ പ്രകടനവും ചേർത്തു കാണുന്നത് നന്നായിരിക്കും.

സമ്പദ് വ്യവസ്ഥയുടെ ഇന്നത്തെ ദയനീയാവസ്ഥ സംബന്ധമായും എൻആർസിയുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾ സംബന്ധമായും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത്ഷായും ധനമന്ത്രി നിർമ്മല സീതാരാമനും ആവർത്തിച്ച പച്ചക്കള്ളങ്ങളാണ് പ്രചരിപ്പിച്ചുവരുന്നത്. ഈ അടവ് ഏറെക്കാലം വിലപ്പോവില്ലെന്നതിന് ഏറ്റവും ഒടുവിലത്തെ അനുഭവമാണ് ഝാർഖണ്ഡിലെ ബിജെപിയുടെ ദയനീയമായ പരാജയം.

ഗീബൽസിയൻ തന്ത്രം ഇന്ത്യയിലെ ജനങ്ങൾ ക്രമേണ തള്ളിക്കളഞ്ഞുവരുന്നതായിട്ടാണ് നമുക്കിതിൽ നിന്നെല്ലാം എത്തിച്ചേരാൻ കഴിയുന്ന നിഗമനം. ഇത് ഈ ഘട്ടത്തിൽ ഓർമ്മവരുന്നത് പുരാതന റോമിലെ പ്രമുഖ ദാർശനികനും രാഷ്ട്രതന്ത്രജ്ഞനും ഭരണഘടനാ വിദഗ്ധനും അഭിഭാഷകനുമായ സിസറോവിന്റെ ദർശനമാണ്. എന്താണിതെന്നോ? ‘കളവു പറയുന്നവനെ പരിഗണിക്കരുത്, അയാൾ എത്ര സത്യം പറഞ്ഞാലും. ’ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സംബന്ധിച്ചിടത്തോളം, വിരളമായി മാത്രമേ പറയുക പതിവുള്ളു. ഡിമോണറ്റെെസേഷന്റെതായാലും ജിഎസ്‌ടിയുടേതായാലും വിദേശ ബാങ്കുകളിലെ കള്ളപ്പണത്തിന്റേതായാലും തൊഴിലവസര സൃഷ്ടിയുടേതായാലും ഇതാണ് നമ്മുടെ ഇതപര്യന്തമുള്ള അനുഭവം.

ഇപ്പോളിതാ മോഡിയുടെ ഒപ്പം ചേർന്ന് എൻആർസിയെപ്പറ്റി അമിത്ഷായും പറയുന്നത് ശുദ്ധമായ ‘നുണയാണ്, നുണയാണ്, നുണയാണ്. ’ തടങ്കൽ പാളയം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സഹിതം അസമിൽ നിന്നും കർണാടകത്തിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങൾ തെളിയിക്കുന്നതും മറ്റൊന്നല്ല. ചുരുക്കത്തിൽ, ഇന്ത്യയുടെ സാമ്പത്തിക മേഖലയുടെ യഥാർത്ഥ ചിത്രം മറയ്ക്കുന്നതിന് പരസ്യമായും രഹസ്യമായും കുത്സിത ശ്രമങ്ങളാണ് നടന്നുവരുന്നത്. എന്നതിൽ തർക്കമില്ല. എത്രനാൾ ഇവയിലൂടെ ജനങ്ങളെ കബളിപ്പിക്കാൻ കഴിയുമെന്നതാണ് യഥാർത്ഥ പ്രശ്നം. കാത്തിരുന്നു കാണുക തന്നെ.

(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.