August 14, 2022 Sunday

ഇന്ത്യൻ ദേശീയതയും പുതിയ പൗരത്വ (ഭേദഗതി) നിയമവും

Janayugom Webdesk
December 7, 2019 9:50 pm

ഡിസംബർ 4 ബുധനാഴ്ച കൂടിയ കേന്ദ്ര ക്യാബിനറ്റ് പൗരത്വ (ഭേദഗതി) നിയമം-2019 അംഗീകരിച്ചു. പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ തന്നെ (ചിലപ്പോൾ തിങ്കളാഴ്ച) ബിൽ അവതരിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 1955 ലെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനാണ് പുതിയ നിയമ നിർമാണം. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്ത ഹിന്ദു, ക്രിസ്ത്യൻ, സിഖ്, പാഴ്സി, ബുദ്ധ, ജൈന മതവിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനാണ് പുതിയ ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് കുറഞ്ഞത് പതിനൊന്ന് വർഷമെങ്കിലും ഇന്ത്യയിൽ താമസിക്കണമെന്ന വ്യവസ്ഥ ആറു വർഷമായി ഭേദഗതി നിയമത്തിൽ കുറച്ചിട്ടുമുണ്ട്. ഇതിൽ ഒഴിവാക്കപ്പെട്ടിരിക്കുന്നത് മുസ്ലീം മതവിഭാഗങ്ങൾ മാത്രമാണ്.

1955 ലെ സിറ്റിസൺഷിപ്പ് നിയമമനുസരിച്ച് നിയമവിരുദ്ധ കുടിയേറ്റക്കാരെ ഒന്നുകിൽ അവരുടെ സ്വന്തം രാജ്യത്തേക്ക് മടക്കി അയയ്ക്കണം അല്ലെങ്കിൽ ജയിലിലടയ്ക്കണം. ആവശ്യമായ യാത്രാ രേഖകളില്ലാതെ 2015 ന് മുൻപ് ഇന്ത്യയിൽ കുടിയേറിയവർക്കാണ് പുതുതായി പൗരത്വം നൽകുന്നത്. 2016 ൽ ലോക്‌സഭ പാസാക്കിയ ബിൽ രാജ്യസഭയിൽ പാസാക്കാൻ കഴിഞ്ഞില്ല. മോഡിയുടെ രണ്ടാമൂഴത്തിൽ ആവശ്യത്തിനുള്ള ഭൂരിപക്ഷം ഇരുസഭകളിലും ഉറപ്പായതുകൊണ്ടാണ് ഇപ്പോൾ വീണ്ടും ബിൽ അവതരിപ്പിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറാം, മേഘാലയ, ത്രിപുര, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ വർഷം കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വന്നു. അത് പല രൂപത്തിൽ ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്തുകൊണ്ടായിരിക്കണം പുതിയ ഭേദഗതി ബില്ലിൽ അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറാം സംസ്ഥാനങ്ങളിലെ ഇന്നർ ലൈൻ പെർമിറ്റ് മേഖലകൾ ബില്ലിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയത്.

കൂടാതെ അസം, മേഘാലയ, ത്രിപുര സംസ്ഥാനങ്ങളിലെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ പെടുന്ന പ്രദേശങ്ങളും ബില്ലിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെല്ലാം ബില്ലിനനുകൂലവും പ്രതികൂലവുമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ബില്ല് നിയമമാകുന്നതോടുകൂടി പരമ്പരാഗത നിവാസികളായ ആസ്സാമീസ്, നാഗാ, മണിപ്പൂരി തുടങ്ങിയ വിഭാഗങ്ങളുടെ തൊഴിൽ അവസരങ്ങളുൾപ്പെടെ പല സർക്കാർ പരിഗണനകളും നഷ്ടപ്പെടുമെന്ന ആശങ്കയും അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കൂടുന്നതോടുകൂടി തങ്ങളുടെ ജനാധിപത്യപരമായ സാമൂഹ്യ‑രാഷ്ട്രീയാവകാശങ്ങൾ പോലും കവർന്നെടുക്കപ്പെടുമെന്ന ആശങ്കയും പരമ്പരാഗത ജനസമൂഹത്തിനുണ്ട്. മറിച്ച് മുസ്ലീം മതവിഭാഗക്കാരെ മാത്രം പൗരത്വ നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കുമ്പോൾ മതപരമായ വിവേചനമാണ് സർക്കാർ കാണിക്കുന്നത് എന്ന പേരിലുള്ള സമരവും ശക്തമാണ്. പാർലമെന്റിലും ദേശീയതലത്തിലും വമ്പിച്ച എതിർപ്പാണ് സർക്കാർ ക്ഷണിച്ചുവരുത്തിയിട്ടുള്ളത്.

മോഡി-അമിത്ഷാ-രാജ്നാഥ് സിങ് ത്രയങ്ങൾ ഇവിടെ ലക്ഷ്യമിടുന്നത് ഒരു ഹിന്ദു രാഷ്ട്ര രൂപീകരണമാണ്. ഈ മേഖലയിലെ കുടിയേറ്റക്കാരിലെ ഗണ്യമായ വിഭാഗം മുസ്ലീങ്ങളാണ്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് രാഷ്ട്രങ്ങളിൽ നിന്നും അവിടുത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങൾ പീഡിതരായി ഓടി രക്ഷപ്പെട്ട് ഇന്ത്യയിൽ അഭയം തേടി കുടിയേറ്റക്കാരായി എന്നതും അവർക്ക് ഇന്ത്യയിലല്ലാതെ മറ്റെങ്ങും പോകാനില്ലായെന്നതുകൊണ്ടും അവർക്ക് പൗരത്വം നൽകണം എന്നതാണ് കേന്ദ്രമന്ത്രിമാരായ അമിത്ഷായുടെയും രാജ്നാഥ് സിങിന്റെയും വിശദീകരണം. 2017 ലാണ് മ്യാൻമറിലെ ബുദ്ധമത തീവ്രവാദികളുടെ പീഡനങ്ങളിൽ സഹികെട്ട് ആയിരക്കണക്കിന് മുസ്ലീം റോഹിംഗ്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിലും ഇന്ത്യയിലുമായി എത്തിച്ചേർന്നത്. മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അഭയാർത്ഥികളായി വരുന്നവരുടെ എണ്ണവും കുറവല്ല. ഈ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളായ അഭയാർത്ഥികളെ കേന്ദ്ര സർക്കാർ കാണുന്നില്ല. ഇന്ത്യയുടെ അയൽരാജ്യങ്ങളായ മൂന്നു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ മാത്രം സംരക്ഷിക്കുന്നത് എന്തുകൊണ്ടാണ്.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് പറയുന്നതോടൊപ്പം ആർട്ടിക്കിൾ 15 ഉം 16 ഉം ഇന്ത്യൻ പൗരന്മാരിൽ മതപരമായ വിവേചനം പാടില്ലായെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ ഇന്ത്യൻ പൗരത്വം തീരുമാനിക്കുന്നതിന് മതം ഒരു ഘടകമാകുന്നു എന്നതാണ് പ്രസക്തമായ ഭാഗം. ഇന്ത്യൻ ദേശീയത തീരുമാനിക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണോ? മതേതരത്വ ഇന്ത്യയെന്ന വിശ്വാസപ്രമാണവും ഭരണഘടനയുടെ അന്ത: സത്തയും മോഡി സർക്കാർ പൂർണമായും അവഗണിക്കുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 5 ഭരണഘടന നിലവിൽ വരുന്ന സമയത്തുള്ള ഇന്ത്യൻ പൗരത്വത്തെ സംബന്ധിച്ച് വ്യക്തമാക്കുന്നുണ്ട്. ആർട്ടിക്കിൾ ആറ് പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരുടെ പൗരത്വത്തെക്കുറിച്ച് പറയുന്നു. ഇവിടെയൊന്നും ഇന്ത്യൻ പൗരത്വം മതപരമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലല്ല. മതത്തെ സംബന്ധിച്ചുള്ള ഒരു പരാമർശംപോലും സിറ്റിസൺഷിപ്പ് വിശദമാക്കുന്ന ഭരണഘടനയുടെ പാർട്ട് രണ്ടിലെവിടെയും ഇല്ല. എന്നാൽ ആർട്ടിക്കിൾ പതിനൊന്ന് അനുസരിച്ച് പൗരത്വം സംബന്ധിച്ച് നിയമം കൊണ്ടുവരുന്നതിന് ഗവൺമെന്റിനവകാശം ഉണ്ട്.

2003 ലും 2005 ലും സിറ്റിസൺ നിയമത്തിൽ ഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ട്. ആ രണ്ടു ഭേദഗതി നിയമത്തിലും ഒരു ഭാഗത്തും ഏതെങ്കിലും ഒരു മതത്തിന്റെ പേര് പരാമർശിച്ചിട്ടുപോലും ഇല്ല. മോഡി സർക്കാർ കൊണ്ടുവന്ന ഈ ഭേദഗതി നിയമത്തിലാണ് ആദ്യമായി മതാടിസ്ഥാനത്തിലുള്ള പൗരത്വം ഉൾപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനയനുസരിച്ച് മതേതരത്വം നിലനിൽക്കുന്ന ഒരു ജനാധിപത്യരാജ്യത്ത് ദേശീയത അഥവാ പൗരത്വം തീരുമാനിക്കുന്നതിന് മതത്തെ ഒരു മാനദണ്ഡമായി കണക്കാക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്, ജനാധിപത്യവിരുദ്ധമാണ്. ഇന്ത്യയെ ഒരു മതാടിസ്ഥാന രാജ്യമാക്കി മാറ്റാനുള്ള ബി ജെ പി യുടെ ഗൂഢ നീക്കത്തെ ശക്തമായി എതിർക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.