Wednesday
20 Feb 2019

ഇന്ത്യയുടേത് സീറ്റ് ബെല്‍റ്റില്ലാത്ത സമ്പദ്ഘടന

By: Web Desk | Tuesday 4 December 2018 10:30 PM IST

പ്രഫ. കെ അരവിന്ദാക്ഷന്‍

പ്രഫ. കെ അരവിന്ദാക്ഷന്‍

മോഡി സര്‍ക്കാരും, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും 2018 ഒക്‌ടോബര്‍ അവസാനവാരം വരെ അവകാശപ്പെട്ടിരുന്നതെന്തായിരുന്നെന്നോ? നടപ്പുധനകാര്യവര്‍ഷത്തേക്കുള്ള ബജറ്റില്‍ വിഭാവനം ചെയ്തിരുന്ന 3.3 ശതമാനം ധനക്കമ്മി എന്ന ലക്ഷ്യം നേടിയെടുക്കുമെന്നായിരുന്നു. സ്വാഭാവികമായും വെറും പ്രതീക്ഷകള്‍ക്കും അവകാശവാദങ്ങള്‍ക്കും അപ്പുറം യാഥാര്‍ത്ഥ്യത്തിലേക്കെത്തിച്ചേരേണ്ട അവസരമാണിപ്പോള്‍ സമാഗതമായിരിക്കുന്നത്. അതായത്, 2019-20 ധനകാര്യവര്‍ഷത്തെ ഇടക്കാല ബജറ്റ് തയാറാക്കുന്നതിനുള്ള പ്രാരംഭ ജോലികള്‍ക്ക് തുടക്കം കുറിക്കേണ്ട അവസരമാണിത്. ഇതിന്റെ ഭാഗമെന്ന നിലയിലാണ് ധനക്കമ്മി ലക്ഷ്യത്തിലെത്തിക്കാന്‍ ആവശ്യമായ നടപടികളെപ്പറ്റി ഗൗരവമായ ചിന്തകളില്‍ ധനമന്ത്രാലയത്തിലെ വിദഗ്ധന്മാര്‍ തുടക്കം കുറിച്ചിരിക്കുന്നതും.

കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷകളോടെയും, ആവേശത്തോടെയും തുടക്കമിട്ടൊരു നികുതി പരിഷ്‌കാര ക്രിയ ആയിരുന്നല്ലോ, അര്‍ദ്ധരാത്രിയില്‍ പ്രത്യേക പാര്‍ലമെന്റ് യോഗം വിളിച്ചു ചേര്‍ത്ത് വിപ്ലവകരമായൊരു നികുതി പരിഷ്‌കാരമായ ചരക്കുസേവന നികുതി (ജി എസ് ടി) പ്രഖ്യാപനം കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ പരോക്ഷ നികുതി വരുമാനം മാത്രമല്ലാ, സംസ്ഥാന സര്‍ക്കാരുകളുടേയും, പ്രാദേശിക ഭരണകൂടങ്ങളുടേയും നികുതി വരുമാനം ഇതുവഴി മെച്ചപ്പെടുത്താമെന്നും കണക്കാക്കപ്പെട്ടിരുന്നു. പുതിയ നികുതി പരിഷ്‌കാരത്തെ പൂര്‍ണമനസോടെ പിന്‍തുണയ്ക്കുന്ന സംസ്ഥാന സര്‍ക്കാരുകളേയും, അര്‍ദ്ധമനസ്സോടെ പിന്‍തുണക്കുന്ന സംസ്ഥാന സര്‍ക്കാരുകളേയും, രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി മാത്രം പിന്‍തുണക്കുന്ന മൂന്നാമതൊരുവിഭാഗം സംസ്ഥാന സര്‍ക്കാരുകളേയും ഒരു കുടക്കീഴില്‍ അണിനിരത്തുകയെന്ന ഭഗീരഥ പ്രയത്‌നത്തിലാണ് മോഡിയും, ജെയ്റ്റ്‌ലിയും കഴിഞ്ഞ രണ്ടിലേറെ വര്‍ഷക്കാലയളവില്‍ ഏര്‍പ്പെട്ടിരുന്നത്. വിവിധ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു ജി എസ് ടി കൗണ്‍സിലും നിലവിലുണ്ട്. ഈ കൗണ്‍സില്‍ നിരവധി തവണ യോഗം ചേര്‍ന്നാണ് ഭിന്നാഭിപ്രായങ്ങള്‍ പരിഹരിക്കുകയും, ഏറെക്കുറെ യോജിച്ചൊരു ധാരണയിലെത്തുകയും ചെയ്തുവന്നിട്ടുള്ളത്. ഭിന്നതകള്‍ ഇനിയും അവശേഷിക്കുന്നുണ്ട്.

ഏതായാലും, ഏറ്റവുമൊടുവില്‍ കിട്ടുന്ന വിവരം കേന്ദ്രസര്‍ക്കാരിന് ആശ്വാസം പകരുന്ന ഒന്നാണ്. 2018 ഒക്‌ടോബറിലെ ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി രൂപയിലേറെ, അതായത് ഒരുലക്ഷത്തി ഏഴായിരത്തി പത്തുകോടിരൂപയായി ഉയര്‍ന്നിരിക്കുന്നു. ഈ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നതിലധികമാണ്. കാരണം, നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ സെപ്തംബറില്‍ നാമമാത്രമായ വര്‍ദ്ധന മാത്രമേ ഉണ്ടായിരുന്നുള്ളു. റവന്യു വരുമാന വര്‍ദ്ധനവില്‍ പ്രകടമാകുന്ന ഈ അനുകൂല പ്രവണത ധനകാര്യ വര്‍ഷത്തില്‍ ശേഷിക്കുന്ന കാലയളവിലും തുടരുമെങ്കില്‍, പുതിയ നികുതി വ്യവസ്ഥ സമ്പദ്‌വ്യവസ്ഥയ്ക്ക് സ്ഥായിയായ ഗുണം ചെയ്യുമെന്ന് നമുക്കു ന്യായമായും പ്രതീക്ഷിക്കാം. പോരെങ്കില്‍, പല ആഘോഷങ്ങളും വരാനിരിക്കുകയാണല്ലോ. കേന്ദ്രത്തിന്റെ ജി എസ് ടി വരുമാനത്തില്‍, 2017-18 ഏപ്രിലിനു ശേഷം ഏറ്റവും ഉയര്‍ന്ന നിലവാരമാണ് ഒക്‌ടോബറിലേത്. അതായത്, ശരാശരി വരുമാനം 89,885 കോടി രൂപയുമാണ്. ഈ വര്‍ദ്ധനവിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് കേരള സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് അടക്കമുള്ള ഏതാനും ധനമന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരിനും, ധനമന്ത്രാലയത്തിനും മേല്‍ ചെലുത്തിയ ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാണ്.

വെള്ളപ്പൊക്ക കെടുതിക്കു പുറമെ, സംസ്ഥാനത്തിന് സഹായ വാഗ്ദാനവുമായി വരുന്ന നിരവധി രാജ്യങ്ങളേയും, ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങിയ സാര്‍വദേശീയ ധനസഹായ ഏജന്‍സികളെയുംപോലും ഇതില്‍ നിന്നും പിന്‍തിരിപ്പിക്കുകയും, വാഗ്ദാനം ചെയ്ത കേന്ദ്ര സഹായം പോലും കൃത്യമായി നല്‍കാതിരിക്കുന്ന സങ്കീര്‍ണ സാഹചര്യത്തില്‍, ജി എസ് ടി വരുമാനത്തിന്റെ ഓഹരി വിഹിതത്തില്‍
3000 ല്‍പരം കോടിരൂപ അധികവരുമാനം ലഭ്യമാക്കാന്‍ സാദ്ധ്യത തെളിയുന്നത് ആശ്വാസകരമാണ്. വെള്ളപ്പൊക്ക കെടുതിയില്‍ നിന്നും പൂര്‍ണമായി കരകയറാന്‍ 30,000 കോടി രൂപയിലേറെ ആവശ്യമായി വരുമെന്ന് ലോകബാങ്ക് പഠനസംഘം തന്നെ കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള സ്ഥിതിയില്‍, ഈ തുക അത്രയ്ക്ക് വലുതാണെന്നു കരുതുന്നതിലും അര്‍ത്ഥമില്ല
മോഡി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായി അനുഭവപ്പെടാവുന്നൊരു സാഹചര്യമായി ജിഎസ്ടി വരുമാന വര്‍ദ്ധന മാറുന്നത് 2019 ല്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യയിലെ സമ്മതിദായകരെ സര്‍ക്കാരിനനുകൂലമായി അണിനിരത്തുക എന്ന വെല്ലുവിളി ലഘൂകരിക്കാന്‍ ഇതിലൂടെ കഴിയുന്നു എന്നതാണ്. ബജറ്റില്‍ വിഭാവനം ചെയ്ത 3.3 ശതമാനം ധനക്കമ്മിയുടെ 95.3 ശതമാനവും ധനകാര്യവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ തന്നെ എത്തിക്കഴിഞ്ഞിരുന്നു. പ്രത്യക്ഷ നികുതി വര്‍ദ്ധനവിന്റെയും പ്രവണത ശുഭകരമാണ്. പിന്നിട്ട ഏതാനും വര്‍ഷക്കാലത്തിനിടയ്ക്ക് പ്രത്യക്ഷ നികുതി വരുമാനം 2017-18 ല്‍ 10 ലക്ഷം കോടിയിലെത്തിയിരിക്കുന്നു. ഇതിലൂടെ ധനക്കമ്മിയുടെ ഗുരുതരാവസ്ഥയ്ക്ക് നേരിയൊരു ആശ്വാസമുണ്ടാകും. എന്നിരുന്നാല്‍ തന്നെയും, ധനകാര്യ വര്‍ഷാവസാനത്തില്‍ ധനക്കമ്മി ജി ഡി പി യുടെ 3.5 ശതമാനത്തിലെത്തുമെന്നാണ് കോട്ടക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് എന്ന ഏജന്‍സി കണക്കാക്കിയിരിക്കുന്നത്. അതേസമയം ”യെസ്” ബാങ്കിന്റെ ധനശാസ്ത്രജ്ഞന്മാര്‍ ധനക്കമ്മി 3.7 ശതമാനം വരെയാകാമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒട്ടുംതന്നെ ശുഭാപ്തി വിശ്വാസം പ്രകടമാക്കാത്ത ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് പരോക്ഷ നികുതി വരുമാന വര്‍ദ്ധന പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന വസ്തുതയാണ്. പ്രത്യക്ഷ വരുമാന വര്‍ദ്ധനവിലൂടെ ലഭ്യമാകുന്ന ആനുകൂല്യം തന്മൂലം നമുക്ക് നഷ്ടപ്പെടാനിടയാവുകയുമാണ്. നടപ്പു ധനകാര്യവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ പരോക്ഷ നികുതി വര്‍ദ്ധന വെറും 1.8 ശതമാനത്തിലൊതുങ്ങിപ്പോയി എന്നാണ് കംപ്‌ട്രോളര്‍ ഓഫ് ജനറല്‍ അക്കൗണ്ട്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നോര്‍ക്കുക. മാത്രമല്ല, 2018 സെപ്തംബര്‍ അവസാനമായപ്പോഴും ബജറ്റില്‍ ലക്ഷ്യമിട്ട മൊത്തം നികുതി വരുമാനത്തിന്റെ 39.4 ശതമാനമാണ് ഖജനാവിലെത്തിയത്. സാധാരണ നിലയില്‍, ഉത്സവാഘോഷ വേളകളില്‍ വിപണികളില്‍ അഭൂതപൂര്‍വമായ ഉണര്‍വുണ്ടാകാറുണ്ട്. എന്നാല്‍, ഡിമോണറ്റൈസേഷനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വങ്ങള്‍ ഗ്രാമീണ, അനൗപചാരിക മേഖലകളെ മാത്രമല്ലാ, സംഘടിത മേഖലയെതന്നെ നിസ്സഹായാവസ്ഥയിലാക്കിയിരുന്നു. ഈ യാഥാര്‍ത്ഥ്യം കണക്കിലെടുത്തായിരിക്കണം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുന്‍കയ്യെടുത്ത് ഇടത്തരം-ചെറുകിട സംരംഭകര്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഉദാരമായ വ്യവസ്ഥകളോടെ, പരമാവധി വേഗത്തില്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ വായ്പ നല്‍കാന്‍ നടപടികളുണ്ടാകുമെന്ന് പ്രഖ്യാപനം നടത്തിയത്. ഇതെത്രമാത്രം പ്രയോഗത്തില്‍ വരുമെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. പൊടുന്നനെ ഉണ്ടായ ഈ ബോധോദയം വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ കണ്ണുവച്ചുകൊണ്ടുള്ളതു തന്നെയായിരിക്കും.

ഓട്ടോമൊബൈല്‍ വാഹനങ്ങളുടെ വില്‍പന മരവിപ്പിലാണെന്നതു കൂടാതെ കാതല്‍ മേഖലാ വളര്‍ച്ചയും 2018 സെപ്തംബര്‍ മാസത്തില്‍ അവസാനിക്കുന്ന ധനകാര്യ വര്‍ഷത്തിലെ നാലുമാസ കാലയളവില്‍ ഏറ്റവും താണ നിരക്കാണ് രേഖപ്പെടുത്തിയതെന്നോര്‍ക്കുക. വളര്‍ച്ചയുമായി ബന്ധപ്പെട്ട ഈ സൂചികകള്‍ സ്വാഭാവികമായും ജി ഡി പി വളര്‍ച്ചാ നിരക്കിനെ പിന്നോട്ടടിക്കുമെന്നതിനു പുറമെ, കോര്‍പ്പറേറ്റ് ലാഭത്തോതിനേയും, കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള നികുതി വരുമാനത്തേയും പ്രതികൂലമായി ബാധിക്കാതിരിക്കില്ലല്ലോ. പരോക്ഷ നികുതി വര്‍ദ്ധനവിലൂടെ മാത്രം ഈ പ്രതിസന്ധിക്കു പരിഹാരമാവില്ല.

ഇന്ത്യയുടെ കയറ്റുമതി മേഖലയും കടുത്ത പ്രതിസന്ധിയിലാണ്. ജിഎസ്ടി റീഫണ്ട് പ്രക്രിയ കാര്യക്ഷമമായി നടക്കാത്തതിനെ തുടര്‍ന്ന് കയറ്റുമതി വ്യാപാരികള്‍ മറ്റു ധനകാര്യ സ്രോതസ്സുകള്‍ തേടി അലയുകയാണ്. ആയിരക്കണക്കിന് കോടി രൂപയാണ് ഈ ഇനത്തില്‍ കുടിശ്ശികയായി അവശേഷിക്കുന്നത്. പ്രതീക്ഷകള്‍ കൊള്ളാം. എന്നാല്‍, ഫലപ്രാപ്തിയാണ് കൂടുതല്‍ പ്രധാനം. ജി എസ് ടി യുടെ കാര്യത്തില്‍ സ്ഥിരമായ അടിസ്ഥാനത്തില്‍ ഫലപ്രാപ്തി ഇല്ലെന്നതാണ് പ്രശ്‌നം. നടപ്പുധനകാര്യവര്‍ഷത്തില്‍ തന്നെ ഏപ്രില്‍ മാസത്തില്‍ റെക്കോര്‍ഡ് നിലവാരത്തിലുള്ള നികുതി വരുമാനമാണുണ്ടായതെങ്കിലും, പ്രസ്തുത ധനകാര്യവര്‍ഷത്തിലെ ആദ്യത്തെ ആറുമാസക്കാലയളവില്‍ 22,000 കോടിരൂപയോളം ഇടിവാണ് രേഖപ്പെടുത്തിയതെന്നത് പ്രസക്തമാണ്. ഇതിനുള്ള ഫലപ്രദമായ പ്രതിരോധം ജി എസ് ടി യെ കൂടുതല്‍ നികുതി ദായക സൗഹൃദമാക്കുക എന്നതാണ്. ഈ നടപടി പൊടുന്നനെ പ്രയോഗത്തിലാക്കുക എളുപ്പമായിരിക്കില്ല. അതുകൊണ്ടുതന്നെ ധനക്കമ്മി ലക്ഷ്യം തെറ്റാതിരിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ അനിവാര്യമാകും. 2019-20 ധനകാര്യവര്‍ഷത്തേക്കുള്ള ഇടക്കാല ബജറ്റ് തയ്യാറാക്കുമ്പോള്‍ മുതല്‍തന്നെ ഇതിനുള്ള തുടക്കം കുറിക്കേണ്ടിവരും. കേന്ദ്രസര്‍ക്കാരിനു മുമ്പില്‍ പരിമിതമായ ബദല്‍ മാര്‍ഗ്ഗങ്ങള്‍ മാത്രമാണുള്ളത്. ഇതിലൊന്ന് പഴയതു തന്നെയാണ്. വിവിധ മന്ത്രാലയങ്ങള്‍ക്കുള്ള സബ്‌സിഡി ബാദ്ധ്യതകള്‍ അടുത്ത ധനകാര്യ വര്‍ഷത്തിലെ ആദ്യപാദത്തില്‍ കൊടുത്തു തീര്‍ക്കുന്നതിനായി മാറ്റിവയ്ക്കുകയില്ലെന്നതാണ്. അല്ലെങ്കില്‍, ഈ ഇനത്തില്‍ വിവിധ മന്ത്രാലയങ്ങള്‍ ചെലവിടാതെ അവശേഷിപ്പിച്ചിരിക്കുന്ന വിഹിതങ്ങള്‍ തിരികെ എടുക്കുക. ഇതുവരെയുള്ള വിവരങ്ങള്‍ വച്ചു നോക്കുമ്പോള്‍ നമുക്കെത്തിച്ചേരാനാകുന്ന നിഗമനമെന്താണെന്നോ? കേന്ദ്ര സര്‍ക്കാര്‍ അവലംബിക്കാനിരിക്കുന്ന മാര്‍ഗം ഒന്നു മാത്രമാണ്. സംസ്ഥാനങ്ങളുടെ അര്‍ഹമായ വിഹിതത്തില്‍ ഒരുഭാഗം 2019 മാര്‍ച്ച് 31 വരെ പിടിച്ചു വയ്ക്കുകയും അത് 2019-20 ല്‍ തുടങ്ങുന്ന അടുത്ത ധനകാര്യവര്‍ഷത്തില്‍ വിതരണം നടത്തുകയും ചെയ്യുക എന്നതാണിത്. ഈ സൂത്രവിദ്യയിലൂടെ ധനമന്ത്രാലയം ലക്ഷ്യമിടുന്നത് ജനങ്ങള്‍ക്കുമുന്നില്‍ നിന്ന് യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവയ്ക്കുക എന്നതാണ്. അങ്ങനെ 6.24 മില്യന്‍ രൂപ അഥവാ ജിഡിപി യുടെ 3.3 ശതമാനം എന്ന ധനക്കമ്മി ലക്ഷ്യം നേടിയെന്ന് കടലാസ്സ് വഴിയെങ്കിലും വ്യക്തമാക്കുക. ഇത്തരമൊരു നടപടിക്കാവശ്യമായ നിയമപരമായ സാധുത ഇതിനകം തന്നെ നരേന്ദ്രമോഡി സര്‍ക്കാര്‍ നേടിയെടുത്തിരിക്കുന്നു എന്നുകൂടി നാം മനസ്സിലാക്കണം. ജിഎസ്ടി നിയമത്തിന്റെ അസല്‍ രേഖയില്‍ ഭേദഗതി വരുത്തിയതിലൂടെയാണ് ഈ ലക്ഷ്യം സൂത്രത്തില്‍ നേടിയിട്ടുള്ളത്. സംസ്ഥാനങ്ങള്‍ക്കായുള്ള നഷ്ട പരിഹാര നിയമ ഭേദഗതി വരുത്തിയതിലൂടെയാണിത് മോഡി സര്‍ക്കാര്‍ നിര്‍വഹിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള സ്വയംഭരണാവകാശവും, നികുതി വിഹിത വിനിയോഗവും കേന്ദ്ര സര്‍ക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് കൈകാര്യം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യവും, അവസരങ്ങളും കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥം.

(അവസാനിക്കുന്നില്ല)