14 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 13, 2024
September 11, 2024
September 11, 2024
September 10, 2024
September 9, 2024
September 9, 2024
September 9, 2024
September 8, 2024
September 7, 2024
September 6, 2024

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രഹസനം : മാര്‍ഗ നിര്‍ദ്ദേശം കാറ്റില്‍

നേതൃത്വം ഖാർഗെയോയൊടെപ്പം
ഹൈക്കമാൻഡ് സംസ്കാരം മാറണമെന്ന് തരൂർ
Janayugom Webdesk
ന്യൂഡൽഹി
October 8, 2022 9:52 pm

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്കുള്ള പത്രിക പിൻവലിയ്ക്കാനുള്ള അവസാന സമയം പിന്നിട്ടതോടെ സ്ഥാനാർത്ഥികളായി മല്ലികാർജുൻ ഖാർഗെയും ശശി തരൂരും നേര്‍ക്കുനേര്‍. ഇടയ്ക്ക് തരൂർ പിന്മാറുമെന്ന് ഡൽഹിയിൽ നിന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹം നിരസിച്ചു. സമവായത്തിനോ പത്രിക പിൻവലിക്കാനോ ഇല്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ചൂടേറിയ പ്രചരണത്തിന് ഇരു സ്ഥാനാര്‍ത്ഥികളും ഇറങ്ങുമ്പോള്‍ ഒരാളെ മാത്രം പിന്തുണയ്ക്കുന്ന നേതൃത്വത്തിന്റെ നിലപാട് തെരഞ്ഞെടുപ്പ് പ്രഹസനമാണെന്ന് വെളിപ്പെടുത്തുന്നു.

ഹൈക്കമാൻഡിനോ നെഹ്രു കുടുംബത്തിനോ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്നും നേതാക്കള്‍ ആര്‍ക്കെങ്കിലും വേണ്ടി പ്രചരണം നടത്തരുതെന്നും തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി നിര്‍ദ്ദേശം നല്കിയിരുന്നെങ്കിലും ഖർഗെയെ പരസ്യമായി പിന്തുണയ്ക്കുന്ന പിസിസികളുടെ എണ്ണം വർധിച്ചു. പാര്‍ട്ടിയില്‍ ജനാധിപത്യം തിരിച്ചുകൊണ്ടുവരാനാണ് തെരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ച ഹെെക്കമാന്‍ഡ് തന്നെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ജയിപ്പിക്കാന്‍ രംഗത്തിറങ്ങുന്ന വിചിത്ര കാഴ്ചയാണ് തെരഞ്ഞെടുപ്പ് രംഗത്ത്. ഖാര്‍ഗെ പ്രചരണത്തിനെത്തുന്ന സംസ്ഥാനങ്ങളിലെ പാര്‍ട്ടി കമ്മറ്റികളും നേതാക്കളും അദ്ദേഹത്തിന് ഔദ്യോഗികമായി സ്വീകരണം ഒരുക്കുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ മാറ്റമുണ്ടാക്കാനാണ് മത്സരം എന്ന് പ്രഖ്യാപിച്ച ശശി തരൂരിനെ പരസ്യമായി പിന്തുയ്ക്കാന്‍ മുതിര്‍ന്ന നേതാക്കളാരും തയാറാകുന്നുമില്ല.

‘തന്നെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർ പാർട്ടിയിലുണ്ട്. പിന്തുണ നൽകിയതിന്റെ പേരിൽ തങ്ങൾ അപകടത്തിലാകുമോ എന്ന് അവർക്ക് ഭയമാണ്. ഭയപ്പെടേണ്ട ആവശ്യമില്ലെന്നും നീതിയുക്തമായ തെരഞ്ഞെടുപ്പിലൂടെ മാത്രമേ അധ്യക്ഷനെ കണ്ടെത്തൂ എന്ന് നേതൃത്വം ഉറപ്പ് നല്കിയിട്ടുണ്ടെ‘ന്നും തരൂർ പറഞ്ഞു. കോൺഗ്രസിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പുതിയ വോട്ടുകൾ ആവശ്യമാണ്. നാട്ടിൽ തൊഴിലില്ലായ്മയുണ്ട്, വിലക്കയറ്റമുണ്ട്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങണം. നൽകിയ വാഗ്ദാനങ്ങൾ പാലിച്ചോ ഇല്ലയോ എന്ന് അവരെ ബോധ്യപ്പെടുത്തണം’ ‑തരൂര്‍ പറഞ്ഞു.

‘കോൺഗ്രസിൽ എല്ലാം തീരുമാനിക്കുന്നത് ഡൽഹിയിലാണ്. അധികാരം വികേന്ദ്രീകരിക്കുകയാണ് വേണ്ടത്. പാർട്ടിക്ക് ഒരു പുതിയ ഊർജം ആവശ്യമാണ്. കോൺഗ്രസ് പ്രവർത്തക സമിതിയിലും തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. പാർലമെന്ററി ബോർഡ് ഇല്ല. ഒറ്റവരി തീർപ്പ് എന്ന ശീലം മാറ്റണം. ഹൈക്കമാൻഡ് സംസ്കാരം അവസാനിപ്പിക്കണം. മാർഗനിർദ്ദേശം മറികടന്ന് മല്ലികാർജുൻ ഖർഗെയെ പിന്തുണയ്ക്കുന്ന നേതാക്കൾക്കെതിരെ പരാതി നല്കു‘മെന്നും തരൂർ വ്യക്തമാക്കി.

അതേസമയം മല്ലികാർജുൻ ഖാർഗെക്കായി പ്രചാരണം നടത്താൻ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ഗുജറാത്തിലെത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ ഖാർഗെക്കൊപ്പം പ്രചാരണത്തിനിറങ്ങുമെന്ന് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും സാധാരണ പ്രവർത്തകർ ആഗ്രഹിക്കുന്നതുപോലെ പാർട്ടി തിരിച്ചുവരുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പാർട്ടി ഭാരവാഹിയല്ലാത്തതിനാൽ ചെന്നിത്തല ഖാർഗെക്കായി പ്രചാരണം നടത്തുന്നതിൽ തെറ്റില്ലെന്നാണ് ശശി തരൂരിന്റെ പ്രതികരണം.

ഈ മാസം 17 നാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുക. രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് മല്ലികാർജുൻ ഖാർഗെ. ശശി തരൂരാകട്ടെ കേരളത്തില്‍ നിന്നുള്ള എംപിയും. രണ്ടു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഗാന്ധി കുടുംബമല്ലാത്ത ഒരാൾ പാർട്ടിയുടെ ഉന്നത സ്ഥാനം വഹിക്കാൻ പോകുന്നത്. 125 വര്‍ഷത്തിനു ശേഷമാണ് ഒരു മലയാളി കോണ്‍ഗ്രസ് തലപ്പത്തേക്ക് മത്സരിക്കുന്നത്. വോട്ടെണ്ണൽ ഒക്ടോബർ 19 ന് നടക്കും. അന്ന് തന്നെ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Eng­lish Sum­ma­ry: Indi­an Nation­al Con­gress pres­i­den­tial election
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.