ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് കഴിഞ്ഞ ഫെബ്രുവരി 28ന് വെള്ളിയാഴ്ച ഓഹരി കമ്പോളത്തില്‍ ഉണ്ടായത്. സെന്‍സെക്സ് കഴിഞ്ഞ നാലര കൊല്ലത്തെ ഏറ്റവും കുറഞ്ഞ 1448 പോയിന്റും ഗ്ലോബല്‍ മാര്‍ക്കറ്റിലെ 414 പോയിന്റുമാണ് രേഖപ്പെടുത്തിയത്. ഈ പ്രതിഭാസം രാജ്യത്തിന്റെ സാമ്പത്തിക ഘടനയിലുണ്ടാക്കാന് പോകുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല. കുമിളകള്‍ പൊട്ടുന്നത് എപ്പോഴാണ്, ഏത് സാഹചര്യത്തിലാണെന്ന് പ്രവചിക്കുക അസാധ്യമാണ്. കൊറോണ വ്യാപനം വീണ്ടും ഒരു മാന്ദ്യത്തിലേക്ക് തള്ളിവിടുമോ എന്ന ഭയത്തിലാണ് ആഗോള സാമ്പത്തിക വിദഗ്ധന്മാരും ഭരണ നേതൃത്വത്തിലുള്ളവരും. സാധാരണയായി രാജ്യത്തെ ഓഹരി വിപണിയില്‍ ചൂതാട്ടം നടത്തുന്നത് ആഭ്യന്തര ധനിക വിഭാഗമാണ്. അവരാകട്ടെ വെള്ളിയാഴ്ച വിദേശങ്ങളില്‍ വന്‍തോതില്‍ നിക്ഷേപിക്കുകയായിരുന്നു. 4.81 ലക്ഷം കോടി രൂപയായിരുന്നു നിക്ഷേപമായി ഒഴുകിപ്പോയത് എന്നാണ് ധനമന്ത്രാലയം പുറത്തുവിട്ട കണക്ക്. അക്ഷരാര്‍ത്ഥത്തില്‍ കറുത്ത വെള്ളിയാഴ്ചയായിരുന്നു ഫെബ്രുവരി 28. 2016 സെപ്റ്റംബര്‍ മുതല്‍ 22.87 ആയിരുന്ന വോളട്ടാലിറ്റി ഇന്‍ഡക്സ് (ചാഞ്ചാട്ട സൂചിക) 28.75 ആയി കുതിച്ചുയര്‍ന്നു. ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ഓഹരി കമ്പോളത്തിന്റെ ഈറ്റില്ലമായ മുംബൈയില്‍ ഈ വെള്ളിയാഴ്ച ഉണ്ടായ സംഭവങ്ങള്‍ നിസാരവല്‍ക്കരിച്ചുകൊണ്ട് നടത്തിയ പ്രസ്താവന വസ്തുതകളുമായി ബന്ധമില്ലാത്തതാണ്.
അവരാകട്ടെ സാധാരണ പല്ലവി തന്നെ പാടി. ”ഭയചകിതരാകേണ്ട ഒരു സാഹചര്യവും ഇല്ല. വ്യവസായികളുമായി ദീര്‍ഘമായ ചര്‍ച്ചകള്‍ അനിവാര്യമായിരിക്കുന്നു. കൊറോണ വൈറസ് വ്യാപനത്തിലൂടെ എന്തുമാത്രം പ്രത്യാഘാതങ്ങളാണ് ധനമേഖലയെ ബാധിച്ചിരിക്കുന്നുവെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ വ്യവസായ ഉല്പാദനാവശ്യങ്ങള്ക്കായി അസംസ്കൃത സാധനങ്ങളുടെ കുറവുണ്ടായേക്കാം. എങ്കിലും പരിഭ്രാന്തിയുടെ ബട്ടന് അമര്‍ത്തേണ്ട ഒരു സാഹചര്യവും നിലവിലില്ല” എന്നാണ് ധനമന്ത്രി പ്രസ്താവിച്ചത്. കൊറോണ ബാധയെ തുടര്‍ന്ന് ഓഹരി കമ്പോളം അതിഭീകരമായ തകര്‍ച്ചയില്‍ നില്‍ക്കുമ്പോഴാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ഈ പരാമര്‍ശം നടത്തിയെന്നത് ഓര്‍ക്കുക. മരുന്നുള്‍പ്പെടെയുള്ള ജീവല്‍പ്രധാനമായ അസംസ്കൃത പദാര്‍ത്ഥങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്. രാജ്യത്തെ ഉല്പാദന മേഖലയും തകര്‍ച്ചയിലാണ്. കൂനിന്മേല് കുരു എന്നപോലെ സ്ഥിതി തുടര്‍ന്നാല്‍ നിലവിലുള്ള ഉല്പാദന മേഖലയും തകരും. സാമ്പത്തിക മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകും. ആഗോള ചരടുകളില്‍ ബന്ധിതമായ ഇന്ത്യന്‍ സമ്പദ്ഘടനയെ, ആഗോള അടിസ്ഥാനത്തില്‍ ഉണ്ടാക്കുന്ന ഏത് ചലനങ്ങളും പ്രതികൂലമായി ബാധിക്കുമെന്നതൊരു വസ്തുതയാണ്. ഊഹക്കച്ചവടത്തില്‍ അധിഷ്ഠിതമായ പോര്‍ട്ട്പോളിയോ ക്യാപ്പിറ്റിലിസത്തില് വിപണിയിലെ കയറ്റിറക്കങ്ങളാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നത്.
എന്നാല്‍ ചൈനപോലുള്ള രാജ്യങ്ങള്‍ ഉല്പാദന മേഖലയിലെ വളര്‍ച്ചയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര വളര്‍ച്ചനിരക്ക് (ജിഡിപി) നിര്‍ണയിക്കുന്നത്. രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയുടെ മറ്റൊരു മുഖമാണ് ജിഡിപിയില്‍ ഉണ്ടായ കുറവ്. ഏഴുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചനിരക്ക് ഡിസംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 4.7 ശതമാനം. 2020 വളര്‍ച്ച അനുമാനം അഞ്ച് ശതമാനമായിരുന്നതാണിപ്പോള് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് കൊവിഡ്-19 ഇനിയും സാമ്പത്തിക ശോഷണത്തിന് കാരണമാകുമെന്നാണ്. മാത്രമല്ല ഈ തകര്‍ച്ചയില്‍നിന്ന് അടുത്ത കാലത്തൊന്നും കരകയറാനും സാധ്യമല്ലെന്നുമാണ്. മൂന്നാം പാദത്തില്‍ പ്രതീക്ഷിച്ചിരുന്ന ദേശീയ വരുമാനം അഞ്ച് ശതമാനം എന്നത് മാറ്റമില്ലാതെ ജനുവരി ക്വാര്‍ട്ടറില്‍ നിശ്ചലമായി തുടരുന്നുവെന്നാണ് ജനുവരി മാസാവസാനം ധനമന്ത്രാലയം പുറത്തുവിട്ട ധനക്കുറിപ്പിലുള്ളത്. 2020ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തികാവലോകന റിപ്പോര്‍ട്ടില്‍ ബജറ്റ് വിദഗ്ധര്‍ വളര്‍ച്ച ആറു മുതല്‍ 6.5 ശതമാനമായിരിക്കുമെന്നാണ് പ്രവചിച്ചിരുന്നത്. നമ്മുടെ രാജ്യത്തിന്റെ ധനമന്ത്രിക്ക് ഈ സ്ഥിതി വിവര കണക്കുകളിലൊന്നും വിശ്വാസമില്ലാ എന്നുവേണം കരുതാന്‍. വസ്തുതകള്‍ക്ക് വിരുദ്ധമായി തെറ്റിദ്ധാരണാജനകമായ അഭിപ്രായ പ്രകടനങ്ങളാണ് അവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. ‘സാമ്പത്തികസ്ഥിരത നല്ല ഉത്തമമൊത്ത ലക്ഷണത്തിലാണെന്നും അതുകൊണ്ട് ഉത്ക്കണ്ഠയ്ക്കോ പരിഭ്രാന്തിയ്ക്കോ ഒരു കാരണവുമില്ല’ (ഫെബ്രുവരി 29 ന്റെ എക്കണോമിക് ടൈംസ്) എന്നാണ് അവര്‍ ആവര്‍ത്തിക്കുന്നത്.
കൊവിഡിന്റെ വ്യാപനത്തിന്റെ ഫലമായി ലോകത്തെ വിവിധ രാജ്യങ്ങള്‍ സാമ്പത്തിക സ്ഥിതി തകരാതിരിക്കാന്‍ വളരെ ശ്രദ്ധാപൂര്‍വമായ കാല്‍വയ്പ് നടത്തി പിടിച്ചുനില്ക്കാന് ശ്രമിക്കുമ്പോഴാണ് നിര്‍മ്മല സീതാരാമന് സാമ്പത്തിക സ്ഥിതിയുടെ ന്യായീകരണവുമായി നില്‍ക്കുന്നത്. സാമ്പത്തിക രംഗത്തെ ദുഃഖവെള്ളിയാഴ്ച മറ്റൊരു ദുരന്തത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. കഴിഞ്ഞ ആറു മാസത്തില്‍ ആദ്യമായി ഡോളറിന്റെ മൂല്യം 72 രൂപയായി. ഡോളറിനെ അടിസ്ഥാനപ്പെടുത്തിയുള്ള രൂപയുടെ വിനിമയ മൂല്യത്തകര്‍ച്ച ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യയെ ദുര്‍ബലപ്പെടുത്തി. രൂപയുടെ മൂല്യത്തകര്‍ച്ച ആഗോളതലത്തില്‍ അപകടകരമായി അനുരണനങ്ങള്‍ സൃഷ്ടിക്കുമെന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഋതേഷ് ഭൂസരിയുടെ പ്രസ്താവന അര്‍ത്ഥവത്താണ്. എന്നാല്‍ റിസര്‍വ് ബാങ്ക് ഡോളര്‍ രൂപാ വിനിമയ നിരക്ക് കുത്തനെ താഴാതിരിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പ്രധാനമന്ത്രിയുടെ അഞ്ച് ട്രില്യണ്‍ ഡോളര്‍ വീമ്പ് പറച്ചില് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്ന് തെളിഞ്ഞുകഴിഞ്ഞു. കൊറോണ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനും രോഗത്തിന് വിധേയമായവരെ ചികിത്സിച്ച് ഭേദമാക്കാനുള്ള അവശ്യ നടപടികളാണ് അനിവാര്യം. കൂടുതല്‍ മുതല്‍മുടക്ക് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചെലവിടണം. ആരോഗ്യരംഗത്തോടുള്ള ഭരണകൂടങ്ങളുടെ സമീപനം ഒട്ടും ആരോഗ്യപരമല്ല. അതുകൊണ്ട് ജനങ്ങളില്‍ വിശ്വാസം ജനിപ്പിക്കുംതരത്തില് കൊറോണയെ ഏത് വിധേനയും പിടിച്ചുകെട്ടുക, പിന്നീടാകാം സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കല്‍. അതേ നമ്മുടെ മുമ്പിലുള്ള ഈ വെല്ലുവിളി ഏറ്റെടുത്തേ മതിയാകു.