Monday
24 Jun 2019

മുടിഞ്ഞു കള്ളി പൊന്തുംകാലം

By: Web Desk | Saturday 9 June 2018 10:24 PM IST


ECONOMY SLOW DOWN

c radhakrishnan

മ്മുടെ നാട് മുടിഞ്ഞു കള്ളി പൊന്തുന്ന കാലമോ ഇത്? അതേ എന്നാണ് ഏത് കണ്ണുപൊട്ടനും കാണാവുന്ന മറുപടി. തറവാടു മുടിയുന്നത് എപ്പോഴാണ്, എങ്ങനെയാണ് എന്ന് അനുഭവസ്ഥരായ നമുക്ക് നിശ്ചയമുണ്ടല്ലൊ. വരവിലേറെ ചെലവാകുമ്പോള്‍, അന്തഃഛിദ്രം മൂക്കുമ്പോള്‍, ഉള്ളവരുമാനമത്രയും വിരലിലെണ്ണാവുന്നവരുടെ കൈയിലെത്തുകയും മഹാഭൂരിപക്ഷവും ഒന്നുമില്ലാത്തവരായി മാറുകയും ചെയ്യുമ്പോള്‍ സംബന്ധക്കാര്‍ കൈകാര്യകര്‍ത്താക്കളായി പരിണമിക്കുമ്പോള്‍ വലിയമ്മാവന്‍ ഏതോ അമ്മായിയുടെ ചൊല്‍പ്പടിക്കാരനാവുമ്പോള്‍, അടുക്കളയില്‍ പറ്റും പാര്‍ശ്വവും നോക്കി വിളങ്ങുമ്പോള്‍….
ഇതെല്ലാം നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നടക്കുന്നു എന്നാണ് കാഴ്ചക്കാര്‍ പറയുന്നത്.
സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറം നടക്കാന്‍പോകുന്നു. അതിനു മുന്നോടിയായി ഒരു പഠനറിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഓക്‌സ്ഫാം എന്ന അന്താരാഷ്ട്ര ഏജന്‍സിയുടെ വകയാണ് പഠനവും റിപ്പോര്‍ട്ടും. അവര്‍ക്ക് ഇവിടെ ആരോടും ഇഷ്ടമോ അനിഷ്ടമോ ഇല്ല. എന്നുവച്ചാല്‍ ‘സത്യമേ പറയൂ, ദൈവം സാക്ഷി!’ ലോകത്ത് 370 കോടി ജനങ്ങള്‍ക്കുള്ളത്രയും മൊത്തമായ ‘സ്വത്ത്’ വെറും 42 പേര്‍ക്കുണ്ട്! ലോകത്ത് കഴിഞ്ഞ വര്‍ഷം ഉല്‍പ്പാദിപ്പിച്ച സമ്പത്തിന്റെ 82 ശതമാനവും കേവലം 1 ശതമാനം ആളുകളാണ് കൊയ്തത്. ലോകജനസംഖ്യയില്‍ 50 ശതമാനം പേര്‍ക്കും കഴിഞ്ഞ വര്‍ഷം സാമ്പത്തികവളര്‍ച്ച ഉണ്ടായില്ല.
ഇത് ലോകസ്ഥിതി. അതവിടെ നില്‍ക്കട്ടെ. ഈ ശരാശരിയേക്കാള്‍ കഷ്ടമാണ് നമ്മുടെ രാജ്യത്തെ സ്ഥിതി. ഇവിടെ ഏറ്റവും വലിയ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരിലൊരാള്‍ ഒരു വര്‍ഷം സമ്പാദിക്കുന്ന പണം ഏറ്റവും താഴ്ന്ന വരുമാനക്കാരന് കിട്ടണമെങ്കില്‍ അയാള്‍ ചുരുങ്ങിയത് 941 വര്‍ഷം പണിയെടുക്കണം. 20 ശതമാനത്തിലധികം പേര്‍ ജീവിക്കുന്നത് പ്രതിദിനം 136 രൂപയില്‍ താഴെ വരുമാനത്തിലാണ്. സ്ത്രീകള്‍ പ്രത്യേകം വിവേചനം നേരിടുന്നു. കൃഷിക്കാര്‍ കൂടുതല്‍ ദരിദ്രരാവുന്നു. ചെറുകിട കച്ചവടക്കാര്‍ മുടിഞ്ഞുപോയി. മറ്റു തൊഴിലവസരങ്ങളും ഓട്ടോമേഷന്‍ കാരണം അന്യം നിന്നുപോവുന്നു.
സാമ്പത്തിക അസമത്വം ഏറ്റവും കൂടുതല്‍ ഇന്ത്യയിലും ചൈനയിലുമാണ്. രണ്ട് രാജ്യങ്ങളും അതിവേഗം വളരുകയാണെന്നും പറയപ്പെടുന്നു. ലോക വളര്‍ച്ചാസൂചികയില്‍ ഇന്ത്യ പാകിസ്ഥാന്റെയും പിന്നിലാണ്. വിദേശവ്യാപാരക്കമ്മി വര്‍ധിച്ചുവരുന്നു. ഉറുപ്പികയുടെ മൂല്യം അടിക്കടി ഇടിയുന്നു. അങ്ങനെ ഇടിയുമ്പോള്‍ സ്വാഭാവികമായി ഇറക്കുമതി കുറയുകയും കയറ്റുമതി കൂടുകയും വിദേശവ്യാപാരം മിച്ചമൂല്യത്തിലേക്ക് പോകുകയുമാണ് വേണ്ടത്. ഇവിടെ സംഭവിക്കുന്നത് നേരെ മറിച്ചാണ്.
പ്രതിശീര്‍ഷവരുമാനത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിരോധ സാമഗ്രികള്‍ വാങ്ങാന്‍ ചെലവിടുന്ന നാടും നമ്മുടേതുതന്നെ. ചന്ദ്രനിലേക്ക് പോകാന്‍ പുറപ്പെടുന്ന നാം സൈനികാവശ്യങ്ങള്‍ക്കുള്ള ചെറിയ റോക്കറ്റുകള്‍ പോലും വലിയ വിലയ്ക്കുവാങ്ങുന്നു. അവശ്യമരുന്നുകളും രോഗനിര്‍ണയ നിരീക്ഷണോപാധികളും ഉല്‍പ്പാദിപ്പിക്കുന്നില്ല. പെന്‍ലേസറുകള്‍പോലും പുറത്തുനിന്ന് വാങ്ങണം. ഐ ടി മേഖലയില്‍ ഉല്‍പ്പാദനം അടിസ്ഥാനസ്വഭാവമുള്ളതല്ല. അതിനുള്ള പേറ്റന്റുകള്‍ നമുക്കില്ലതാനും.
ലോക വിപണി സ്വതന്ത്രമാണെന്നാണ് വെപ്പ്. സത്യത്തില്‍ അല്‍പം ചിന്തമിടുക്കുള്ളവര്‍ അരങ്ങുവാഴുന്നു. അവര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മോഹവിലക്ക് വില്‍ക്കുന്നു. ഇരുമ്പയിര് ഇച്ഛവിലക്ക് വിറ്റ നാം മൊട്ടുസൂചി എംആര്‍പി നല്‍കി വാങ്ങുന്നു.
ഫോണിന്റെയും ടെലിവിഷന്‍ ചാനലിന്റെയും റോയല്‍റ്റിയായി വന്‍ തുകയാണ് ഓരോ ഇന്ത്യക്കാരനും ഒടുക്കുന്നത്. നേരുപറഞ്ഞാല്‍ ഇത് രണ്ടിനും ആദ്യത്തെ ചെലവ് കഴിഞ്ഞാല്‍ (ഇന്‍ഫ്രാസ്ട്രക്ചറല്‍) പിന്നെ തുച്ഛം കാശുമതി നടത്തിക്കൊണ്ടുപോകാന്‍. ടവറുകളും കമ്പ്യൂട്ടറുകളും കഴിഞ്ഞാല്‍ പിന്നെ മൊബൈല്‍ കമ്പനികള്‍ക്ക് പരസ്യത്തിനും കാശുവാങ്ങാനും മാത്രം പണം ചെലവാക്കിയാല്‍ മതി.
പൊതുസേവനരംഗത്തെ ഓരോന്നായി സര്‍ക്കാര്‍ സ്വകാര്യക്കാര്‍ക്ക് തീറെഴുതുന്നു. ലക്ഷം കോടികള്‍ മൊബൈല്‍ കമ്പനികള്‍ക്ക്. പിന്നെ കുറെ ലക്ഷം കോടികള്‍ ഇന്റര്‍നെറ്റ് കളികള്‍ക്ക്, മൂന്നാമതു കുറെ ലക്ഷം കോടികള്‍ ടി വി ചാനലുകള്‍ക്ക്- ഫുട്‌ബോള്‍ ഒരുവട്ടം കളിക്കുമ്പോള്‍ ഓരോ ടി വി കമ്പനിയും ഉണ്ടാക്കുന്നതെത്ര ‘ഗോള്‍’ എന്ന് അവരാരും പുറത്തുപറയാറില്ല.
കൊച്ചു കേരളം പോലും മൊത്തം കടംകേറി മുടിയാനിരിക്കുന്നു! ഇന്ന് പിറന്നുവീണ കുഞ്ഞുള്‍പ്പെടെ ഓരോ കേരളീയന്റെയും തലയില്‍ അരലക്ഷം ഉറുപ്പിക കടമുണ്ട്! ഇതൊക്കെ ആര് വാങ്ങി, എന്തിനുപയോഗിച്ചു എന്നു ചോദിക്കരുത്. ആര് കൊടുത്തു തീര്‍ക്കാനെന്നും എങ്ങനെയെന്നും അന്വേഷിക്കരുത്. ഉത്തരമില്ല ആര്‍ക്കും. അതിനാല്‍ നമുക്ക് കുറച്ചുകൂടി കടംവാങ്ങി ഒന്നുരണ്ട് കെട്ടുകല്യാണം കൂടി നടത്തി രസിക്കാം.