20 പാക് സൈനികരെ ഏറ്റുമുട്ടലുകളില്‍ വധിച്ചുവെന്ന് കേന്ദ്രം

Web Desk
Posted on February 16, 2018, 10:46 pm

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്ന് പാക് സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പാക് സൈന്യത്തിനെതിരെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തിരിച്ചടിക്കാനുള്ള സ്വാതന്ത്ര്യം സൈന്യത്തിന് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 20 പാക് സൈനികരെ വിവിധ ഏറ്റുമുട്ടലുകളില്‍ സൈന്യം വധിച്ചതായും സര്‍ക്കാര്‍ വെളിപ്പെടുത്തി.
നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന എല്ലാത്തരം ആധിപത്യങ്ങളെയും ചെറുത്ത് തോല്‍പ്പിക്കാന്‍ സൈനികര്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യമാണ് നല്‍കിയിരിക്കുന്നത്. ഇതുപയോഗിച്ച് ഇന്ത്യന്‍ സൈനികര്‍ പാകിസ്ഥാന് ശക്തമായ മറുപടി നല്‍കുന്നുണ്ട്. പ്രത്യാക്രമണങ്ങളില്‍ 20 പാക് സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവയ്പില്‍ നിരവധി പാക് സൈനിക പോസ്റ്റുകളും തകര്‍ന്നു. ലൈറ്റ് മെഷീന്‍ ഗണ്‍, ഹെവി 120 എം എം മോര്‍ട്ടാര്‍, ലൈറ്റ് ടാങ്ക് വേധ മിസൈലുകള്‍ തുടങ്ങിയവ ഉപയോഗിച്ച് ഇരുഭാഗത്ത് നിന്നും വെടിവയ്പ്പ് നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കശ്മീരില്‍ പാക് സൈന്യവും തീവ്രവാദികളും നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കേന്ദ്രത്തിന് കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുമ്പോഴാണ് സര്‍ക്കാര്‍ വിശദീകരണം പുറത്ത് വന്നത്. ഇതിനിടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധവും വഷളായി തുടരുകയാണ്. കഴിഞ്ഞ ദിവസം കശ്മീരിലെ സുഞ്ച്‌വാന്‍ സൈനിക ക്യാമ്പില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ 6 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഈ വര്‍ഷം മാത്രം 16 സൈനികര്‍ പാക് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ബിഎസ്എഫ് പോലുള്ള അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ കണക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യയേക്കാള്‍ നാശനഷ്ടം പാക് സൈന്യത്തിനാണെന്നാണ് സര്‍ക്കാര്‍ വാദം.