Monday
18 Feb 2019

ഇന്ത്യന്‍ ജനസംഖ്യ എങ്ങോട്ട്?

By: Web Desk | Wednesday 11 July 2018 7:08 AM IST

Ajith R Pillai

അജിത് ആര്‍ പിള്ള

ജൂലൈ 11 ലോക ജനസംഖ്യാ ദിനം കടന്നുവരുമ്പോള്‍ മാനവരാശി ആശങ്കയിലും അല്‍പ്പം പ്രതീക്ഷയിലും കാത്തിരിക്കുകയാണ്. ഇത് എഴുതി തുടങ്ങുന്ന ഈ നിമിഷം ലോകജനസംഖ്യ 7,633,271,846 എന്ന് Worldometer (www.worldometer.info) പറയുന്നു. 2017 ജൂണോടുകൂടി ലോക ജനസംഖ്യ 7.6 ശതകോടി പിന്നിട്ടതായി ഐക്യരാഷ്ട്രസഭയുടെ 25-ാമത് ജനസംഖ്യാ തിട്ടപ്പെടുത്തല്‍ സൂചിപ്പിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ലോകജനസംഖ്യയുടെ പതിനേഴ് ശതമാനം പേരും അധിവസിക്കുന്നത്. നിലവില്‍ തൊഴിലെടുക്കുവാന്‍ പ്രാപ്തിയുള്ള ജനസംഖ്യയാണ് കൂടുതലായി ഉള്ളത്. അതായത് ലോക ജനസംഖ്യയുടെ നാലിലൊന്ന് പതിനഞ്ച് വയസിന് താഴെയും 13 ശതമാനം അറുപത് വയസിന് മുകളിലുള്ളവരും ആണ്. ആശ്രിതരായ ജനങ്ങള്‍ (16 വയസിന് മുമ്പും 64 ന് ശേഷവും ഉള്ളവര്‍) 40 ശതമാനമാണ്. ഭാവിയില്‍ പ്രായമേറി വരുന്നവരുടെ ജനസംഖ്യ ഉയരുമ്പോള്‍ ഉണ്ടാകാനിടയുള്ള വെല്ലുവിളികള്‍ നേരിടാന്‍ നാം തയ്യാറെടുക്കണമെന്ന് ഇത് സൂചിപ്പിക്കുന്നു.
ഇന്ത്യയുടെ കാര്യം
ഒരു ദശകത്തില്‍ ഓരോ ബ്രസീല്‍ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ലോകജനസംഖ്യയില്‍ അഞ്ചാം സ്ഥാനത്തുള്ള ബ്രസീലിന്റെ ജനസംഖ്യ ഇന്ത്യന്‍ ജനസംഖ്യയോട് കൂട്ടിച്ചേര്‍ക്കപ്പെടുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2001 – 2011 ദശകത്തില്‍ ഇന്ത്യന്‍ ജനസംഖ്യ ബ്രസീലിന്റെ ജനസംഖ്യയായിരുന്ന 181 ദശലക്ഷം കണ്ട് വര്‍ദ്ധിച്ചു. 1918 – 19 കാലത്ത് പടര്‍ന്നു പിടിച്ച വലിയ വ്യാധിമൂലം ഇന്ത്യന്‍ ജനസംഖ്യയുടെ 5 ശതമാനം തുടച്ചു നീക്കപ്പെട്ടു. ചരിത്രത്തില്‍ 1911-1921 കാലത്ത് മാത്രമാണ് ഇന്ത്യന്‍ ജനസംഖ്യ വളര്‍ച്ചാ നിരക്ക് (-0.3) കുറഞ്ഞത് .
ദേശീയ ജനസംഖ്യാ കമ്മീഷന്റെ പ്രവചനത്തില്‍ 2026 ആകുമ്പോഴേക്കു ഇന്ത്യന്‍ ജനസംഖ്യയുടെ 15 ശതമാനം മഹാരാഷ്ട്രയിലും, ഗുജറാത്തിലും, 13 ശതമാനം കര്‍ണാടക, കേരളം, തമിഴ്‌നാട്, തെലുങ്കാന തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ആയിരിക്കും. 2045 ഓടുകൂടി സന്തുലിതമായ ഒരു ജനസംഖ്യാതലം എത്തിപ്പിടിക്കുന്നതിനുള്ള കര്‍മ്മ പദ്ധതികളാണ് ദേശീയ ജനസംഖ്യാനയം മുന്‍പോട്ടു വെച്ചത്. സുസ്ഥിര വികസനത്തിനും സാമ്പത്തിക പുരോഗതിക്കും ഇത് അനിവാര്യമാണ്.
കേരളം വയസാകുന്നു
കേരള ജനസംഖ്യ പ്രായമായിക്കൊണ്ടിരിക്കുന്നു. ശിശുമരണ നിരക്ക്, മാതൃമരണനിരക്ക്, സ്ത്രീ – പുരുഷ അനുപാതം, സാക്ഷരത നിരക്ക് തുടങ്ങി ഏതാണ്ട് എല്ലാ മേഖലകളിലും വികസിത രാജ്യങ്ങള്‍ക്കു സമാനമായതാണ് ഇതിന് കാരണം എന്ന് ജനസംഖ്യാശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ ആറില്‍ ഒരാള്‍ മുതിര്‍ന്ന പൗരനായി തീര്‍ന്നിരിക്കുന്നു എന്ന് ചുരുക്കം.
ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്ത് ജനസംഖ്യയിലുള്ള അമിതമായ വര്‍ദ്ധനവ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. സാമൂഹ്യപ്രശ്‌നങ്ങളായ പട്ടിണി, ദാരിദ്ര്യം എന്നിവ ഇല്ലായ്മ ചെയ്യാന്‍ രാജ്യത്തിന് കഴിയാതെ വരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നിവ അപ്രാപ്യമാകുന്നു.
രാജ്യത്തിന്റെ നിലനില്‍പ്പിനും അതിജീവനത്തിനും അതിതീവ്രമായ പോരാട്ടം വേണ്ടിവരുന്നു. ഈ അവസരം സാമൂഹ്യ പ്രത്യാഘാതങ്ങളെ തിരിച്ചറിയാനും അവയെ മറികടക്കാനുള്ള തീരുമാനങ്ങളും മാര്‍ഗ്ഗങ്ങളും പ്രാവര്‍ത്തികമാക്കാനും നമ്മള്‍ ശ്രമിക്കണം. കുടുംബാസൂത്രണം മനുഷ്യാവകാശമാണ് എന്നതാണ് 2018 ജനസംഖ്യാദിനത്തിന്റെ പ്രധാന സന്ദേശം. ലോകജനസംഖ്യ 5 ബില്ല്യണ്‍ കടന്ന 1987 ജൂലൈ 11 ന്റെ അനുസ്മരണമായിട്ടാണ് 1989 മുതല്‍ യുഎന്നിന്റെ നേതൃത്വത്തില്‍ ജനസംഖ്യാദിനം ആചരിച്ചുവരുന്നത്. ഇത്തരം ആചരണത്തിന്റെ ലക്ഷ്യങ്ങള്‍ എന്തായിരിക്കാം.

യുവതീയുവാക്കളെ സംരക്ഷിക്കാനും ശാക്തീകരിക്കാനും
ലൈംഗികതയെക്കുറിച്ചും, താമസിച്ചുള്ള വിവാഹത്തിന്റെ പ്രയോജനത്തെക്കുറിച്ചും വിശ ദമായ അറിവ് നല്‍കുവാനും
അനാവശ്യ ഗര്‍ഭധാരണത്തിന്റെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തുവാനും
ലിംഗ വിവേചനം കുറയ്ക്കുവാനും
ചെറുപ്രായത്തിലെ ഗര്‍ഭധാരണത്തിന്റെ പ്രശ്‌നങ്ങളെയും ഗര്‍ഭാവസ്ഥയിലുള്ള രോഗ ങ്ങളെക്കുറിച്ചും അറിവ് നല്‍കുവാനും
ലൈംഗിക രോഗങ്ങളെ പരിചയപ്പെടുത്തുവാനും
പ്രാഥമിക വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പാക്കുവാനും
ഓരോ ദമ്പതികള്‍ക്കും അടിസ്ഥാന പ്രാഥമിക ആരോഗ്യ സംരക്ഷണമെന്ന നിലയില്‍ പുനരുല്‍പ്പാദന ആരോഗ്യ സേവനങ്ങള്‍ നല്‍കുക, അതിനുവേണ്ടിയുള്ള പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യുക എന്നത് അവയില്‍ ചിലത് മാത്രം.
ലേഖനം എഴുതിത്തീരുന്ന ഈ നിമിഷം ലോക ജനസംഖ്യ 7,633,273,877 ആയിരിക്കുന്നു എന്ന് Worldometer പറയുന്നു.