March 21, 2023 Tuesday

Related news

March 19, 2023
March 19, 2023
March 17, 2023
March 17, 2023
February 21, 2023
February 20, 2023
February 19, 2023
February 11, 2023
February 5, 2023
December 6, 2022

സ്വാതന്ത്ര്യപ്രസ്ഥാനത്തിലേക്ക് നീളുന്ന കലാസംഘടന

ടി വി ബാലൻ , (ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് )
March 17, 2023 4:45 am

ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) പതിനഞ്ചാം ദേശീയ സമ്മേളനം ഇന്ന് ഝാർഖണ്ഡിലെ പലാമു ജില്ലാ തലസ്ഥാനമായ ദൽതോംഗഞ്ചിൽ ആരംഭിക്കുകയാണ്. 19 വരെ തുടരുന്ന സമ്മേളനം ഇന്ത്യയിലെ തൊഴിലാളിവർഗ കലാസാംസ്കാരിക മണ്ഡലത്തിൽ പുതിയ ചരിത്രം രചിക്കുമെന്നാണ് പ്രത്യാശിക്കുന്നത്. 22 സംസ്ഥാനങ്ങളിൽ നിന്നുള്ള നാടക-ചലച്ചിത്ര പ്രവർത്തകരും നർത്തകരും കവികളും സംഗീതജ്ഞരും ചിത്രകാരന്മാരും തിരക്കഥാകൃത്തുക്കളും ബുദ്ധിജീവികളുമാണ് മൂന്നുദിവസം ഇവിടെ സംഗമിക്കുന്നത്. 80 വർഷത്തെ ഇപ്റ്റയുടെ സംഘാടനാചരിത്രം, അധഃസ്ഥിത ജനവിഭാഗങ്ങൾക്കിടയിൽ ദൃശ്യകലകൾക്കൊണ്ട് സാമൂഹികമായ അവബോധം സൃഷ്ടിച്ചുകൊണ്ടുള്ളതാണ്. തീർത്തും വിപ്ലവതീക്ഷ്ണത നിറഞ്ഞതുകൂടിയാണത്. 1943 മേയ് 25നാണ് ബോംബെയിൽ വച്ച്, ലോകപ്രസിദ്ധനായ ആണവശാസ്ത്രജ്ഞൻ ഹോമി ജെ ഭാഭ പേരുചൊല്ലിവിളിച്ച ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ രൂപംകൊള്ളുന്നത്. തൊള്ളായിരത്തി മുപ്പത്തിയാറിൽ നടന്ന പുരോഗമന എഴുത്തുകാരുടെ ആദ്യ സമ്മേളനത്തിൽ ഇത്തരമൊരു കലാപ്രസ്ഥാനത്തിന്റെ അനിവാര്യത ചർച്ചയായിരുന്നു. 1938ൽ വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ അധ്യക്ഷതയിൽ കൽക്കത്തയിൽ നടന്ന പ്രൊഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്റെ രണ്ടാം സമ്മേളനത്തിൽ ഈ ആശയം ഒന്നുകൂടി ഉയർന്നു. നാല്പതുകളിലേക്ക് കടക്കുന്ന ഘട്ടത്തിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ഭക്ഷ്യക്ഷാമം ഉണ്ടായത് ബംഗാളിലായിരുന്നു. അത് ബ്രിട്ടീഷ് ഭരണകൂടം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ലോകം തിരിച്ചറിഞ്ഞതോടെ പ്രതിഷേധങ്ങളുയർന്നു. രാജ്യത്തുടനീളം ദേശീയപ്രസ്ഥാനം ശക്തിയാർജിച്ചതും ഇതേ കാലയളവിലായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കലാകാരന്മാരുടെ നിരവധി സംഘടനകൾ രൂപംകൊണ്ടതും ഈ ഘട്ടത്തിൽ തന്നെയാണ്.

കൽക്കത്തയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു കൾച്ചറൽ സ്ക്വാഡ് രൂപീകരിച്ചു. ബംഗാൾ ക്ഷാമത്തിൽ മരിച്ചുവീണ ലക്ഷക്കണക്കിനാളുകളുടെ മൃതദേഹം ദഹിപ്പിക്കുന്നതിനും ജീവൻ നിലനിർത്താൻ പിടയുന്നവരെ സംരക്ഷിക്കാനും ഈ സ്ക്വാഡ് നഗരങ്ങളിൽ പാട്ടും നാടകവുമായി ഇറങ്ങി. കൈനീട്ടി കിട്ടിയ പണം അവർ മനുഷ്യനുവേണ്ടി ചെലവഴിച്ചു. ഹരീന്ദ്രനാഥ് ചതോപാധ്യായയുടെ ഭൂഖാ ഹേ ബംഗളാ… (ബംഗാളിന് വിശക്കുന്നു) എന്ന് തുടങ്ങുന്ന പാട്ടുൾപ്പെടെ പാടി യുവ കമ്മ്യൂണിസ്റ്റ് കലാകാരന്മാർ തെരുവുകളിലലഞ്ഞു. പ്രശസ്ത ഉർദു കവിയും നാടകകൃത്തുമായ അലി സർദാർ ജഫ്രി എഴുതിയ ഇത് ആരുടെ രക്തം എന്ന നാടകവും കലാകാരന്മാർ അവതരിപ്പിച്ചു. ഇതേ പശ്ചാത്തലത്തിലാണ് 1943 മേയ് മാസത്തിൽ ബോംബെയിൽ വച്ച് പ്രൊഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്റെ മൂന്നാം സമ്മേളനം ചേരുന്നത്. ഇവിടെ നടന്ന ചർച്ചകളുടെ അന്തിമതീരുമാനമായാണ് മേയ് 25ന് ഇപ്റ്റ രൂപീകരിക്കുന്നത്. സിപിഐ ജനറൽ സെക്രട്ടറി പി സി ജോഷിയാണ് ഇപ്റ്റ രൂപീകരണത്തിന്റെ ചാലകശക്തി. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പ്രൊഫ. ഹിരൺ മുഖർജിയായിരുന്നു രൂപീകരണ യോഗത്തിന്റെ അധ്യക്ഷൻ. ഇപ്റ്റയുടെ ബാനറിലായി പിന്നീട് കൽക്കത്തയിലെ ക്ഷാമകാലത്തെ ആശ്വാസപ്രവർത്തനങ്ങളെല്ലാം. ഇപ്റ്റ അവതരിപ്പിച്ച നബാന്ന എന്ന നാടകം രാജ്യത്താകമാനം കോളിളക്കം സൃഷ്ടിച്ചു. മഹാശ്വേതാദേവിയുടെ ഭർത്താവും ഇപ്റ്റയുടെ സജീവ പ്രവർത്തകനുമായിരുന്ന ബിജൻ ഭട്ടാചാര്യയാണ് ആ നാടകം രചിച്ചത്. സജ്ജാദ് സഹീറിന്റെ മരിച്ചവരും ജീവിച്ചിരിക്കുന്നവരും, കെ എ അബ്ബാസിന്റെ മേ കോൻ ഹും.. (ഞാൻ ആരാണ്..), ഋത്വിക് ഘട്ടകിന്റെ ദോലിൻ എന്നീ നാടകങ്ങൾ ഇപ്റ്റയുടെ അവതരണത്തിലൂടെ വിഖ്യാതമായി.


ഇതുകൂടി വായിക്കൂ: കലാകാരന്മാർ ഉണരുന്നു, കേരളവും


ഇപ്റ്റ പ്രസരിപ്പിച്ച സാംസ്കാരിക ഊർജം ഏറ്റുവാങ്ങിയവരാണ് പിൽക്കാലത്ത് ഇന്ത്യൻ സിനിമാ-നാടക രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച കൈഫി ആസ്മി, സലിൽ ചൗധരി, എ കെ ഹംഗൽ, ശബ്നാ ആസ്മി, എ കെ റെയ്ന, എം എസ് നാതു, മോഹൻ സൈഗാൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര പേർ. 1945ൽ പുറത്തിറങ്ങിയ കെ എ അബ്ബാസ് സംവിധാനം ചെയ്ത ധർത്തി കി ലാൽ എന്ന സിനിമ ഇപ്റ്റ നിർമ്മിച്ചതാണ്. 1944ൽ ഇപ്റ്റ ഒരുക്കിയ പണ്ഡിറ്റ് രവിശങ്കർ സംഗീതം പകർന്ന സാരെ ജഹാംസെ അച്ഛാ.. എന്ന ഗാനം രാജ്യത്തിന് സമർപ്പിച്ചു. ഇപ്റ്റ സുവർണജൂബിലി ആഘോഷിച്ച ഘട്ടത്തിൽ സംഭാവനകൾ മാനിച്ച് ഭാരത സർക്കാർ 1994ൽ പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി ആദരിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യപോരാട്ടത്തിന്റെ തീച്ചൂളയിൽ പട്ടിണിയുടെ വേദന എന്താണെന്ന് ഇപ്റ്റ അവതരിപ്പിച്ചു. ഫാസിസ്റ്റ് വിരുദ്ധ പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം ഇപ്റ്റയെന്ന കലാപ്രസ്ഥാനവും ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ പൊരുതി. അഞ്ഞൂറോളം ഇപ്റ്റ യൂണിറ്റുകളാണ് സ്വാതന്ത്ര്യപ്പിറവിക്കായി ഇന്ത്യയിലെമ്പാടുമായി ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചത്. അവരുടെ പ്രശ്നങ്ങളെ വിവിധ കലാരൂപങ്ങളായി അവർക്കിടയിൽ തന്നെ അവതരിപ്പിച്ചു.

തൊഴിലാളികളും കർഷകത്തൊഴിലാളികളും അടങ്ങുന്ന ജനത ഇപ്റ്റയെ അവരുടെ സംഘടനയായി ഏറ്റെടുത്തു. ഇന്നും ഇന്ത്യൻ ജനത ദുഷ്കരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തിന്റെ ഭരണഘടനയും മതേതരമൂല്യങ്ങളും ഹിന്ദുത്വ ഫാസിസ്റ്റ് ഘടകങ്ങളുടെ തത്വങ്ങളുപയോഗിച്ചും ആയുധങ്ങൾ പ്രയോഗിച്ചും തകർക്കുകയാണ്. മതന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങളും ആക്രമണങ്ങൾക്ക് ഇരകളാവുന്നു. വ്യക്തി സ്വാതന്ത്ര്യവും അങ്ങേയറ്റം അപകടത്തിലാണ്. എഴുത്തും വായനയും നാടകവും പാട്ടും നൃത്തവും സഹിഷ്ണുതയുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കി വിലക്കുന്നു. പ്രതിഷേധിക്കുന്നവരെ കൊന്നുതള്ളുന്നു. ജനങ്ങളെ ഭിന്നിപ്പിക്കാൻ എങ്ങും വെറുപ്പിന്റെ രാഷ്ട്രീയം പയറ്റുകയാണ് കേന്ദ്രഭരണകൂടവും അവരുടെ കക്ഷികളും. ഈയൊരു പശ്ചാത്തലത്തിലാണ് ഇപ്റ്റയുടെ ദേശീയ സമ്മേളനം ചേരുന്നത്. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, നീതി, സംസ്കാരത്തിലൂടെയും ഭാഷയിലൂടെയുമുള്ള ദേശീയ ഉദ്ഗ്രഥനം, നാനാത്വത്തിൽ ഏകത്വം എന്നതാണ് ഇപ്റ്റയുടെ പ്രമേയം. തീർച്ചയായും രാജ്യത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ ഇപ്റ്റയുടെ പ്രഖ്യാപിത മുദ്രാവാക്യങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്. ഇപ്റ്റയുടെ അനിവാര്യതയും അതേറ്റുപറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.