പ്രവാസികളുടെ ശമ്പളത്തിന്റെ കാര്യത്തിലെ ഡിലെ: ഇനി ഇവർ നോക്കിക്കൊള്ളും

Web Desk
Posted on May 09, 2019, 7:57 pm

അബുദാബി: തൊഴിൽ സ്ഥലത്തു ശമ്പള സംബന്ധമായ വിഷയങ്ങൾക്ക് ഉടൻ പരിഹാരവുമായി ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും.

ശമ്പളം വൈകുകയോ കിട്ടാതിരിക്കുന്ന സാഹചര്യമോ ഉണ്ടായാല്‍ ഉടൻ തന്നെ ഇവർ പരിഹാരവുമായി എത്തും. തൊഴിലുടമ ശമ്പളം നല്‍കാന്‍ കാലതാമസം വരുത്തുകയാണെങ്കില്‍ അപ്പോൾ തന്നെ വിവരം അധികൃതരെ അറിയിച്ചാൽ പരിഹാരം ഉണ്ടാകും.

ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് ഭാഷകളില്‍ ഇതു സംബന്ധിച്ച് ഇന്ത്യന്‍ അധികൃതര്‍ അറിയിപ്പ് പ്രസിദ്ധീകരിച്ചു.
അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലോ പരാതി അറിയിക്കാം. ട്വിറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അറിയിപ്പ് പുറത്തു വന്നയുടന്‍ നിരവധി പേര്‍ പരാതിയുമായി രംഗത്ത് വന്നതായാണ് വിവരം.

പരാതി അറിയിച്ചവര്‍ക്കെല്ലാം കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. [email protected], [email protected] എന്നീ ഇ‑മെയില്‍ ഐഡിയിലേയ്ക്കാണ് വിവരങ്ങള്‍ സഹിതം പരാതി അയയ്‌ക്കേണ്ടത്.