ഇന്ത്യന്‍ ഫുട്ബോളിന് പ്രൊഫഷണല്‍ നിലവാരം വേണം

നന്ദന് വി ബി കൊഞ്ചിറ
വാര്‍ത്തകള്‍ക്കും വാര്‍ത്താധിഷ്ടിത പരിപാടികള്‍ക്കുമിടയില്‍ പരസ്യം വന്നു വീഴുമ്പോള്‍ അറിയാതെ ടിവിയുടെ റിമോട്ടില്‍ വിരലമരും. നമ്മുടെ മുന്നില്‍ വൈവിധ്യമാര്‍ന്ന വാര്‍ത്തകളുടെയും ദൃശ്യങ്ങളുടെയും പെരുമഴ പെയ്യിക്കുന്നതിന് ടെലിവിഷന്‍ കഴിയുന്നത് പരസ്യങ്ങള്‍ വഴികിട്ടുന്ന വരുമാനം കൊണ്ടാണെന്ന് നമുക്കെല്ലാമറിയാം. എങ്കിലും പരസ്യം വരുമ്പോള്‍ കയ്യിലെ റിമോട്ടില്‍ നമ്മള് വിരലമര്‍ത്തും. അതു പരസ്യം ഇഷ്ടമില്ലാത്തതിനാലല്ല. ആവര്‍ത്തന വിരസത കുറയ്ക്കാന്‍ വേണ്ടിയാണ്. ഇവിടെ ഒരു യാഥാര്‍ഥ്യം പറയാതെ വയ്യ. ചില ടിവി പരിപാടികളെക്കാള്‍ വളരെ മെച്ചമാണ് മിക്ക പരസ്യങ്ങളും. അവയുടെ മേക്കിംഗ് ആണ് മികവുപുലര്‍ത്തുന്നത്. അത്തരം പരസ്യം വന്നാല്‍ റിമോട്ടില്‍ വിരലമരാറില്ല. ഇത്തരത്തില്‍ ആശയത്തിലും മേക്കിംഗിലും ഉന്നതനിലവാരം പുലര്‍ത്തിയ ഒരു പരസ്യം ഇപ്പോള്‍ ടിവിയില്‍ വരുന്നുണ്ട്. ലോകകപ്പിന്റെ ആരവം ലോകമെമ്പാടും ഉയര്‍ന്നു നില്ക്കുമ്പോള് നമ്മളും അതിലൊരുഭാഗമാകുന്നുണ്ട്. നമ്മുടെ ഭാരതം ലോകകപ്പില്‍ വിജയികളാകുന്ന ദൃശ്യം ഏവരേയും സന്തോഷിപ്പിക്കുന്നതാണ്. ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഒരു കടയുടെ പരസ്യമാണെന്നറിയാമെങ്കിലും ഐ എം വിജയന്റെ സ്വപ്നമാണെന്നറിയാമെങ്കിലും അതിനെ സ്നേഹിച്ചുപോകുന്നു. വിജയന്റെ മാത്രമല്ല നൂറ്റിമുപ്പത്തിരണ്ടരകോടി വരുന്ന ഇന്ത്യക്കാരുടെയാകെ സ്വപ്നമാണത്. ഈ സ്വപ്ന സാക്ഷാത്കാരത്തിന് പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവരുമെന്നും നമുക്കറിയാം. എന്നാലും അത്, ആ സ്വപ്നം കാണുന്നതിലുമുണ്ടൊരു സുഖം.
ഇന്ത്യയുടെ ഒരു സംസ്ഥാനത്തിന്റെ അത്രപോലും വിസ്തൃതിയില്ലാത്ത രാജ്യങ്ങള്‍ പോലും ലോകഫുട്ബോള്‍ കളിക്കുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് അതിന് കഴിയാത്തത്. തീര്‍ച്ചയായും നമ്മള് അതു പരിശോധിക്കേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യം കിട്ടി എഴുപത് വര്‍ഷം കഴിഞ്ഞ് ഡിജിറ്റല്‍ ഇന്ത്യയില്‍ എത്തിനില്ക്കുമ്പോള് ഭാരതത്തിന്റെ ഭരണകൂടങ്ങളും കായിക സംഘടനകളും സ്വയം പരിശോധിക്കേണ്ടതാണിത്. ഫുട്ബോള്‍ ഒരു പ്രദേശത്തിന്റെയോ രാജ്യത്തിന്റെയോ കുറച്ച് ജനങ്ങളുടെയോ ആവേശമല്ല. അത് ഒരു ഭൂഗോളത്തിന്റെ ജ്വരമാണ്.
ലോകകപ്പില്‍ ഇന്ത്യ
ലോകകപ്പിന്റെ യോഗ്യതാറൗണ്ടിലെങ്കിലും വിജയം സ്വപനം കാണുന്ന ഇന്ത്യക്ക് ലോകകപ്പില്‍ മത്സരിക്കാന്‍ ഒരിക്കല്‍ അവസരം ലഭിച്ചിട്ടുണ്ട്. 1938 ല്‍ ഫ്രാന്‍സില്‍ വെച്ച് നടന്ന മൂന്നാം ഫിഫാ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ശേഷം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട 1942 ലേയും 1946 ലേയും ഫിഫാ ലോകകപ്പ് ഫുട്ബോള്‍ രണ്ടാം ലോക മഹായുദ്ധം കാരണം നടന്നിരുന്നില്ല. അതിനാല്‍ നാലാം ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടന്നത് 1950 ല്‍ ആയിരുന്നു. ജൂണ്‍ 24 മുതല്‍ ജൂലൈ 16 വരെ 23 ദിവസങ്ങളിലായി ബ്രസീലിലെ ആറു നഗരങ്ങളില്‍ വെച്ച് നടന്ന നാലാം ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് ഉപഭൂഖണ്ഡങ്ങളില്‍ നിന്നായി പതിമൂന്ന് ദേശിയ ടീമുകള്‍ പങ്കെടുത്തു.
ഏഷ്യയില്‍ നിന്ന് ഫിലിപ്പിന്‍സ് ഇന്തോനേഷ്യ, ബര്‍മ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കായിരുന്നു യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. മറ്റു മൂന്ന് രാജ്യങ്ങള്‍ വിട്ടുനിന്നതിനാല്‍ ഇന്ത്യ സ്വാഭാവികമായി ഫൈനല്‍ റൗണ്ട് കളിക്കാന്‍ യോഗ്യത നേടി. ഈ യോഗ്യത ഇന്ത്യയുടെ ആദ്യത്തേതും അവസാനത്തേതും ആയിരുന്നു. ഗ്രൂപ്പ് നിര്‍ണയങ്ങള്‍ നടന്നതിന് ശേഷം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് യാത്ര ചെലവിന്റെയും ടീം സെലക്ഷന് പ്രശ്നങ്ങളുടെയും വേണ്ടത്ര പരിശീലനത്തിന് സമയം കിട്ടാത്തതിന്റെയും ഒക്കെ കാരണം പറഞ്ഞ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. കളിക്കാര്‍ക്ക് വേണ്ടത്ര ബൂട്ടുകള്‍ ഇല്ലാത്തതിനാല്‍ നഗ്നപാദരായി കളിക്കാനുള്ള അനുവാദം ഫിഫ കൊടുക്കാത്തത് കൊണ്ടാണ് ഇന്ത്യ കളിക്കാതിരുന്നത് എന്നും ഫുട്ബോള്‍ ചരിത്രകാരന്മാര് പറയുന്നുണ്ട്. ഇതു പോലെ സാമ്പത്തിക കാരണങ്ങള്‍ പറഞ്ഞ് ഫ്രാന്‍സും ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. പുതിയ ടീമുകളെ കണ്ടെത്താന്‍ ഉള്ള സമയ കുറവ് കാരണം ഉള്ള പതിമൂന്ന് ടീമുകളെ വച്ചാണ് ടൂര്‍ണമെന്റ് നടന്നത്.
ഇന്ത്യ വീണ്ടെടുക്കല്പാതയില്
ഇന്ത്യന്‍ കായിക രംഗം ഉണര്‍വിലാണ്.. പ്രത്യേകിച്ച് ഫുട്ബോളിന്റെ കാര്യത്തില്‍. ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ വരവോടെ ഫുട്ബോള്‍ രാജ്യത്ത് ജനകീയത വീണ്ടെടുക്കുന്നതിന്റെ പാതയിലാണ്. രാജ്യം അണ്ടര്‍ 17 ലോകകപ്പ് വേദിയായതും നാഴികക്കല്ലായി. ഇത് ഫുട്േബാള്‍ ആവേശം കൂട്ടുന്നതിന് ഇടയാക്കിയിട്ടുണ്ട്. ലോകകപ്പ് മത്സരത്തിന്റെ ഏഴയലത്ത് എത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ലെങ്കിലും 2018 ലെ മത്സരം കാണുന്നതില്‍ മുന്പന് തന്നെയാണ് ഇന്ത്യ. കഴിഞ്ഞ 48 കളികളിലായി 15.32 കോടി ഇന്ത്യക്കാര്‍ കളികണ്ടു കഴിഞ്ഞു എന്ന കണക്ക് പുറത്ത് വന്നിരിക്കുന്നു. 12കോടി ആളുകള്‍ ടിവി വഴിയും മൂന്നുകോടി ആളുകള്‍ ലൈവ്സ്ട്രീം വഴിയുമാണ് കളികണ്ടിരിക്കുന്നത്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബംഗാളികളാണ്് കളികണ്ടവരില്‍ ഒന്നാമത്. രണ്ടാം സ്ഥാനം കേരളീയര്‍ക്ക് തന്നെ. 1.75കോടി ബംഗാളികള്‍ ഇക്കഴിഞ്ഞ ജൂണ്‍ 28 വരെ കളികണ്ടപ്പോള്‍ 1.58 കോടി കേരളീയര്‍ കണ്ടു. ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റേതാണ് ഈ കണക്ക്. 2014ലെ ബ്രസീല്‍ ലോകകപ്പില്‍ നാല്കോടി ആളുകളാണ് കളികണ്ടത്.
ലോക ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യ, ഫിഫ ലോക റാങ്കിങില്‍ 97 -ാം സ്ഥാനത്താണുള്ളത്. ഫുട്ബോളിന് രാജ്യത്തുള്ള ജനകീയത ശരിക്കും ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില് നേരത്തേ തന്നെ ലോകകപ്പില്‍ യോഗ്യത നേടാന്‍ നമുക്കാവുമായിരുന്നു. ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യ കളിക്കുന്ന ഒരു കാലം ഉണ്ടാവണം എന്നത് ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരുടെയും സ്വപ്നമായി അവശേഷിക്കുകയാണ്.
കേരളവും ഫുട്ബോളും
കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ ഇന്ന്് സജീവമാണ്. സന്തോഷ് ട്രോഫി വിജയം കേരളഫുട്ബോളിനെ ആവേശത്തിലാക്കിയിട്ടുണ്ട്. ആറാം പ്രാവശ്യമാണ് കേരളം ഇത്തവണ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടത്. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ സ്വപ്നമാണ്, ആവേശമാണ്, വികാരമാണ് അത്. 72-ാം സന്തോഷ് ട്രോഫിക്കായുള്ള പോരാട്ടം നടന്ന വംഗനാട്ടിലെ സാള്‍ട്ട്ലേക്ക് മൈതാനത്ത് കേരളത്തിലെ ഫുട്ബോളിന്റെ ഉയിര്‍പ്പായിരുന്നു നമ്മള് കണ്ടത്. പ്രതീക്ഷകള്‍ നിറച്ച തുകല്‍പ്പന്തില്‍ ചാരുതയുള്ള കളികൊണ്ട് മലയാളി യുവനിര അവസാന നിമിഷംവരെ ത്രസിപ്പിച്ചു, കളികൊണ്ട് ചരിത്രം മെനഞ്ഞു. കാല്‍പ്പന്തുകളിയുടെ ആരാധകര്‍ക്ക് ഈ വിജയം പെരുമയുടെ വീണ്ടെടുപ്പാണ്. ഒപ്പം നാട്ടിലെ മൈതാനങ്ങള്‍ പുതുതലമുറയെ കാത്തിരിക്കുന്നുവെന്ന ഓര്‍മപ്പെടുത്തലും.
കഴിഞ്ഞ ഐഎസ്എല്‍ മത്സരങ്ങളില്‍ അരലക്ഷത്തിലേറെ കാണികളാണ് കൊച്ചി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയിരുന്നത്. സൂപ്പര്‍ലീഗിലും ഐ ലീഗിലും കേരളത്തിന് പ്രാതിനിധ്യമുണ്ട്. സൂപ്പര്‍കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിനും ഗോകുലം എഫ്സിക്കും അവസരം ലഭിച്ചതും കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരള ഫുട്ബോള്‍ വളര്‍ച്ചയുടെ പാതയിലാണെന്ന് നിസംശയം പറയാന്‍ സാധിക്കും. എങ്കിലും ഇനിയുമേറെ പടികള്‍ കയറാന്‍ ബാക്കിയുണ്ട്.
കേരളത്തില്‍ ഫുട്ബോള്‍ പെരുമ നിറഞ്ഞത് മലബാര്‍ പ്രദേശമാണ്. ക്രിക്കറ്റിന്റെ തള്ളിക്കയറ്റത്തില്‍ കേരളത്തില്‍ ചിലപ്രദേശങ്ങളില്‍ നിന്നും കാല്‍പ്പന്തുകളിയുടെ ആവേശം ഇറങ്ങി പോയെങ്കിലും മലബാറുകാരുടെ മനസില്‍ നിന്നും ഫുട്ബോള്‍ ഇറങ്ങിപോയില്ല. സെവന്‍സ് സീസണുകള്‍ മലബാറുകാരുടെ കളിക്കമ്പത്തിനും വാശിക്കും തീ പിടിക്കുന്ന കാലമാണ്.
തലസ്ഥാന ജില്ലയുടെ തീരദേശ ഗ്രാമങ്ങളും ഫുട്ബോള്‍ ജീവിതത്തിന്റെ ഭാഗമാക്കിയവരാണ്. തീരത്തിന്റെ വറുതിയിലും ഇല്ലായ്മയിലും നട്ടംതിരിയുമ്പോഴും തീരത്തിലെ യുവതക്ക് ഫുട്ബോള്‍ സൗന്ദര്യം ലഹരിയായിരുന്നു. ലോകത്തിലെ എതുമൂലയില്‍ ഫുട്ബാള്‍ മത്സരം ഉണ്ടായാലും അതിന്റെ അലയൊലികള്‍ തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളിലും അലയടിക്കാറുണ്ട്. 14 വര്‍ഷം മുമ്പ് കേരളത്തിന് സന്തോഷ്ട്രോഫി നേടിതന്ന ക്യാപ്റ്റന്‍ സില്‍വസ്റ്റര്‍ ഇഗ്നേഷ്യസ് മുതല്‍ ഇത്തവണത്തെ കോച്ച് സതീവന്‍ ബാലന്വരെ ഇവിടെ കളിച്ച് പഠിച്ചവരാണ്. ഇത്തവണ കപ്പുയര്‍ത്തിയ മൂന്നുപേര്‍ പൊഴിയൂര്ക്കാരായ എസ് ലിജോ, സീസണ്, വലിയതുറ നിന്നുള്ള സജിത് പൗലോസ് എന്നിവരാണ്. ഇതുകൂടാതെ ഇത്തവണ പൊഴിയൂരില്‍ നിന്നുള്ള രാജേഷ് കര്ണ്ണാടകക്കുവേണ്ടിയും അജീഷ് തമിഴ്നാടിനുവേണ്ടിയും ബൂട്ടണിഞ്ഞു.
കേരളത്തിന്റെ യുവനിര സന്തോഷ് ട്രോഫിയില്‍ ഇപ്പോള്‍ നേടിയിരിക്കുന്ന വിജയം ഭാവിയിലേക്കുള്ള ചവിട്ടുപടിയാകണം. ശാസ്ത്രീയമായ സമീപനം സ്വീകരിക്കുകയും ലക്ഷ്യബോധത്തോടുകൂടി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഇന്ത്യക്കും ഒരു ഫുട്ബോള്‍ ശക്തിയാകുവാന്‍ സാധിക്കും.
ഫുട്ബോള്‍ ലോകകപ്പ് കാലത്ത് അര്‍ജന്റീനയുടെയും ബ്രസീലിന്റെയും താരങ്ങളുടെ ഫഌക്സ്ബോര്ഡുവച്ച് തിമിര്‍ക്കുന്ന സ്ഥാനത്ത് ഇന്ത്യന്‍ ടീമംഗങ്ങളുടെ ചിത്രങ്ങള്‍ വച്ച് ഗ്രാമങ്ങളിലാകെ ടൂര്‍ണമെന്റുകള്‍ നടക്കുന്ന കാഴ്ച കാണാന്‍ എന്റെയും നിങ്ങളുടെയും കണ്ണുകള്‍ കൊതിക്കുകയാണ്. അതു സാക്ഷാല്‍ക്കരിക്കപ്പെടാന്‍ നമുക്ക് പ്രയത്നിക്കാം.