ലോകം മുഴുവനുമുള്ള വാർത്താമാധ്യമങ്ങൾ ലോകകപ്പ് ഫുട്ബോളിന്റെ യോഗ്യതാ മത്സരങ്ങളും ഓരോ രാജ്യത്തിന്റെയും വിജയപരാജയങളും ചർച്ച ചെയ്യുന്ന സമയത്ത് ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയുടെ സ്ഥിതിയെപ്പറ്റി നമ്മളെല്ലാം ദുഃഖിതരാണ്. ഏഷ്യൻ ക്വാളിഫയിങ്ങിൽ പോലും കടന്നു വരാൻ പറ്റാത്ത നമ്മുടെ രാജ്യം തോൽവിയുടെ കാരണങൾ ജ്യോൽസനെ വച്ചു നിരീക്ഷിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ഭാഗത്ത് ലോകരാജ്യങ്ങൾ ശ്രദ്ധിക്കുമായിരുന്ന ഇന്ത്യ 1950ൽ ലോകകപ്പിൽ പങ്കാളികളാകാൻ അവസരം ലഭിച്ച രാജ്യമായിരുന്നു. ഇന്ന് എത്രമാത്രം പിന്നിലോട്ട് പോയെന്ന് പരിശോധിക്കാൻ ആർക്കാണ് സമയം. 211 രാജ്യങ്ങളുള്ള ഫിഫയിൽ നമ്മുടെ റാങ്ക് 129ൽഎത്തി നിൽക്കുന്നു. കഴിഞ്ഞ ദിവസം ഏഷ്യാ കപ്പിലെ സി ഗ്രൂപ്പിൽ ഒരു സമനിലയിൽ നിൽക്കുകയാണ് നമ്മൾ. ചരിത്രത്തിലെ ഏറ്റവും മോശമായ നിലയിലാണ് ഇന്ത്യ. ഏഴു പതിറ്റാണ്ട് കൊണ്ട് ഇന്ത്യൻ ഫുട്ബോൾ നന്നായി പുറകോട്ടു സഞ്ചരിക്കുകയാണ്. 1950ൽ 31-ാം റാങ്കുകാരായ നമ്മുടെ റാങ്ക് 2018ൽ 97 ആയിരുന്നു. അതേവർഷം 97-ാം റാങ്കിൽ ഒപ്പമുണ്ടായിരുന്ന ഉസ്ബക്കിസ്ഥാൻ എന്ന പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ വളരെ ചെറിയ രാജ്യം ഇപ്പോൾ 51ൽ എത്തിയിരിക്കുന്നു. ലോകകപ്പില്‍ കളിക്കാന്‍ ആദ്യമായി യോഗ്യതയും കരസ്ഥമാക്കി. അവർ 46 റാങ്ക് മുന്നേറിയപ്പോൾ നമ്മൾ 32 പടി താഴേക്ക് പോയി. വെള്ളക്കാരിൽ നിന്നും ഒളിച്ചു നിന്ന് കളിപഠിച്ചു ഗുരുക്കന്മാരായ വെള്ളക്കാരെ തോല്പിച്ച ശക്തരായ ഇന്ത്യ ഇന്ന് കൂടുതൽ കൂടുതൽ ദുർബലരാകുന്നത് ആരും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്‍ നിലവിലുണ്ട്. കായിക വകുപ്പുണ്ട്. മന്ത്രിയുണ്ട്. അമ്പതുകളിൽ ഏഷ്യയിലെ മൂന്നാം റാങ്കുകാരായ ഇന്ത്യ ഇന്ന് ഉസ്ബക്കിസ്ഥാനും ജോർദാനും പിറകിലാണ്. മൂന്നു മത്സരങ്ങൾ ബാക്കി നിൽക്കെ ആറുടീമുകൾ ക്വാളിഫൈ ചെയ്തു കഴിഞ്ഞു. എ ഗ്രൂപ്പിൽ നിന്നും. ഇറാനും ഉസ്ബക്കിസ്ഥാനും, ബിയിൽ നിന്നും ദക്ഷിണ കൊറിയയും ജോർദാനും സി യിൽ നിന്നും ജപ്പാനും ഓസ്‌ട്രേലിയയുമാണ് അർഹരായവർ.
പഴയകാലത്ത് ഏഷ്യൻ കപ്പ് നേടാനും, ഏഷ്യയിൽ മൂന്നാം സ്ഥാനത്തെത്താനും കഴിഞ്ഞ ഇന്ത്യയുടെ ഈ ദുഃസ്ഥിതി മാറ്റാൻ എന്താണ് മാർഗമെന്ന് ഉത്തരവാദപ്പെട്ടവർ ചിന്തിക്കണം. അധികാരക്കസേരയും വിദേശയാത്രകളും കളിയുടെ പേരിൽ ഒപ്പിച്ചെടുക്കുന്ന പതിവ് രീതി മാറി ഫുട്‌ബോളിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കണം. ബ്രസീല്‍ ഫുട്ബോളിനുണ്ടായ തിരിച്ചടിയിൽ അവിടുത്തെ ഭരണാധികാരികൾ അസ്വസ്ഥരാണ്. അതിന് എത്ര പണം വേണമെങ്കിലും ചെലവാക്കുവാൻ രാജ്യം തയ്യാറാണ്. ബ്രസീലിന്റെ തോൽവിയിൽ ആ രാജ്യം വിഷമത്തിലായപ്പോൾ റയൽ മാഡ്രിഡിന്റെ കോച്ച് കാര്‍ലോ ആഞ്ചലോട്ടിയുടെ വൈദഗ്ധ്യം സ്വീകരിച്ചു. കന്നിക്കളി സമനിലയാണെങ്കിലും ഇനി വിജയയാത്രയാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ആഞ്ചലോട്ടിയുമായുണ്ടാക്കിയ കരാറിൽ ആറാമത്തെ ലോകകിരീടം നേടിയെടുത്താൽ വലിയ തുകയുടെ സമ്മാനം ബോണസായി നൽകുവാനും രാജ്യം തയ്യാറാണ്.
ഇന്ത്യൻ ഫുട്ബോളിലെ ദുരവസ്ഥ പരിഹരിക്കാൻ എന്തെങ്കിലും പോംവഴികണ്ടെത്തുവാനുള്ള ബാധ്യതയും ഉത്തരവാദിത്തവും സര്‍ക്കാരിനും കായിക മന്ത്രാലയത്തിനും ഉണ്ട്. നമ്മുടെ കളിക്കാരെ വിദേശടീമുകൾ കൊണ്ട് പോകുന്നതിൽ ആശ്വാസം കൊണ്ടാൽ മാത്രം മതിയോ,കൃത്യമായി ഒരു പ്ലാൻ തയ്യാറാക്കി മികച്ച കോച്ചുകളെ വച്ചു പരിശീലനത്തിന് ശേഷം കളിച്ചാല്‍ ഈ നില മാറ്റിയെടുക്കാൻ കഴിയും. പത്ത് വർഷം മുമ്പ് സ്പെയിൻ ഒരു തീവ്ര പരിശീലന പരിപാടി ആരംഭിച്ചു. അതിന്റെ കൂടിഫലമാണ് ലാമിൻ യമാൽ എന്ന 17 വയസുകാരന്റെ കളിമികവ്. അവർ സ്കൂളുകളിൽ നിന്ന് പത്തുവയസുകാരായ കുട്ടികളെ സെലക്ട് ചെയ്യുകയായിരുന്നു. എല്ലാ വർഷവും സെലക്ഷൻ നടത്തും സ്കൂൾ പഠനവും കളിയും ഒരുമിച്ച് കൊണ്ടുപോകും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും കിലിയന്‍ എംബാപ്പെയ്ക്കും ഒപ്പം താദാത്മ്യം ചെയ്യാന്‍ കഴിയുന്ന താരമായി ഈ യുവതാരം മാറിക്കഴിഞ്ഞു. കഠിനപ്രയത്നത്തിലൂടെ ലക്ഷ്യം നിറവേറ്റാനുള്ള മനസ് ഈ 17കാരനുണ്ട്. അഞ്ചു കളികളിൽ എംബാപ്പെയും യമാലും നേർക്കുനേർ വന്നപ്പോൾ അഞ്ചിലും യമാൽ കളിച്ച ടീമാണ് ജയിച്ചതെന്നത് ശ്രദ്ധേയം. ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെയാണ് നേരിടുക. ഫൈനലിസീമ പോരാട്ടത്തില്‍ സാക്ഷാല്‍ ലയണല്‍ മെസിയുമായും ലാമിന്‍ യമാല്‍ മത്സരിക്കാനെത്തുമ്പോള്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് വിരുന്നാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.