Wednesday
20 Feb 2019

പതനത്തിന്‍റെ ഗതിവേഗം വര്‍ധിച്ചു

By: Web Desk | Wednesday 5 December 2018 10:52 PM IST

പ്രഫ. കെ അരവിന്ദാക്ഷന്‍

ജിഎസ് ടി പരിഷ്‌കാരം, ഡിമോണറ്റൈസേഷനെ പിന്‍തുടര്‍ന്ന് പ്രാവര്‍ത്തികമാക്കിയതിന്റെ ഏറ്റവും ശക്തമായ ആഘാതം ഏല്‍ക്കേണ്ടിവന്നത് സൂക്ഷ്മതല, ചെറുകിട, ഇടത്തരം സംരംഭങ്ങളെയാണെന്ന യാഥാര്‍ത്ഥ്യം അല്പം വൈകിയാണെങ്കിലും, പ്രധാനമന്ത്രി മോഡി തിരിച്ചറിഞ്ഞു എന്ന വസ്തുത നാം നേരത്തെ പരാമര്‍ശിക്കുകയുണ്ടായല്ലോ. എന്നാല്‍, ഈ മേഖല ഈ പ്രഖ്യാപനത്തില്‍ അത്രയേറെയൊന്നും സന്തുഷ്ടരല്ല. കേന്ദ്രസര്‍ക്കാരിന്റെയും, ബാങ്കിങ്ങ് മേഖലയുടേയും കൂട്ടായ പ്രയത്‌നങ്ങളിലൂടെ മാത്രമേ എംഎസ്എം ഈ സംരംഭങ്ങള്‍ക്ക് നോട്ട് അസാധുവാക്കല്‍-ജി എസ് ടി പരിഷ്‌കാരങ്ങള്‍ ഒന്നിനു പുറമെ മറ്റൊന്ന് എന്ന നിലയില്‍ വരുത്തിവെച്ച ദുരന്തത്തില്‍ നിന്നും കരകയറാന്‍ സാദ്ധ്യമാകൂ എന്നാണ് വിദഗ്ധാഭിപ്രായം. കോര്‍പറേറ്റ് മേഖല കഴിഞ്ഞാല്‍, സമ്പദ്‌വ്യവസ്ഥയുടെ ജി ഡി പി യില്‍ ഏറ്റവുമധികം സംഭാവന ചെയ്യുന്നത് – അതായത് 32 ശതമാനം-ഈ മേഖലയാണ്: കൂടാതെ, 11 കോടി തൊഴിലവസരങ്ങള്‍ ഒരുക്കുന്നതും ഈ മേഖല തന്നെയാണ്. പിന്നിട്ട രണ്ടുവര്‍ഷക്കാലത്തിനിടയില്‍ മോഡി സര്‍ക്കാരിന്റെ പരിഷ്‌കരണ ഭ്രാന്തില്‍ കുരുങ്ങിപ്പോയ അനൗപചാരിക എംഎസ്എം ഈ മേഖലകള്‍ പിടിച്ചു നില്‍ക്കാന്‍ തന്നെ കഴിയാത്തവിധം പ്രതിസന്ധി നേരിട്ടുവരുകയാണ്. ജിഎസ്ടി യുടെ വരവോടെ ഇന്ത്യയുടെ മൊത്തം ബിസിനസിന്റെ അഞ്ചിലൊന്ന് വരുന്ന ചെറുകിട സംരംഭക ബിസിനസ് മേഖലയ്ക്ക് 20 ശതമാനത്തോളം ലാഭ തകര്‍ച്ചയാണ് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നത്. ഈ മേഖലയുടെ മൊത്തം ബിസിനസ് വരുമാനം 6.3 കോടി രൂപയോളമാണ് ഉള്ളതെന്ന് നാം തിരിച്ചറിയണം. മാത്രമല്ലാ, വരുമാന റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതില്‍ നിസ്സാരമായ പിഴവുകള്‍ വന്നാല്‍പോലും ഈ മേഖലയിലെ സംരംഭകരെ ഇതിന്റെ പേരില്‍ ബ്യൂറോക്രാറ്റുകള്‍ അങ്ങേയറ്റം പീഡിപ്പിക്കുകയും ചെയ്തുവരുന്നതായി പരാതിയുണ്ട്. ഇത്തരം കണ്ടെത്തലുകള്‍ പുറത്തു വന്നിരിക്കുന്നത് സി പി ഐ യുടെ ട്രേഡ് യൂണിയന്‍ സംഘടനയായ എഐടിയുസി യുടെ സര്‍വെ വഴിയുമാണ്. 2018 ജൂലൈ മാസത്തിലാണ് സര്‍വെ റിപ്പോര്‍ട്ട് പ്രസിദ്ധീകൃതമായതും.

ഇത്തരമൊരു പശ്ചാത്തലത്തില്‍, മോഡിയുടെ നിര്‍ദ്ദേശം ഒറ്റനോട്ടത്തില്‍ സ്വാഗതാര്‍ഹമെന്ന് തോന്നാമെങ്കിലും. കിട്ടാക്കടം പെരുകിയതിനെ തുടര്‍ന്ന് വായ്പാ മൂലധന ദൗര്‍ലഭ്യം കടുത്ത പ്രതിസന്ധിയിലായിരിക്കുന്ന ബാങ്കുകള്‍ക്ക് എംഎസ്എം ഈ മേഖലയില്‍ ഉള്‍പ്പെടുന്ന കയറ്റുമതി പ്രധാന സംരംഭങ്ങളായ ടെക്‌സ്റ്റൈല്‍സ്, രത്‌നം-സ്വര്‍ണാഭരണ നിര്‍മാണം തുടങ്ങിയവയ്ക്ക് പോലും പരിമിതമായ തോതില്‍ വായ്പകള്‍ മാത്രമേ അനുവദിക്കാന്‍ സാദ്ധ്യമാകൂ. ഇതോടൊപ്പം ഇടത്തരം, ചെറുകിട സംരംഭങ്ങള്‍ക്കും വായ്പാ ദൈര്‍ഘ്യം നേരിടേണ്ടതായി വന്നേക്കാം. ഇതിനെല്ലാം പുറമെ, ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ്ങ് ആന്‍ഡ് ഫൈനാന്‍സ് സര്‍വീസസ് (ഐഎല്‍ ആന്‍ഡ് എഫ്എസ്) എന്ന ധനകാര്യ സ്ഥാനത്തിന്റെ തകര്‍ച്ചയും പ്രതിസന്ധി മൂര്‍ഛിക്കുന്നതിന് ഇടയാക്കുമെന്നത് സ്വാഭാവികമാണ്. ഇതിന്റെയെല്ലാം ഫലമായി എംഎസ്എംഇ മേഖലയ്ക്കുള്ള വായ്പാ ലഭ്യത ഉയരുന്നതിനു പകരം ഇടിയുന്നതായിട്ടാണ് കാണുന്നത്. 2016 സെപ്തംബര്‍ മാസത്തില്‍ വായ്പാതുക 4.73 ലക്ഷം കോടിയായിരുന്നത് 2018 സെപ്തംബര്‍ ആയതോടെ 4.69 ലക്ഷം കോടിരൂപയായി കുറഞ്ഞിരിക്കുന്നു.

ചുരുക്കത്തില്‍, ജി എസ് ടി വ്യവസ്ഥ നടപ്പിലായതിനെ തുടര്‍ന്ന് പരോക്ഷ നികുതി വരുമാനം ഉയരുമെന്നും, കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി കുറയ്ക്കാനും, സംസ്ഥാന സര്‍ക്കാരുകളുടെ കൂടി നികുതി വരുമാനവും, ധനസ്ഥിതിയും മെച്ചപ്പെടുത്താനും കഴിയുമെന്നും പ്രതീക്ഷ വച്ചു പുലര്‍ത്തിയിരുന്നവരെല്ലാം അന്ധാളിപ്പിലായിരിക്കുകയാണിപ്പോള്‍. ഇതിനിടെ ബദല്‍ വരുമാനം ലക്ഷ്യമിട്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയിലൂടെ സമാഹരിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന അധികവരുമാന സ്രോതസും അനിശ്ചിതത്വത്തിലാണ്. പൊതുചെലവു ചുരുക്കലിലൂടെ കമ്മിക്ക് ആശ്വാസം പകരാമെന്ന കണക്കുകൂട്ടലും തെറ്റിപ്പോയിരിക്കുന്നു. സബ്‌സിഡി ബാദ്ധ്യത 2019-20 ധനകാര്യ വര്‍ഷത്തിലേക്ക് തള്ളിവിടാമെന്ന മോഹവും സാക്ഷാത്കരിക്കപ്പെടുമെന്നു തോന്നുന്നില്ല. ഇതിനെല്ലാം പുറമെ, ബജറ്റില്‍ വകയിരുത്തിയിരിക്കുന്ന മൂലധന ചെലവ് വെട്ടിക്കുറക്കുകയെന്ന മറ്റൊരു ബദല്‍ മാര്‍ഗ്ഗവും അപ്രാപ്യമായിരിക്കും. കാരണം, ധനകാര്യ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ തന്നെ വാര്‍ഷിക ബജറ്റില്‍ വകയിരുത്തിയിരുന്ന മൊത്തം മൂലധന ചെലവിന്റെ 54 ശതമാനവും പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുകയാണ്.

ഇത്തരമൊരു ഗുരുതരമായ ധനകാര്യ പ്രതിസന്ധി അഭിമുഖീകരിക്കുന്ന അവസരത്തിലും ഗുജറാത്തിലെ നര്‍മ്മദ ജില്ലയില്‍ കേവാദിയയില്‍, സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ 182 അടി ഉയരമുള്ളൊരു പ്രതിമാ നിര്‍മാണത്തിന് 3000 കോടി രൂപയോളം ചെലവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ മുന്നിട്ടിറങ്ങിയതിന്റെ നീതീകരണവും, യുക്തിയുമാണ് പിടികിട്ടാതിരിക്കുന്നത്. ”സ്റ്റാച്യു ഓഫ് യൂണിറ്റി” എന്ന പേരില്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ അമേരിക്കയിലെ ”സ്റ്റാച്യു ഓഫ് ലിബര്‍ട്ടി”യേക്കാള്‍ ഇരട്ടി ഉയരമുള്ള ഒരു ”ഏകതാപ്രതിമ” ഒരു വികസ്വര രാജ്യമായ ഇന്ത്യക്ക് അഭിമാനിക്കാന്‍ കഴിയുന്നൊരു നിര്‍മിതിയാണോ? ആണെന്നു തുറന്നു പറയുക പ്രയാസമാണ്. ഏതായാലും, തികച്ചും ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി സര്‍ദാര്‍ പട്ടേലിന്റെ ജന്മശതാബ്ദി ദിവസമായ 2018 ഒക്‌ടോബര്‍ 31 ന് ഒട്ടേറെ കൊട്ടും കുരവയുമായി, പ്രധാനമന്ത്രി മോഡി തന്നെ പ്രതിമയുടെ അനാവരണ കര്‍മവും നടത്തിയിരിക്കയാണ്. ഇതുമായി ബന്ധപ്പെട്ട ദൃശ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെയുള്ള പരസ്യങ്ങള്‍ക്കായി കോടികള്‍ ചെലവാക്കുകയും ചെയ്തിട്ടുണ്ട്.

കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) ഗൗരവതരമായ വിമര്‍ശനമാണ് ഈ പ്രതിമാ നിര്‍മാണത്തിനാവശ്യമായ പണം സമാഹരിക്കപ്പെട്ട വഴിവിട്ടതും, നിയമവിധേയമല്ലാത്തതും, ഒരര്‍ത്ഥത്തില്‍ അധാര്‍മികവുമായ മാര്‍ഗങ്ങളെപ്പറ്റി പുറത്തു വന്നിരിക്കുന്നത്. സംഭാവന നല്‍കിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഇതിലേക്കായി ആശ്രയിച്ചിരിക്കുന്നത് അവയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) ബജറ്റുകളെയാണത്രെ. പ്രതിമാ നിര്‍മാണം പോലുള്ള ആവശ്യങ്ങള്‍ക്കായി പണം ചെലവാക്കല്‍ സിഎസ്ആറിന്റെ ഭാഗമേ അല്ല. 2016-17 ല്‍ അഞ്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ പട്ടേല്‍ പ്രതിമാ ഫണ്ടിലേക്ക് വിനിയോഗിച്ചത് 1.47 ബില്യന്‍ രൂപയോളം വരുമെന്ന് കാണുന്നു. ഇതിന് യാതൊരുവിധ നീതീകരണവുമില്ലാത്തതാണെന്ന് സി എ ജി പറയുന്നു. ഇതെല്ലാം പോരാതെ വന്നപ്പോള്‍ പ്രതിമാ നിര്‍മാണ ട്രസ്റ്റ് അഞ്ച് പ്രമുഖ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടേയും പങ്കാളിത്തം സാധിച്ചെടുത്തു. എണ്ണ-പ്രകൃതി വാതക കമ്മിഷന്‍ (ഒഎന്‍ജിസി), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്പിസി) ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി പി സി) ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഓയില്‍ ഇന്ത്യ എന്നിവയുടെ വകയായി 780 കോടിരൂപയാണ് സ്വരൂപിച്ചത്. കൂടാതെ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഗുജറാത്ത് മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, എന്‍ജിനിയേഴ്‌സ് ഇന്ത്യ, പെട്രോനെറ്റ്, ബാല്‍മര്‍ ലാറി ആന്റ് കമ്പനി, ഗുജറാത്ത് നര്‍മദാവാലി ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ് തുടങ്ങിയവയുടെ സാമ്പത്തിക സഹായവും പ്രതിമാ നിര്‍മാണത്തിന് സമാഹരിക്കപ്പെട്ടു. ഇതെല്ലാം തന്നെ അധാര്‍മികവും, നിയമ വിരുദ്ധവുമാണെന്നതില്‍ തര്‍ക്കമില്ലല്ലോ.

ഗുജറാത്തിലെ കര്‍ഷകര്‍ക്ക് വേണ്ടത്ര ആശ്വാസം നല്‍കാനോ, ഗ്രാമീണ ജനതയ്ക്ക് കുടിവെള്ളമെത്തിക്കാനോ ശ്രമിക്കാത്ത മോഡി ശിഷ്യനാണ് ഗുജറാത്തിലെ ഭരണ സാരഥ്യം വഹിക്കുന്ന വിജയ് രൂപാനി എന്നോര്‍ക്കണം. ഗുജറാത്തിലെ ഗ്രാമീണ കര്‍ഷകര്‍ക്കാവശ്യമായ ജലസേചനം ഒരുക്കാനും അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ശുദ്ധജലം ലഭ്യമാക്കാനും വിനിയോഗിക്കാമായിരുന്ന കോടികളാണ് പട്ടേല്‍ പ്രതിമ ഒരുക്കാനും അതിനോടനുബന്ധിച്ചുള്ള തടാകങ്ങളും ആഡംബര നിര്‍മിതികളും വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ സൗകര്യങ്ങളൊരുക്കാനും ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ഗ്രാമീണരെ നിര്‍ബന്ധിച്ചും ബലം പ്രയോഗിച്ചും ഏക്കര്‍ കണക്കിന് ഭൂമി ദുരുപയോഗം ചെയ്തത്. എന്തിനു വേണ്ടിയായിരുന്നു ഈ ധാരാളിത്തം? ഇതിനു മറുപടി പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ്.

പട്ടേല്‍ പ്രതിമയുടെ അനാവരണം നടന്നതിനു തൊട്ടടുത്തനാള്‍ തന്നെ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരത്തില്‍ ശ്രീരാമന്റെ പ്രതിമ നിര്‍മാണ ശ്രമവുമായി രംഗത്തു വന്നുകഴിഞ്ഞിരിക്കുന്നു. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തോടൊപ്പമോ, അതിനുമുമ്പോ, ശ്രീരാമ പ്രതിമക്കാവശ്യമായ സ്ഥലം നിശ്ചയിക്കപ്പെട്ടിരിക്കുന്നതായിട്ടാണ് മാധ്യമ റിപ്പോര്‍ട്ട്. ഈ പ്രതിമാ ക്ഷേത്ര നിര്‍മാണത്തിനു ശതകോടികള്‍ വേണ്ടിവരുമെന്നത് ഉറപ്പാണല്ലോ. തങ്ങള്‍ സെക്യുലറിസത്തില്‍ വിശ്വസിക്കുന്നവരാണെന്ന ധാരണ പരത്താന്‍ ലക്ഷ്യമിട്ട് യു പി മുഖ്യനും, ബി ജെ പി-സംഘപരിവാര്‍ പ്രഭൃതികളും ക്ഷേത്രനിര്‍മാണത്തോടൊപ്പം, ലക്‌നൗവില്‍ ഒരു മുസ്ലീം ആരാധനാലയവും നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നതായി പറഞ്ഞു കേള്‍ക്കുന്നു.

ഇതെല്ലാം ഒരുവശത്ത് തകൃതിയായി നടക്കുമ്പോള്‍, കേന്ദ്ര സര്‍ക്കാരാണെങ്കില്‍, അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്. തീര്‍ത്തും നിയമവിരുദ്ധമായൊരു നീക്കത്തിലൂടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരുതല്‍ മിച്ച ധനത്തില്‍ നിന്ന് 3.6 ലക്ഷം കോടിരൂപ വിട്ടു നല്‍കണമെന്ന ആവശ്യവുമായി ആര്‍ബിഐ ഗവര്‍ണര്‍ ഡോ. ഊര്‍ജിത് പട്ടേലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയാണിപ്പോള്‍. ഡോ. രഘുറാം രാജന്‍ ഗവര്‍ണറായിരിക്കെ തന്നെ ആര്‍ ബി ഐ യുടെ സ്വയംഭരണാവകാശത്തില്‍ പ്രധാനമന്ത്രിയുടെ അനുവാദത്തോടെ അതിരുവിട്ട് കൈകടത്തി വന്നിരുന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടേയും, മന്ത്രാലയത്തിന്റേയും കുത്സിത ശ്രമങ്ങള്‍ക്കെതിരെ ചെറുത്തുനില്പുണ്ടായിരുന്നതായി നമുക്കറിയാം. അന്നത്തെ പ്രധാന തര്‍ക്ക വിഷയം ഡോ. രാജന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കട ബാദ്ധ്യതക്ക് പ്രധാനമായും ഉത്തരവാദികളായ ”വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സ്” നെ കര്‍ശനമായി നേരിടണമെന്നും, ആ വിഭാഗത്തില്‍പ്പെടുന്നവരും, മോഡിയുടെ ഇഷ്ടതോഴന്മാരുമായ അംബാനി-അദാനി വിഭാഗക്കാരായ കോര്‍പ്പറേറ്റുകളടങ്ങുന്നവരുടെ ഒരു പട്ടിക തയ്യാറാക്കുകയും അതിന്മേല്‍ നടപടി വേണമെന്നും ആവശ്യപ്പെടുകയും ചെയ്തതോടെയായിരുന്നു. സാമ്പത്തിക നയരൂപീകരണ മേഖലയില്‍ മോഡി സര്‍ക്കാരിന്റെ ഡിമോണറ്റൈസേഷന്‍ മുതല്‍ ജിഎസ്ടി പരിഷ്‌കാരം വരെയുള്ള അനര്‍ത്ഥങ്ങള്‍ മറികടക്കാനാണ് ആര്‍ബിഐ യുടെ കൈവശം നിയമാനുസൃതം കരുതല്‍ ശേഖരമായി സൂക്ഷിക്കേണ്ട 10 ലക്ഷം കോടിരൂപയുടെ മൂന്നിലൊന്നിലേറെ വിട്ടുനല്‍കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വന്നിട്ടുള്ളത്. ഈ ആവശ്യം ഇന്നത്തെ ആര്‍ ബി ഐ ഗവര്‍ണര്‍ ഡോ. ഊര്‍ജിത് പട്ടേല്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഈ ആവശ്യത്തിനെതിരായി ശക്തമായ നിലപാടാണ് മുന്‍ ഗവര്‍ണര്‍ ഡോ. രഘുറാം രാജനും സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രതികരണം നോക്കുക. കാറപകടങ്ങളില്‍ ആഘാതങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന സീറ്റ് ബെല്‍റ്റിന്റെ ജോലിയാണ് കേന്ദ്ര ബാങ്ക് നിര്‍വഹിക്കുന്നത്. സര്‍ക്കാര്‍ ബെല്‍റ്റ് ഇടാതിരിക്കാനുള്ള സാദ്ധ്യത ഏറെയാണ്. എന്നാല്‍ ബെല്‍റ്റ് ഇടാതിരിക്കുകയും, അപകടമുണ്ടാവുകയും ചെയ്താല്‍, ആഘാതം ഗുരുതരമായിരിക്കും. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത നിറഞ്ഞ ഭരണം നാലര വര്‍ഷവും, നോട്ടു നിരോധനമെന്ന താളംതെറ്റിയ പരിഷ്‌കാരം രണ്ടുവര്‍ഷം പൂര്‍ത്തിയാകുകയും ജിഎസ്ടി പരിഷ്‌കാരം ഒരു വര്‍ഷത്തിലേറെ പിന്നിടുകയും ചെയ്തിരിക്കുന്ന ഈ അവസരത്തില്‍ ഇന്ത്യന്‍ സമ്പദ് ഘടനയുടെ പതനത്തിന്റെ ഗതിവേഗം അഭൂതപൂര്‍വമായ തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഡോ. രഘുറാം രാജന്റെ പദപ്രയോഗം കടമെടുത്താല്‍, നമ്മുടേത് ”സീറ്റ് ബെല്‍റ്റില്ലാത്ത സമ്പദ്ഘടനയാണെന്ന്” വ്യക്തമാവുകയും ചെയ്യുന്നു.

(അവസാനിക്കുന്നു)