19 April 2024, Friday

Related news

January 31, 2024
December 18, 2023
December 12, 2023
September 21, 2023
September 21, 2023
September 18, 2023
August 31, 2023
August 31, 2023
August 10, 2023
August 8, 2023

സപ്തതി ആഘോഷിക്കുന്ന ഇന്ത്യൻ പാർലമെന്റ്

അ‍ഡ്വ. പി സന്തോഷ് കുമാര്‍
(രാജ്യസഭാംഗം)
May 13, 2022 7:00 am

അടുത്തകാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ് ഹാർവാർഡ് സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർമാരായ സ്റ്റീവൻ ലെവിറ്റ്സ്കിയും ഡാനിയൽ സിബ്ലാട്ടും ചേർന്ന് എഴുതിയ “ഹൌ ഡെമോക്രസീസ് ഡൈ”. ട്രംപിന്റെ ഭരണകാലത്തെ ജനാധിപത്യ സംവിധാനങ്ങളുടെ തകർച്ചയാണ് പ്രധാന പ്രതിപാദ്യവിഷയമെങ്കിലും സമകാലിക ജനാധിപത്യരാഷ്ട്രീയത്തിൽ നിന്നും സഹവർത്തിത്വത്തിന്റെയും സംവാദസംസ്കാരത്തിന്റെയും സർവോപരി പ്രതിപക്ഷരാഷ്ട്രീയത്തിന്റെ സാധുത ടെയും കാലം അസ്തമിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളാണ് പുസ്തകം പങ്കുവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ നിലവിൽ വന്ന ഭരണസംവിധാനങ്ങൾ പാർലമെന്റിനെ നോക്കുകുത്തിയാക്കിക്കൊണ്ട് അതിവേഗം വംശീയ‑ഭൂരിപക്ഷജനാധിപത്യത്തിലേക്ക് നടന്നുപോകുന്ന കാലഘട്ടം കൂടിയാണിത്. ഈ സാഹചര്യത്തിലാണ്, നമ്മൾ ഇന്ത്യൻ പാർലമെന്റിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്നത് എന്നത് പ്രസക്തമാണ്. ഇന്നേക്ക്, കൃത്യം എഴുപതു വർഷങ്ങൾക്കു മുൻപ്, 1952 മേയ് 13നാണ് ലോക്‌സഭയുടെയും രാജ്യസഭയുടെയും ആദ്യ സമ്മേളനം നടന്നത്. അതൊരു ചരിത്രമുഹൂർത്തമായിരുന്നു. പരിഷ്കൃതജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്ന് അഭിമാനിച്ചിരുന്ന പാശ്ചാത്യരാജ്യങ്ങൾ പോലും വോട്ടവകാശം സാർവത്രികമാക്കാതെ, സ്വത്ത് ഉടമസ്ഥതയുള്ളവർക്ക് മാത്രം അനുവദിക്കുകയും സ്ത്രീകൾക്കും ആഫ്രിക്കൻവംശജർക്കും വോട്ടവകാശം നിഷേധിക്കുകയും ചെയ്തപ്പോഴാണ് ഇന്ത്യ, സ്വാതന്ത്ര്യം കിട്ടിയ ഉടൻ തന്നെ സാർവത്രികവോട്ടവകാശത്തിൽ ഊന്നിയ പൊതു തെരഞ്ഞെടുപ്പ് നടത്തിയത്. 1951 ഒക്ടോബർ ഇരുപത്തിയഞ്ചാം തീയതി, ഹിമാചൽ പ്രദേശിലെ ചിനി എന്ന ഗ്രാമത്തിലെ ശ്യാം ശരൺ നേഗി ഇന്ത്യയിലെ ആദ്യത്തെ സമ്മതിദായകരായി വോട്ടുചെയ്തു. തുടർന്ന്, 1952 ഫെബ്രുവരി ഇരുപത്തി ഒന്ന് വരെ നീണ്ടുനിന്ന സങ്കീർണമായ പ്രക്രിയയിലൂടെ 173 ദശലക്ഷം വോട്ടർമാർ ഇന്ത്യയുടെ ആദ്യത്തെ ജനാധിപത്യ സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള ചരിത്രദൗത്യത്തിൽ പങ്കാളികളായി. അതിൽ ഏകദേശം 75 ശതമാനത്തോളം വോട്ടർമാർ നിരക്ഷരർ ആയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഇലക്ഷൻ കമ്മിഷണർ ആയിരുന്ന സുകുമാർസെൻ, ഭരണഘടനാ അസംബ്ലി സെക്രട്ടേറിയറ്റിലെ ഉപദേശകൻ ആയിരുന്ന ബി എൻ റാവു എന്നിവരാണ് ഏറ്റവും പ്രയാസകരമായിരുന്ന ഈ ഉത്തരവാദിത്തം അപാരമായ ഇച്ഛാശക്തിയോടെ ഏറ്റെടുത്തു നടത്തിയത്. 364 സീറ്റ് നേടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയപ്പോൾ, 16 സീറ്റുകൾ നേടിയ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടാമത്തെ കക്ഷിയായി. സോഷ്യലിസ്റ്റ് പാർട്ടിക്ക് 12 സീറ്റും കിസാൻ മസ്ദൂർ പ്രജാ പാർട്ടിക്ക് ഒമ്പതു സീറ്റുമാണ് ലഭിച്ചത്. രാജ്യസഭയിൽ 204 തെരഞ്ഞെടുത്ത അംഗങ്ങളും 12 നാമനിര്‍ദ്ദേശക അംഗങ്ങളും ആയിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ സമ്മേളനം മേയ് 13ന് നടന്നപ്പോൾ, എല്ലാ അംഗങ്ങളുടെയും സത്യപ്രതിജ്ഞ നടക്കുകയും ഇടക്കാല സ്പീക്കറായി ജി വി മാവ്‌ലങ്കർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എടുത്തുപറയേണ്ട ഒരു കാര്യം, ആദ്യ സമ്മേളനം നടന്നപ്പോൾ തന്നെ, മൃഗീയഭൂരിപക്ഷമുള്ള സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളെ ശക്തമായി എതിർക്കാൻ അന്നത്തെ പ്രതിപക്ഷം പ്രതിജ്ഞാബദ്ധമായിരുന്നു എന്ന വസ്തുതയാണ്. മാവ്‌ലങ്കറിന്റെ പേര് സ്പീക്കർ ആയി ജവഹർലാൽ നെഹ്രു നിർദേശിച്ചപ്പോൾ, ശങ്കർ ശാന്താറാം മോറെയുടെ പേര് എതിർ സ്ഥാനാർത്ഥിയായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഭാ നേതാവായ എ കെ ഗോപാലൻ മുന്നോട്ടുവയ്ക്കുകയും മദ്രാസിൽ നിന്നുള്ള സ്വതന്ത്രഅംഗം ആയ ലങ്കാസുന്ദരം അതിനെ പിന്തുണച്ചുകൊണ്ട്, പ്രതിപക്ഷത്തു നിന്നുള്ള അംഗത്തെ സ്പീക്കർ ആക്കുന്നതാണ് ജനാധിപത്യ മര്യാദയെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. മാവ്‌ലങ്കർ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പാർലമെന്റിൽ എത്ര ന്യൂനപക്ഷമായാലും പ്രതിപക്ഷത്തിന് ചില ന്യായമായ അവകാശങ്ങൾ ഉണ്ടെന്നും സംവാദത്തിലൂടെയും സമവായത്തിലൂടെയുമാണ് നിയമനിർമ്മാണം നടക്കേണ്ടതെന്നും ഉള്ള കൃത്യമായ സന്ദേശം ആദ്യ സെഷനിൽ തന്നെ വ്യക്തമാക്കാൻ അന്നത്തെ പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നു.


ഇതുകൂടി വായിക്കാം; പാർലമെന്റ് അംഗങ്ങളുടെ നാടകം


മേയ് 13ലെ ആദ്യ സമ്മേളനത്തിൽ രാജ്യസഭയിൽ ചെയ്ത വൈകാരികമായ പ്രസംഗത്തിൽ രാഷ്ട്രപതി രാജേന്ദ്രപ്രസാദ്, ‘ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാവിയെക്കുറിച്ച് നമ്മുടെ ദേശീയപ്രസ്ഥാനത്തിന്റെ നേതാക്കൾക്ക് ഉണ്ടായിരുന്ന മനോഹരമായ സ്വപ്നങ്ങൾ ചർച്ചകളിലൂടെയും നിയമനിർമ്മാണത്തിലൂടെയും നെയ്തെടുക്കേണ്ടത് പാർലമെന്റ് അംഗങ്ങളുടെ പരമപ്രധാനമായ കടമയാണെന്ന്’ ഓർമ്മപ്പെടുത്തുകയുണ്ടായി. ആദ്യ സമ്മേളനത്തിന് ശേഷമുള്ള ഏഴു ദശകങ്ങളിൽ ഇന്ത്യൻ പാർലമെന്റിന്റെ സാമൂഹ്യഘടനയും സ്വഭാവവും മുൻഗണനകളും രീതികളും ഒക്കെ സമൂലമായ മാറ്റങ്ങൾക്കു വിധേയമായി. ഏകപാർട്ടി സമ്പ്രദായത്തിൽ നിന്നും ബഹുകക്ഷിസമ്പ്രദായത്തിലേക്കും പ്രാദേശികകക്ഷികളുടെയും സ്വത്വ‑ജാതി രാഷ്ട്രീയത്തിൽ അധിഷ്ഠിതമായ പാർട്ടികളുടെയും പ്രാതിനിധ്യത്തിലേക്കും ഇന്ത്യൻ പാർലമെന്റ് പതുക്കെ കടന്നു. സമൂഹത്തിലെ എല്ലാ ശ്രേണിയിലും ഉള്ള അംഗങ്ങളെ ഉൾക്കൊള്ളുന്ന വിധത്തിൽ ലോക്‌സഭയും രാജ്യസഭയും നവീകരിക്കപ്പെട്ടെങ്കിലും നിർഭാഗ്യവശാൽ പലപ്പോഴും ആ ബഹുസ്വരത നയങ്ങളിലും ചർച്ചകളിലും പ്രതിഫലിക്കപ്പെട്ടില്ല. അതോടൊപ്പം ക്രിമിനൽ പശ്ചാത്തലമുള്ളവരും വർഗീയലഹളകളിലെ പ്രതികളും വൻകിട കോർപറേറ്റുകളുടെ ഉടമകളും അതിസമ്പന്നരും ഒക്കെ ഇന്ത്യൻ പാർലമെന്റിൽ വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളായി കടന്നുവരാനും തുടങ്ങി. സ്വാഭാവികമായും ഭൂരിപക്ഷത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ ഇരുസഭകളും പ്രവർത്തിച്ചുവെങ്കിലും ഈ അടുത്ത കാലംവരെ, തീപാറുന്ന ചർച്ചകളുടെയും വ്യത്യസ്ത അഭിപ്രായങ്ങളുടെയും സ്വതന്ത്രവേദിയായിരുന്നു ഇന്ത്യൻ പാർലമെന്റ്. ഓരോ ബില്ലും ഇഴകീറി പരിശോധിച്ചശേഷവും നീണ്ട ചർച്ചകൾക്കൊടുവിലാണ് പാസാക്കിയിരുന്നത്. പക്ഷെ, 2014ൽ ബിജെപി അധികാരത്തിൽ വന്നതോടെ സംഘ്പരിവാർ അജണ്ടകൾ നിറവേറ്റാനുള്ള ഇടമായി മഹത്തായ ഇന്ത്യൻ പാർലമെന്റ് പതുക്കെ പരിണമിക്കാൻ തുടങ്ങിയത് ഗൗരവത്തോടെ കാണേണ്ടതാണ്. ആദ്യമായി പാർലമെന്റിൽ പ്രവേശിച്ചപ്പോൾ, പാർലമെന്റ് മന്ദിരത്തിന്റെ പടികളിൽ നമസ്കരിച്ചുകൊണ്ടു ‘ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ പ്രണമിക്കുന്നു’ എന്ന് അതീവനാടകീയമായി പ്രഖ്യാപിച്ച നരേന്ദ്രമോഡിയാണ് ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സമയം സംസാരിച്ച പ്രധാനമന്ത്രി. ഒരു വർഷത്തിൽ ശരാശരി 3.6 തവണ മാത്രമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി കഴിഞ്ഞ രണ്ടു സഭകളിലും സംസാരിച്ചത്. 2014–2019 കാലത്ത് വെറും 22 തവണ മാത്രമാണ് മോഡി സംസാരിച്ചത്. കേവലം രണ്ടു വര്‍ഷം മാത്രം പ്രധാനമന്ത്രി ആയിരുന്ന ദേവഗൗഡ പോലും 38 തവണ സംസാരിച്ചിരുന്നു എന്നോർക്കണം. 2018ല്‍ വെറും 14മണിക്കൂറാണ് ഇന്ത്യൻ പ്രധാനമന്ത്രി ലോക്‌സഭയുടെ സെഷനുകളിൽ പങ്കെടുത്തത്. രാജ്യസഭയിൽ വെറും പത്തു മണിക്കൂറും. അതിനുശേഷമുള്ള റെക്കോഡുകൾ ലഭ്യവുമല്ല. അതേസമയം, ഏറ്റവുമധികം ഓർഡിനൻസുകൾ പാസാക്കിയത് മോഡി സർക്കാരാണ്. ശരാശരി, 11 ഓർഡിനൻസുകളാണ് ഒരു വര്‍ഷം നടപ്പിലാക്കിയത്. സുപ്രധാനമായ ബില്ലുകൾ സെലക്ട് കമ്മിറ്റികൾക്കും സബ്ജക്ട് കമ്മിറ്റികൾക്കും വിടുന്നത് ഇന്ത്യൻ പാർലമെന്റിലെ ഒരു ദീർഘകാലകീഴ്‌വഴക്കം ആയിരുന്നു. പതിനഞ്ചാം ലോക്‌സഭയിൽ 71 ശതമാനം ബില്ലുകളും കമ്മിറ്റികൾക്ക് വിട്ടിരുന്നുവെങ്കിൽ 16-ാം ലോക്‌സഭയിൽ അത് 24 ശതമാനമായി കുറഞ്ഞു. ഇപ്പോഴത്തെ സഭയിലാണെങ്കിൽ 2021 വരെയുള്ള കണക്കുകൾ അനുസരിച്ച് വെറും രണ്ടു ബില്ലുകളാണ് കമ്മിറ്റികളുടെ പരിഗണനയ്ക്ക് വിട്ടത്. ഇത് ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളിൽ നിന്നുള്ള അപകടകരമായ അപഭ്രംശമാണ്. രാഷ്ട്രത്തെ ബാധിക്കുന്ന പൊതുവായ വിഷയങ്ങളിൽ, സമൂഹത്തിലെ വിവിധ ശ്രേണികളിലെ മനുഷ്യരുമായും, വിഷയവിദഗ്ധരുമായും ചർച്ച ചെയ്യുകയും അവരുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ച് പൊതുവായ സമന്വയത്തിൽ എത്തുകയും ചെയ്യണമെന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ ഏറ്റവും പ്രാഥമികമായ മൂല്യമാണ്. അതുകൊണ്ടാണ് കമ്മിറ്റി സമ്പ്രദായം നടപ്പിലാക്കിയത്.


ഇതുകൂടി വായിക്കാം; മനുഷ്യാവകാശങ്ങളെ വെല്ലുവിളിക്കുന്ന നിയമനിര്‍മ്മാണം


എന്നാൽ, ഭൂരിപക്ഷത്തിന്റെ മറവിൽ, ഇത്തരം ജനായത്തമര്യാദകൾ പൂർണമായും അവഗണിച്ചുകൊണ്ടാണ് ഈ സർക്കാർ മുന്നോട്ടു പോകുന്നത്. കാർഷികനിയമങ്ങളും തൊഴിൽ കോഡും പോലെയുള്ള വിവാദവിഷയങ്ങൾ പോലും ഇരുസഭകളിലും ചർച്ച കൂടാതെയാണ് പാസാക്കിയത്. വളരെ ചുരുങ്ങിയ സമയം മാത്രമാണ് എംപിമാർക്ക് സംസാരിക്കാന്‍ ലഭിക്കുന്നത്. പ്രതിപക്ഷ എംപിമാർ സഭ ബഹിഷ്കരിച്ച അവസരത്തിലാണ് രാജ്യസഭയിൽ ലേബർകോഡ് അടക്കമുള്ള 15 ബില്ലുകൾ ഒറ്റയടിക്ക് പാസാക്കിയത്. 130 കോടി ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന സങ്കീർണമായ നിയമനിർമ്മാണം വെറും നാലു മിനിറ്റിനുള്ളിൽ, ജനപ്രതിനിധികളെ മുഴുവൻ ഇരുട്ടിൽ നിർത്തിക്കൊണ്ട് പാസാക്കുന്ന രാഷ്ട്രീയമായ അധാർമ്മികതയെ ഭൂരിപക്ഷജനാധിപത്യം എന്ന് പേരിട്ടുവിളിക്കേണ്ട ഗതികേടിലാണ് ഇന്ന് നമ്മൾ. കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ, രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലകളെ സങ്കീർണമായി ബാധിക്കുന്ന 32 ബില്ലുകളാണ് പാർലമെന്റിൽ കേന്ദ്രസർക്കാർ ചർച്ചയില്ലാതെ പാസാക്കിയത്. ഓരോ ബില്ലിനും ചെലവഴിച്ച സമയം 85 മിനിറ്റിൽ താഴെ മാത്രം. 14 ബില്ലുകൾ പത്തുമിനിറ്റു പോലും ഇല്ലാതെയാണ് പാസാക്കി എടുത്തത്. ആർട്ടിക്കിൾ 370 എടുത്തുകളയും മുമ്പുപോലും പാർലമെന്ററി കമ്മിറ്റിയിലൂടെ വിശദമായ ചർച്ചയ്ക്ക് വിധേയമാക്കണം എന്ന് ബിജെപിക്ക് തോന്നിയില്ല. മാധ്യമങ്ങളെ മുഴുവൻ ഭരണകൂടം വിലക്കെടുക്കുന്ന ഇക്കാലത്ത്, പാർലമെന്റിലെ തുറന്ന ചർച്ചകൾ മാത്രമാണ് ജനഹിതം പ്രതിഫലിപ്പിക്കുന്നത്. ആ സ്വാതന്ത്ര്യം കൂടി ഇല്ലാതാക്കുന്നതിലൂടെ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സംവാദാധിഷ്ഠിത മൂല്യങ്ങളാണ് നഷ്ടപ്പെടുന്നത്. രാജ്യസഭയുടെ അധികാരങ്ങൾ ഓരോന്നായി കവർന്നെടുക്കുന്നതാണ് മറ്റൊരു പ്രധാന പ്രതിസന്ധി. പല ബില്ലുകളും ധനകാര്യ ബില്ലിന്റെ പരിധിയിൽപ്പെടുത്തിയാൽ രാജ്യസഭയ്ക്ക് ഭേദഗതി വരുത്താനുള്ള അധികാരം ഇല്ലാതാകുന്നതു കൊണ്ട് ധനകാര്യവുമായി പ്രത്യക്ഷബന്ധം ഇല്ലാത്ത നിയമനിർമ്മാണം പോലും ആ കള്ളികളിൽപ്പെടുത്തുന്ന അന്യായവും നമുക്ക് മുന്നിലുണ്ട്. ആധാർ ബിൽ ഉദാഹരണം. ലോക്‌സഭാ സ്പീക്കർ അത് ധനകാര്യബില്ലാണെന്ന് സാക്ഷ്യപ്പെടുത്തുകയും അതുവഴി രാജ്യസഭ നിർദേശിച്ച ഭേദഗതികൾ തള്ളിക്കളയുകയും ചെയ്തത് നഗ്നമായ അധികാരദുർവിനിയോഗമാണ്. ചുരുക്കത്തിൽ, ഇന്ത്യൻ പാർലമെന്റ് എഴുപത് ദശകങ്ങൾ പൂർത്തിയാക്കുന്ന ഈ അവസരത്തിൽ, രാഷ്ട്രീയപാർട്ടികളും മാധ്യമങ്ങളും പൊതുസമൂഹവും സജീവമായി ചർച്ച ചെയ്യേണ്ട സുപ്രധാനകാര്യം ഒരു ജനാധിപത്യ സ്ഥാപനമെന്ന നിലയിൽ പാർലമെന്റിന് സംഭവിച്ചുകൊണ്ടിരിക്കുന്ന രൂപപരിണാമമാണ്. ഹിന്ദുത്വഫാസിസത്തിന്റെ സമഗ്രാധിപത്യരൂപങ്ങളിൽ മാത്രം അഭിരമിക്കുന്ന ഒരു ഭരണകൂടത്തിന് പാർലമെന്റിനോടും അതിന്റെ നടപടിക്രമങ്ങളോടും ധാർമ്മികമായ വിധേയത്വം ഉണ്ടാകില്ല. മറിച്ച്, ജനാധിപത്യത്തിന്റെ എല്ലാ നെടുംകോട്ടകളും അകത്തു നിന്നുകൊണ്ട് തന്നെ ദുർബലപ്പെടുത്താനാണ് അവർ ശ്രമിക്കുക. ജനാധിപത്യവിരുദ്ധമായതും മൂലധന താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നതുമായ രീതിയിലേക്ക് നമ്മുടെ ജനായത്തസ്ഥാപനങ്ങളെ മനഃപൂർവം വികലമാക്കുമ്പോൾ, എന്ത് വിലകൊടുത്തും നമ്മൾ അത്തരം പ്രവണതകളെ നേരിടേണ്ടതുണ്ട്. നീതിബോധത്തിൽ ഊന്നിയതും സംവാദാത്മകവും ആയ ജനായത്തരാഷ്ട്രീയം അർത്ഥപൂർണമാക്കാനുള്ള ഏറ്റവും മികച്ച വേദിയാക്കി ഇന്ത്യൻ പാർലമെന്റിനെ നിലനിർത്താനുള്ള പ്രായോഗിക വഴികളാണ് നമ്മൾ തിരയേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.