August 11, 2022 Thursday

Related news

July 10, 2022
June 29, 2022
June 9, 2022
June 6, 2022
May 14, 2022
April 18, 2022
April 16, 2022
March 10, 2022
February 12, 2022
February 11, 2022

ഇന്ത്യൻ റയിൽവേ സ്വകാര്യവൽക്കരണത്തിന്റെ പാതയിലേക്ക്

കെ പി ശങ്കരദാസ്
February 28, 2020 5:45 am

ന്ത്യൻ റയിൽവേ കന്യാകുമാരി മുതൽ കശ്മീർവരെയുള്ള ഇന്ത്യൻ ജീവിതങ്ങളെ കണ്ണിചേർക്കുന്ന മഹത്തായ യാത്രയുടെ ആരംഭം കുറിച്ചിട്ട് 167 വർഷം തികയുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നതും മനുഷ്യജീവിതത്തിന് ഏറ്റവും അനുപേക്ഷണീയവുമായ സാധനങ്ങൾ രാജ്യത്തിന്റെ നാനാഭാഗങ്ങളിലും സുരക്ഷിതമായി എത്തിക്കുന്ന ഏറ്റവും തിരക്കേറിയതും വലുതുമായ ഒന്നാണ് ഇന്ത്യൻ റയിൽവേ ശൃംഖല. ഇതുവഴി ഒരു വർഷം 8500 ലക്ഷം ടൺ ചരക്കുകൾ രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്ക് കയറ്റിയിറക്കുന്നതായാണ് ഏകദേശ കണക്ക്. 5800 കോടി യാത്രക്കാരും റയിൽവേയിലൂടെ നീങ്ങുന്നു. പ്രതിദിനം 7000 സർവീസുകൾ നടത്തുന്ന റയിൽവേക്ക് 6800 സ്റ്റേഷനുകളുണ്ട്. അരി, പച്ചക്കറി, വസ്ത്രം, രാസവള നിർമ്മാണ പ്ര­വർത്തനങ്ങൾക്കാവശ്യമായ, സിമന്റ്, കമ്പി എന്നി­വയ്ക്കു പുറമെ ഡീസൽ, പെട്രോൾ, പാചകവാതകം ഉൾപ്പെടെയുള്ള ഇന്ധനങ്ങളുടെ നീക്കവും റയിൽവേയിലൂടെയാണ്.

അങ്ങനെ ഇന്ത്യൻ ജനതയുടെ യാത്രാവശ്യങ്ങളും നിത്യോപയോഗ സാധനങ്ങളുടെ നീക്കവും നിർവഹിക്കുന്ന തന്ത്രപ്രധാന മേഖലയാണിത്. തൊഴിൽ മേഖല പരിശോധിച്ചാൽ ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽദാതാവാണ് ഇന്ത്യൻ റയിൽവേയെന്നു കാണാനാവും. പതിനാറ് ലക്ഷം പേരാണ് ഇവിടെ വിവിധ തസ്തികകളിൽ പണിയെടുക്കുന്നത്. ഇക്കാര്യത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യൻ റയിൽവേയെന്നാണ് വിലയിരുത്തൽ. ലോകത്ത് എട്ടാം സ്ഥാനവും. വിശേഷണങ്ങളും പ്രശസ്തിയും ഇങ്ങിനെയൊക്കെ ആണെങ്കിലും ഇന്ത്യന്‍ റയിൽവേ സർവീസുകളും ആസ്തിയും റയിൽവേ ലൈനുകൾ പോലും സ്വകാര്യവൽക്കരിക്കാനാണ് മോഡി സർക്കാരിന്റെ നീക്കം. റയിൽവേ ബജറ്റ് ഉപേക്ഷിച്ചത് സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടുന്ന ഒന്നാണ്. ഇന്ത്യൻ ദേശീയത രൂപപ്പെടുന്നതിൽ പ്രധാന പങ്കു വഹിച്ച റയിൽവേയുടെ സ്വകാര്യവൽക്കരണം രാജ്യത്തെ വിൽക്കുന്നതിന് സമാനമാണ്. സാമ്പത്തിക രംഗത്തും വ്യവസായിക മേഖലയിലും ജനങ്ങളുടെ ദൈനംദിന ജീവിതത്തിലും നിർണ്ണായകമായ സ്വാധീനമുള്ള ഇന്ത്യൻ റയിൽവേ, ലാഭം മാത്രം മോഹിച്ചു കടന്നുവരുന്ന സ്വകാര്യ കുത്തകകളുടെ നിയന്ത്രണത്തിലാകുന്നതോടെ സമസ്ത മേഖലകളിലും ഉണ്ടാകുന്ന പ്രത്യാഘാതത്തിന്റെ ആഴം അളക്കാൻ കഴിയുന്നതിനും അപ്പുറമാണ്. യാത്രാനിരക്കും ചരക്കു കടത്തുകൂലിയും നിശ്ചയിക്കുന്നതും നിത്യോപയോഗ സാധനങ്ങൾക്ക് ക്ഷാമമുണ്ടാകാതിരിക്കാനും നിർമ്മാണ പ്രവർത്തന രംഗത്ത് സ്തംഭനം ഒഴിവാക്കുന്നതിനും ആവശ്യമായ വസ്തുക്കൾ എത്തിക്കാനുള്ള ബാധ്യതയും ഉത്തരവാദിത്വവും കേന്ദ്രസർക്കാരിൽ നിക്ഷിപ്തമണ്.

സ്വകാര്യവൽക്കരണത്തിലൂടെ ഇന്ത്യയുടെ വിശാലമായ ഗതാഗതരംഗം സ്വദേശ‑വിദേശ കുത്തകകൾക്ക് കൊള്ളയടിക്കാനുള്ള അവസരം കൈവരികയാണ്. നാളിതുവരെ സാധാരണ ജനങ്ങൾക്ക് ലഭ്യമായിരുന്ന സൗജന്യ സേവനങ്ങൾ അപ്രത്യക്ഷമാകുമെന്നതിൽ സംശയത്തിന് സ്ഥാനമില്ല. യാത്രാനിരക്കും ചരക്കു കടത്തുകൂലിയും ഇഷ്ടത്തിനൊത്ത് അവർക്ക് വർദ്ധിപ്പിക്കാനാവും. പെട്രോൾ, ഡീസൽ എന്നിവയുടെ വിലനിയന്ത്രിക്കാനുള്ള അധികാരക്കുത്തക എണ്ണക്കമ്പനികൾക്കും മുന്നിൽ അടിയറ വച്ചതിന്റെ ദുരന്തഫലം രാജ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. കോർപ്പറേറ്റുകളുടെ അധിനിവേശ മോഹങ്ങൾക്കായി ബലി കൊടുക്കാനുള്ളതല്ല നമ്മുടെ ബൃഹത്തായ പൊതുമേഖലാ സ്ഥാപനങ്ങൾ. പ്രതിരോധം പോലെ അത്യന്തം മർമ്മപ്രധാനമായ മേഖലയായ റയിൽവേ പോലും ഒഴിവാക്കാ­ൻ കൂട്ടാക്കാത്തതിന്റെ പിന്നിലെ താല്പര്യം പുറംലോകം അറിഞ്ഞുതുടങ്ങിയിരിക്കുന്നു. റയിൽവേയുടെ അധീനതിലുള്ള ഭൂമി സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പാട്ടത്തിന് നൽകുന്നതിനുള്ള നടപടിയുമായി മുന്നോട്ട് പോകുകയാണ്. ആദ്യഘട്ടമെന്ന നിലയിൽ ദക്ഷിണ റയിൽവേക്ക് കീഴിലെ കോഴിക്കോട്, ചെന്നൈ, സ്റ്റേഷനുകൾ അടക്കം 23 സ്റ്റേഷനുകൾക്കായി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. കോഴിക്കോട് മാത്രം 4.39 ഏക്കർ സ്ഥലമുള്ളതായാണ് രേഖകൾ പറയുന്നത്. മറ്റു സ്ഥലങ്ങളിൽ ഇതിന്റെ പതിന്മടങ്ങു സ്ഥലങ്ങൾ ഉണ്ടെന്നാണ് സൂചന. ഒരു ചതുരശ്ര മീറ്ററിനു ഒരു രൂപ നിരക്കിലാണ് ഭൂമി പാട്ടത്തിന് നൽകുന്നത്. ഭൂമിക്ക് മീതെയുള്ള എയർസ്പേസും പാട്ടത്തിന് എടുക്കുന്നവർക്ക് ഉപയോഗിക്കാമെന്നാണ് കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ എ — കാറ്റഗറിയിലുള്ള 408 സ്റ്റേഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 50 എണ്ണം ദക്ഷിണ റയിൽവേക്ക് കീഴിലുള്ളവയാണ്. തിരുവനന്തപുരം പാലക്കാട് ഡിവിഷനു കീഴിലെ 25 സ്റ്റേഷനുകളും ഇതിൽപ്പെടും.

പാലക്കാട് ഡിവിഷനു കീഴിലുള്ള മംഗലാപുരം ജംഗ്ഷൻ, മംഗലാപുരം സെൻട്രൽ, കാസർകോട്, കാഞ്ഞങ്ങാട്, കണ്ണൂർ, തലശ്ശേരി, വടകര, തിരൂർ, ഷൊർണ്ണൂർ, പാലക്കാട് എന്നീ സ്റ്റേഷനുകളുടെ പരിസരത്തുള്ള ഭൂമി അടുത്തഘട്ടത്തിലാണ് പാട്ടത്തിന് നൽകുക. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും കൈവശം ഏറിയും കുറഞ്ഞും ഏക്കർ കണക്കിന് ഭൂമിയുണ്ട്. ഈ സ്ഥാപനങ്ങളെല്ലാം വികസന സ്വപ്നങ്ങളുമായി അവ സൂക്ഷിക്കുകയായിരുന്നു. ബിബേക് ദേബുറോയിയുടെ റിപ്പോർട്ടിലെ ശുപാർശയനുസരിച്ചാണ് ഈ നടപടിയെന്നാണ് വിശദീകരണം. ഇതിനു പുറമേ എ വൺ കാറ്റഗറിയിലുള്ള മുംബെ സെൻട്രൽ, അലഹബാദ്, ഉൾപ്പെടെ 21 സ്റ്റേഷനുകൾ സ്വകാര്യകമ്പനിക്കു കൈമാറുകയാണ്. സ്റ്റേഷനുകളുടെ വികസനത്തിനാവശ്യമായ സൗകര്യമൊരുക്കാനാണെന്ന് പറഞ്ഞാണ് ഈ നീക്കത്തെ ന്യായീകരിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. റയിൽവേക്ക് 100 ശതമാനം വിദേശപ്രത്യക്ഷ നിക്ഷേപത്തിനു മോഡി സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. യാത്രയ്ക്ക് ഫ്ളെക്സി നിരക്കുകൾ ഏർപ്പെടുത്തിയതു ഉൾപ്പെടെ റയിൽവെ അടുത്തിടെ നടപ്പാക്കിയ പല പരിഷ്കാരങ്ങളും സ്വകാര്യവല്ക്കരണത്തിലേയ്ക്കുള്ള ചുവടുവെയ്പുളായിരുന്നു എന്ന് മനസിലാക്കാൻ അധികദൂരം സഞ്ചരിക്കേണ്ടതില്ല. ജനങ്ങളുടെ സൗകര്യവും സുരക്ഷിതത്വവുമല്ല മോഡി സർക്കാരിന്റെ ലക്ഷ്യം; അതിസമ്പന്നരുടെ ക്ഷേമമാണെന്ന് വ്യക്തമാകുന്നു. ഇതിനെതിരെ രാജ്യമെമ്പാടും ചില പ്രതിഷേധങ്ങൾ ഉയർന്നുവന്നതിനെത്തുടർന്ന് താല്ക്കാലികമായി നടപടികൾ നിർത്തി വയ്ക്കേണ്ടിവന്നെങ്കിലും അണിയറയിൽ കോർപ്പറേറ്റുകൾക്ക് സന്തോ­­ഷവും പ്രതീക്ഷയും നൽകുന്ന ചില നീക്കങ്ങൾ വ്യത്യസ്ത ഭാവത്തിൽ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ഇതിന്റെ ഭാഗമായിട്ടുള്ള ഒന്നാണ് 150 എക്സപ്രസ്സ് റയിൽ സർവീസുകളുടെ നടത്തിപ്പും, രാജ്യത്തെ പ്രധാനപ്പെട്ട ഏതാനും സ്റ്റേഷനുകളുടെ നിയന്ത്രണവും വൻകിട കോർപ്പറേറ്റുകളെ ഏല്പിക്കാനുള്ള തീരുമാനം. ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന റയിൽവേയുടെ പുനഃസംഘടനയെ തുടർന്നാണ് 1921 റയിൽവേക്ക് പ്രത്യേക ബജറ്റ് വേണമെന്ന ആശയം ഉയർന്നുവന്നത്. ഈ മേഖലയിൽ മുഖ്യപങ്കാളിത്തമുള്ള ഒരു സ്ഥാപനമെന്ന നിലയിൽ അതിന്റെ പ്രവർത്തനക്ഷമതയിലും വികസനത്തിന്റെ കാര്യത്തിലും പ്രത്യേക ചർച്ചയും പരിഗണനയും അനിവാര്യമാണെന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക വിദഗ്ദ്ധൻ വില്യം ആകസ് വെർത്ത് അദ്ധ്യക്ഷനായുള്ള കമ്മിറ്റിയെ നിയോഗിച്ചത്. പ്രസ്തുത കമ്മിറ്റിയുടെ ശു­പാർശയുടെ അനുസരിച്ചാണ് 1924 മുതൽ റയിൽവേയ്ക്ക് പ്രത്യേക ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. അതാണ് മോഡി സർക്കാർ 2016 സെപ്തംബർ 21 ന് അവസാനിപ്പിച്ചതും പൊതു ബജറ്റിന്റെ ഭാഗമാക്കിയതും.

92 വർഷക്കാലമായി തുടർന്നുവന്ന നടപടിക്രമങ്ങളിൽ വരുത്തിയ മാറ്റത്തോടെ റയിൽവേയുടെ സ്വയംഭരണസ്വാതന്ത്യ്രം ഇല്ലാ­താക്കി. സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടുക എന്നതായിരുന്നു ഇതിന്റെ പിന്നിലുള്ള ലക്ഷ്യമെന്ന വിമർശനം തള്ളാനാവില്ല. 1953 ഏപ്രിൽ 16നാണ് 34 കിലോമീറ്റർ നീളത്തിൽ ആവി എൻജിൻ ഉപയോഗിച്ചു ഇന്ത്യയിൽ ആദ്യ റയിൽവേ സർവീസ് ആരംഭിച്ചത്. മദ്രാസ് റയിൽവേ കമ്പനിയാണ് ആദ്യ റെയിൽപാത നിർമ്മിച്ചത്. 1951 ൽ ഇന്ത്യൻ റയിൽവേയും കമ്പിത്തപാലും ദേശസാൽക്കരിച്ചു. 1995 ൽ ആവി എന്‍ജിൻ തീവണ്ടികൾ നിർത്തലാക്കി പിന്നീട് ഡീസൽ എൻജിൻ തീവണ്ടികളും ഇലക്ട്രിക് തീവണ്ടികളും കൂടുതലായി ഓടിത്തുടങ്ങി. മെട്രോ തീവണ്ടികളും അതിവേഗ തീവണ്ടികളുമെല്ലാം ഇന്നു നമുക്കുണ്ട്. ഇവയെല്ലാം സ്വകാര്യ മൂലധന ശക്തികളുടെ സമ്പത്തായി മാറുകയാണ്. എല്ലാ സാമൂഹ്യസേവന മേഖലകളിൽ നിന്നും പിന്മാറികൊണ്ടുള്ള കടുത്ത വാണിജ്യവല്ക്കരണവും സ്വകാര്യവല്ക്കരണവും രാജ്യത്തിന്റെ സമ്പദ്ഘടനയേയും സാമൂഹ്യ ജീവിതത്തെയും തകർച്ചയിലേയ്ക്ക് നയിക്കും. സ്ഥലവും റയിൽവേ സ്റ്റേഷനുകളും കൈമാറുന്നതോടെ കോടികൾ വിലമതിക്കുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും തുച്ഛമായ തുകയ്ക്ക് കോർപ്പറേറ്റുകൾക്ക് കൈയടക്കാനാകും. ഈ നടപടികളുടെ ആവർത്തനമാണ് രാജ്യമെമ്പാടും അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

രാജ്യത്തെ തൊഴിൽരഹിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സിഎം ഐഇ റിപ്പോർട്ടനുസരിച്ച് 2017 — 18 ലെ തൊഴിൽരഹിതരുടെ എണ്ണം 11.56 കോടിയാണ്. പ്രതിവർഷം രണ്ടുകോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോഡി സർക്കാരിന്റെ തെറ്റായ പുത്തൻ സാമ്പത്തിക നയങ്ങളുടെ ഫലമാണ് രാജ്യത്തെ പുകയുന്ന രാജ്യമാക്കി മാറ്റിയതെന്നാണ് ജനങ്ങളുടെ വിലയിരുത്തൽ. റയിൽ ആധുനീകരണത്തിലേയ്ക്ക് മുടക്കിയ തുകയുൾപ്പടെയാണ് കൈമാറുന്നത്. ലക്‌നൗ- ഡെൽഹി റൂട്ടിൽ ഇപ്പോൾ ഓടുന്ന സ്വകാര്യ ട്രെയിനിൽ നിലവിലുള്ളതിന്റെ നാലിരട്ടിയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഈ രീതിയിലുള്ള പരിഷ്കാരങ്ങൾ മുന്നേറുമ്പോൾ റയിൽവേയും വിവിധ ജോലികൾക്കും മനുഷ്യശേഷി അധികപ്പറ്റാണെന്ന് വരും.

ജോലിക്കാരുടെ എണ്ണത്തിലും വൻതോതിലുള്ള വെട്ടിക്കുറവിന് സാധ്യതയേറയാണ്. ഇപ്പോൾത്തന്നെ ലക്ഷണക്കണക്കായ തസ്തികകൾ നികത്തപ്പെടാതെ ഒഴിഞ്ഞുകിടപ്പുണ്ട്. ഇതുകാരണം 20 മണിക്കൂറിലേറെ തുടർച്ചയായി ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളതെന്ന വിമർശനം ഉയർന്നുകൊണ്ടിരിക്കുകയാണ്. വളരയേറെ തൊഴിൽ സാധ്യതയ്ക്കുള്ള വികസന പശ്ചാത്തലവും ആധുനികരിക്കുന്നതിനുള്ള സാങ്കേതിക വൈദഗ്ധ്യവും സ്വായത്തമാക്കിയിട്ടുള്ള ഒന്നാണ് ഇന്ത്യൻ റയിൽവേ. ഇതുപോലുള്ള സ്ഥാപനങ്ങളെ വൻകിട കോർപ്പറേറ്റുകൾക്ക് കൈമാറുന്നത് വഴി രാജ്യത്തെ ലക്ഷക്കണക്കായ തൊഴിൽരഹിതരായ യുവാക്കളുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്പിക്കുന്ന നടപടിയാണിത്. രാജ്യത്തെ ജനസംഖ്യയിൽ 52 ശതമാനം 15നും 29നും പ്രായപരിധിയിൽപ്പെട്ട യുവാക്കളാണെന്ന സത്യം വിസ്മരിക്കാനാകില്ല.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.