മോഡി സര്‍ക്കാര്‍ സമ്പദ് വ്യവസ്ഥയെ ഗുരുതരമായ പ്രതിസന്ധിയിലാക്കി

Web Desk
Posted on May 20, 2019, 10:35 pm

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മോഡി സര്‍ക്കാര്‍ അധികാരമൊഴിയുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കരകയറാന്‍ കഴിയാത്ത വിധം ഗുരുതരമായ പ്രതിസന്ധിയിലാക്കിയിട്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ തോത് ഏഴു ശതമാനമായി ഉയര്‍ന്നെന്നായിരുന്നു മോഡി സര്‍ക്കാര്‍ വീമ്പിളക്കിയത്. എന്നാല്‍ തുടര്‍ന്ന് ഇപ്പോള്‍ 6.6 ശതമാനമായി കുറഞ്ഞു. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം ഏഴ് ശതമാനമെന്ന മോഡി സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ സംശയത്തോടെയാണ് അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികള്‍ വീക്ഷിച്ചത്. ഐഎംഎഫ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വന്തം സംവിധാനങ്ങള്‍ ഉപയോഗിച്ച് ജിഡിപി കണക്കാക്കുമെന്നാണ് എംഎംഎഫിലെ മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് വ്യക്തമാക്കിയത്.

ഇപ്പോള്‍ രാജ്യത്തെ പാവപ്പെട്ടവന് പ്രതിവര്‍ഷം 72,000 രൂപ ബാങ്കില്‍ നിക്ഷേപിക്കുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് നടത്തിയത്. 2014‑ല്‍ ബിജെപി നടത്തിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് സമാനമായ പ്രഖ്യാപനങ്ങളാണ് ഇക്കുറി കോണ്‍ഗ്രസും നടത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ധനക്കമ്മി ജിഡിപിയുടെ 3.4 ശതമാനമായി തുടരുമ്പോള്‍ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ല.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നു. പ്രതിമാസം ഒരു ദശലക്ഷം പേരാണ് തൊഴില്‍ കമ്പോളത്തില്‍ പുതുതായി എത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ മോഡി സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ 45 വര്‍ഷത്തിനിടെയുള്ള ഗുരുതര തൊഴിലില്ലായ്മയാണ് ഇപ്പോള്‍ രാജ്യത്തുള്ളതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ അടിവരയിട്ടിരുന്നു. തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമായി ഉയര്‍ന്നുവെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രാജ്യത്തെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം ഗുരുതരമായി വര്‍ധിച്ചു. ഇതിന്റെ ഭാഗമായി ധനക്കമ്മിയില്‍ രണ്ട് ശതമാനം വര്‍ധനയുണ്ടാക്കി. ഇറക്കുമതി കുറച്ച് കയറ്റുമതി കൂട്ടാനുള്ള നടപടികള്‍ മോഡി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷവും സ്വീകരിച്ചില്ല.
നിക്ഷേപത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് 36 ശതമാനം കുറവാണ് ഇപ്പോഴുള്ളത്. പ്രത്യക്ഷ വിദേശ നിക്ഷേപം ഗണ്യമായി കുറഞ്ഞു. സ്വകാര്യ മേഖലയിലെ നിക്ഷേപം ഗണ്യമായി കുറഞ്ഞതും സാമ്പത്തിക ഭദ്രതയെ ആകെ താറുമാറാക്കി. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ നിക്ഷേപം വന്‍തോതില്‍ കുറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിച്ചതിലൂടെ സ്വകാര്യ കോര്‍പ്പറേറുകള്‍ക്ക് സമ്പദ് വ്യവസ്ഥയിലുള്ള സ്വാധീനം വര്‍ധിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും കിട്ടാക്കനിയാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ ആരോഗ്യവും വിദ്യാഭ്യാസവും ഇല്ലാത്ത ഒരു തലമുറയെയാകും കാലം ഇന്ത്യയ്ക്കായി കാത്തുവയ്ക്കുന്നത്.

You May Also Like This..