കണ്ണൂര്‍: ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ 80ാം പതിപ്പ് ഡിസംബർ 28 മുതൽ 30 വരെ കണ്ണൂർ സർവകലാശാലയിൽ നടക്കുകയാണ്. 69ആമത് സമ്മേളനത്തിന് 2008ൽ സർവകലാശാല ആതിഥ്യമരുളിയിരുന്നു. കേവലം 50ഓളം ചരിത്രകാരന്മാർ ചേർന്ന് രൂപം കൊടുത്ത ചരിത്ര കോൺഗ്രസ് ഇന്ന് ഇന്ത്യയിലെ ചരിത്ര പണ്ഡിതരുടെ ഏറ്റവും വലിയ സംഘടനയാണ്. ഏകദേശം 30000ഓളം അംഗങ്ങളുള്ള സംഘടനയുടെ വാർഷിക സമ്മേളനത്തിന് 1500നും 2000നും ഇടയിൽ അംഗങ്ങൾ പങ്കെടുക്കാറുണ്ട്. ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ ചരിത്രരചന ലക്ഷ്യം വെച്ചുകൊണ്ടുള്ള നിരന്തരമായ ശ്രമങ്ങൾ ചരിത്ര കോൺഗ്രസ് നടത്തിയിട്ടുണ്ട്. ചരിത്ര പാഠപുസ്തകങ്ങളെ വർഗീയ ലക്ഷ്യം വെച്ചുകൊണ്ട് 1977ൽ തിരുത്തുയെഴുതാനുള്ള ശ്രമങ്ങളെ ഏറ്റവും നിശിതമായി വിമർശിക്കാനും അതിന് എതിരെ രംഗത്ത് വരാനും ചരിത്ര കോൺഗ്രസ് തയ്യാറായി. അതുപോലെ ചരിത്രം സ്ഥാപിത താൽപര്യങ്ങൾക്കായി വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ ചരിത്ര കോൺഗ്രസ് നിരന്തരം ചെറുക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 1500ൽ അധികം പ്രതിനിധികളെയാണ് കണ്ണൂരിൽ പ്രതീക്ഷിക്കുന്നത്. ചരിത്ര കോൺഗ്രസിന്റെ ഔപചാരികമായ ഉദ്ഘാടനം 28ന് രാവിലെ 10. 30ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. ചരിത്ര കോൺഗ്രസിന്റെ നിയുക്ത അധ്യക്ഷൻ പ്രൊഫ. അമിയ കുമാർ ബാഗ്ചി പ്രൊഫ. ഇർഫാൻ ഹബീബിൽ നിന്ന് സ്ഥാനം ഏറ്റെടുക്കും. തുറമുഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യയിലെ പ്രമുഖരായ ചരിത്രകാരന്മാർ സമ്മേളനത്തിൽ പങ്കെടുക്കും.
ഉദ്ഘാടനത്തിന് ശേഷം പ്രാചീന ഇന്ത്യ, മധ്യകാല ഇന്ത്യ ആധുനിക ഇന്ത്യ, സമകാലിക ഇന്ത്യ, പുരാവസ്തു വിജ്ഞാനീയം, ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങൾ എന്നിങ്ങനെ ആറ് സെഷനുകളിലായി പ്രബന്ധാവതരണങ്ങൾ നടത്തും. ഈ സെഷനുകൾക്ക് പുറമെ നാല് പാനൽ ചർച്ചകളും 28,29 തീയതികളിൽ വൈകുന്നേരം പ്രൊഫ. എസ്. സി മിശ്ര സ്മാരക പ്രഭാഷണവും സിമ്പോസിയവും നടക്കും. പ്രസിദ്ധ പത്രപ്രവർത്തകനായ ശ്രീ. എൻ റാം പ്രൊഫ. എസ്. സി മിശ്ര സ്മാരക പ്രഭാഷണം നടത്തും. 30ന് ഉച്ചയോടെ പ്രബന്ധാവതരണങ്ങൾ അവസാനിക്കും. 30ന് ഉച്ചയ്ക്ക് 2 മണിക്ക് ചേരുന്ന ജനറൽ ബോഡി യോഗത്തിന് ശേഷം സമ്മേളനം അവസാനിക്കും.
28,29 തീയതികളിൽ വൈകിട്ട് 7 മണിക്ക് ശേഷം ഫോക്‌ലോർ അക്കാഡമിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. ഉദ്ഘാടന സമ്മേളത്തിലും കലാപരിപാടികളിലും പൊതുജനങ്ങൾക്കും പങ്കെടുക്കാം.
വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, സിൻഡിക്കേറ്റ് അഗം ബിജു കണ്ടക്കൈ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി. സുമേഷ്, ഹിസ്റ്ററി കോൺഗ്രസ് ലോക്കൽ സെക്രട്ടറി പി. മോഹൻദാസ്, പ്രചാരണ കമ്മിറ്റി കൺവീനർ പി. കെ ബൈജു എന്നിവര്‍ പങ്കെടുത്തു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.