അരങ്ങൊരുക്കി യുഎഇ; ക്രിക്കറ്റ് പൂരത്തിനു ഇന്നു കൊടിയേറ്റം

Web Desk

ദുബായ്

Posted on September 19, 2020, 10:32 am

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിന് ഇന്ന് യുഎഇയിലെ അബുദാബി സ്റ്റേഡിയത്തിൽ തിരി തെളിയുന്നു. ആദ്യമത്സരത്തിൽ ഇതിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ലോകമെമ്പാടും പടർന്നു പിടിച്ച കോവിഡ് മഹാമാരി മൂലം ഉണ്ടായ പ്രതിസന്ധിയെ അതിജീവിച്ചുകൊണ്ടാണ് ഇന്ത്യൻ ക്രിക്കറ്റ് മാമാങ്കത്തിന് തിരി തെളിയുന്നത്. ആർപ്പുവിളികളും ആരവങ്ങളും നിറച്ചെത്തുന്ന ക്രിക്കറ്റ് ആരാധകർ ഇത്തവണ സ്റ്റേഡിയത്തിലിരുന്നു താരങ്ങള്‍ക്ക് കരുത്തു പകരാനെത്തുന്നില്ല എന്നത് ഐപിഎല്ലിലെ ശോഭ താഴ്ത്തി കെട്ടുന്നുണ്ട്. എന്നിരുന്നാലും കഴിഞ്ഞുപോയ സീസണുകളിലെ പകിട്ട് നിലനിർത്താൻ തന്നെയാണ് ബിസിസിഐയുടെ ശ്രമം. മുഖ്യ സ്പോൺസർമാരായിരുന്ന വിവോയെ പതിമൂന്നാം സീസൺ സ്പോൺസർ സ്ഥാനത്തുനിന്നും കൈവിടേണ്ടിവന്നത് കനത്ത തിരിച്ചടിയാണ് ബിസിസിഐക്ക് ഏൽപ്പിച്ചിരിക്കുന്നത്.

ഐപിഎല്ലിലെ പുതിയ സീസണിലെ പ്രതിസന്ധികളെയെല്ലാം ആദ്യമത്സരം കഴിയുന്നതിലൂടെ തരണം ചെയ്യാൻ സാധിക്കും എന്നതാണ് സംഘാടകരുടെ പ്രതീക്ഷ. ആദ്യ മത്സരം കഴിഞ്ഞ സീസണിൽ ഫൈനലിൽ ഏറ്റുമുട്ടിയ ചെന്നൈയും മുംബൈയും തമ്മിലാണ്ഇരു ടീമുകളും കരുത്തിലും ആരാധക പിന്തുണയിലും വളരെ മുൻപന്തിയിലുള്ള ടീമുകൾ ആയതിനാൽ പതിമൂന്നാം സീസണിന് തുടക്കം അതിഗംഭീരമായി തുടങ്ങാൻ സാധിക്കും എന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. മിക്ക ഐപിഎല്‍ സീസണിലും അവസാന നാല് സ്ഥാനത്ത് ഇരു ടീമും ഉണ്ടാകും. ആ സ്ഥിരതയാണ് ഇവരെ ആരാധകരുടെ പ്രിയപ്പെട്ടവരാക്കുന്നത്.

ഇതുവരെ 30 തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 18 തവണയും ജയം രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനായിരുന്നു. 12 തവണയും ധോണിക്ക് രോഹിതിന് മുന്നില്‍ തലകുനിക്കേണ്ടി വന്നു. അവസാനമായി 2019ലെ ഫൈനലിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. മത്സരത്തില്‍ 1 റണ്‍സിന് ജയം മുംബൈയ്ക്കായിരുന്നു. പതിമൂന്നാം സീസൺ പോരാട്ടങ്ങളെ വരവേൽക്കാൻ പൂർണ്ണമായും ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. യുഎഇ ഐപിഎല്ലിന്റെ ഒരുക്കങ്ങളെ കുറിച്ച് വിലയിരുത്തുന്നതിനായി ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയും സംഘവും സ്റ്റേഡിയത്തിലേക്ക് നേരിട്ട് കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇത്തവണ കൊറോണ മഹാമാരിയുടെ ഇടയില്‍ നടക്കുന്ന ഐപിഎല്ലായതിനാല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടായിരിക്കില്ല. കൂടാതെ കളിക്കാര്‍ക്ക് പ്രചോദനം നല്‍കാന്‍ ചിയര്‍ലീഡേഴ്‌സും ഇത്തവണ ഉണ്ടാകില്ല.

ഐപിഎൽ ചരിത്രത്തിലെതന്നെ ഏറ്റവും ദൈർഘ്യമേറിയ ടൂർണമെന്റ് തന്നെയാണ് ഇത്തവണ നടക്കുന്നത് 46 ദിവസങ്ങളിലായി 56 മത്സരങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ദുബായ് അബുദാബി ഷാർജ തുടങ്ങി മൂന്ന് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക ദുബായ് 24 മത്സരങ്ങളും അബുദാബി 20 മത്സരങ്ങളും ഷാർജയിൽ 12 മത്സരങ്ങളുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇത്തവണ പതിവിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ സമയം 7.30നാണ് മത്സരം ആരംഭിക്കുക സ്റ്റാർ സ്പോർട്സ് ചാനലിൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടാവും.

Eng­lish sum­ma­ry: Indi­an pre­mier league updates

You may also like this video: