7 December 2024, Saturday
KSFE Galaxy Chits Banner 2

ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളും അവകാശവാദങ്ങളുടെ പൊള്ളത്തരവും

Janayugom Webdesk
October 28, 2024 5:00 am

ഇന്ത്യൻ മധ്യവർഗത്തിന്റെ വരുമാനത്തിലും ഉപഭോഗത്തിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർന്നുവരുന്ന ഗണ്യമായ ഇടിവ് സാമ്പത്തിക വളർച്ച സംബന്ധിച്ച മോഡി സർക്കാരിന്റെ അവകാശവാദങ്ങളും ആഖ്യാനങ്ങളും അടിസ്ഥാനരഹിതവും ജനങ്ങളെ കബളിപ്പിക്കാൻ ലക്ഷ്യംവച്ചുള്ളവയുമാണെന്ന് ലഭ്യമായ വസ്തുതാവിവര കണക്കുകൾ വ്യക്തമാക്കുന്നു. വിപണിയിൽ വേഗത്തിൽ വിറ്റഴിഞ്ഞിരുന്ന ഉപഭോഗ വസ്തുക്കൾ (ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ്‌-എഫ്എംസിജി) വിറ്റഴിയാതെ കെട്ടിക്കിടക്കുകയോ വില്പനയിൽ ഗണ്യമായ ഇടിവ് നേരിടുകയോ ചെയ്യുന്നതായി പ്രമുഖ കമ്പനികൾ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ മുൻനിര എഫ്എംസിജി കമ്പനിയായ നെസ്‌ലെയുടെ സിഎംഡി സുരേഷ് നാരായണൻ തന്റെ കമ്പനി നഗരമേഖലകളിൽ നേരിടുന്ന വില്പനസ്തംഭനത്തെ ഇന്ത്യൻ മധ്യവർഗത്തിന്റെ വാങ്ങാനുള്ള കഴിവിന്റെ ഇടിവായി വിശേഷിപ്പിക്കുന്നു. 

കഴിഞ്ഞ നിരവധി ത്രെെമാസങ്ങളിൽ ഈ സ്തംഭനാവസ്ഥ തുടരുന്നത് മധ്യവർഗ ശോഷണത്തെയാണ് അടയാളപ്പെടുത്തുന്നതെന്നും നെസ്‌ലെ വിലയിരുത്തുന്നു. ഇത് ഏതെങ്കിലും ഒരു കമ്പനിയെ മാത്രം ബാധിക്കുന്ന ഒറ്റപ്പെട്ട പ്രതിഭാസമല്ലെന്ന് 2024 മേയ്‌ മാസം ഏഷ്യൻ പെയ്ന്റസിന്റെ സിഇഒ നടത്തിയ വെളിപ്പെടുത്തലും സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് തിരുത്തിയെങ്കിലും, മൊത്ത ദേശീയ വരുമാനം (ജിഡിപി) സംബന്ധിച്ച ഔദ്യോഗിക കണക്കുകളിലും അദ്ദേഹം അവിശ്വാസം പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ കാർ വില്പനക്കാരുടെ പക്കൽ 86,000 കോടി രൂപ വിലവരുന്ന ഏഴുലക്ഷം കാറുകൾ വിറ്റഴിയാതെ കെട്ടിക്കിടക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023ലേതിനേക്കാൾ 75 ശതമാനം കൂടുതൽ കാറുകളാണ് ഇത്തരത്തിൽ കെട്ടിക്കിടക്കുന്നത്. വാണിജ്യ വാഹനങ്ങളുടെ വില്പനയിലും കഴിഞ്ഞ വർഷത്തെക്കാൾ 46 ശതമാനം ഇടിവ് സംഭവിച്ചു. ഇരുചക്ര വാഹനങ്ങളുടെ വില്പന തെല്ല് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും 2018ന്റെ നിലയിൽ എത്താൻ ഇനിയുമേറെ ദൂരം താണ്ടേണ്ടിവരും. 

ഇന്ത്യൻ മധ്യവർഗം കൂടുതൽ സമൃദ്ധി കൈവരിക്കുക കാരണം അവർ സാധാരണ യാത്രാക്കാറുകൾക്ക് പകരം എസ്‌യുവികൾ ഉപയോഗിക്കാൻ തുടങ്ങിയതാണ് കാർ വില്പനയ്ക്ക് തിരിച്ചടിയായതെന്ന മോഡി പ്രചാരകരുടെ വാദം മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ ചെയർമാൻ ആർ സി ഭാർഗവ് അവജ്ഞയോടെ തള്ളിക്കളയുന്നു. ജിഡിപി വളർച്ച ഏഴ് ശതമാനത്തിന് മുകളിൽ എത്തുമെന്ന പ്രവചനം നിലനിൽക്കെ ഉപഭോഗ വളർച്ച 3.5 ശതമാനത്തിൽ ഒതുങ്ങുന്നത് ദുരൂഹവും സാമ്പത്തിക ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിയാത്തവിധം വൈരുധ്യംനിറഞ്ഞതുമാണ്. ജിഡിപി വളർച്ചയെ സംബന്ധിച്ച ഔദ്യോഗിക അവകാശവാദങ്ങൾ അതിശയോക്തിപരമാണെന്ന ധാരണയ്ക്ക് ബലംപകരുകയാണ് ഈ കണക്കുകൾ. ഈ പശ്ചാത്തലത്തിൽ വേണം 2047 ആകുമ്പോഴേക്കും ഇന്ത്യയെ വികസിത സമ്പദ്ഘടനയാക്കി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഗ്ദാനം വിലയിരുത്തപ്പെടേണ്ടത്. ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തിൽ മോഡി ഡൽഹിയിലെ ചുവപ്പുകോട്ടയിൽനിന്ന് പ്രഖ്യാപിക്കുകയുണ്ടായി, ‘ഇത് ഇന്ത്യയുടെ സുവർണയുഗമാണ്. 

2047ൽ ഇന്ത്യ വികസിത ഭാരതമായി മാറും’. ഇക്കൊല്ലം ഫെബ്രുവരി മുതൽ വികസിത ഭാരതമെന്ന ലക്ഷ്യത്തിനുവേണ്ടി താൻ ജനങ്ങളുമായി നടത്തിക്കൊണ്ടിരിക്കുന്ന വിപുലമായ ജനസമ്പർക്കത്തെക്കുറിച്ച് ആശ്ചര്യജനകമായ അവകാശവാദങ്ങൾ അദ്ദേഹം ആവർത്തിച്ചാവർത്തിച്ച് നിരത്തുന്നുണ്ട്. ഫെബ്രുവരിയിൽ ഇക്കാര്യത്തിൽ 15 ലക്ഷം പേരുമായി കൂടിയാലോചന നടത്തിയെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി ഓഗസ്റ്റ് 15 ആവുമ്പോഴേക്കും കോടിക്കണക്കിന് ജനങ്ങളുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയതായും നിർദേശങ്ങൾ ലഭിച്ചതായും പറഞ്ഞു. എന്നാല്‍ ഈ കൂടിയാലോചനകളെപ്പറ്റിയും നിർദേശങ്ങളെപ്പറ്റിയും വിവരാവകാശ നിയമപ്രകാരമുള്ള നിരവധി അന്വേഷണങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫിസിന് യാതൊരു മറുപടിയും നല്‍കാനായിട്ടില്ല. അത് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നില്ലെന്ന വിചിത്രമായ മറുപടിയാണ് പിഎംഒ നൽകുന്നത്. രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ, അതിവിപുലമെന്ന് അവകാശപ്പെടുന്ന കൂടിയാലോചനകളെപ്പറ്റിയും നിർദേശങ്ങളെപ്പറ്റിയും വിവരങ്ങൾ പുറത്തുവിടാൻ പിഎംഒ വിസമ്മതിക്കുന്നത് നിഗൂഢമല്ലെങ്കിൽ അത്തരം യാതൊന്നും നടന്നിട്ടില്ലെന്ന് വേണം കരുതാൻ. രാഷ്ട്രത്തെ സംബന്ധിക്കുന്ന തന്ത്രപ്രധാനമായ തീരുമാനങ്ങൾ കൈക്കൊണ്ട അവസരങ്ങളിൽ യാതൊരു കൂടിയാലോചനകളും കൂടാതെ സ്വേച്ഛാപരമായ പ്രഖ്യാപനങ്ങളിലൂടെ അവ നടപ്പാക്കുന്ന പതിവാണ് മോഡി നാളിതുവരെ പിന്തുടർന്നുപോന്നത്. നോട്ടുനിരോധനം, മഹാമാരിയുടെ കാലത്തെ ദേശീയ അടച്ചുപൂട്ടൽ തുടങ്ങിയ സുപ്രധാന തീരുമാനങ്ങൾ എല്ലാംതന്നെ അത്തരത്തിലാണ് രാഷ്ട്രത്തിനുമേൽ അടിച്ചേല്പിക്കപ്പെട്ടത്. അതിൽനിന്നും വ്യത്യസ്തമായിരിക്കില്ല വികസിത ഭാരതമെന്ന മോഡിയുടെ സങ്കല്പവുമെന്ന ആശങ്ക ശക്തമാണ്. 

കേന്ദ്രസർക്കാരിന്റെ മൂലധനച്ചെലവ് സാമ്പത്തിക വർഷത്തിന്റെ ഏഴുമാസം പിന്നിടുമ്പോൾ ലക്ഷ്യത്തിന്റെ 27 ശതമാനം മാത്രമാണെന്ന കണക്കുകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അടുത്ത അഞ്ചുമാസംകൊണ്ട് ലക്ഷ്യത്തിന്റെ 73 ശതമാനം പൂർത്തീകരിക്കുക മനുഷ്യസാധ്യമാണെന്ന് മോഡിയുടെ ദിവ്യജന്മ അവകാശവാദത്തിൽ വിശ്വസിക്കുന്നവർ ഒഴികെ ആരും കരുതില്ല. മോഡി ഭരണകൂടം വരച്ചുകാട്ടുന്ന രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെപ്പറ്റിയുള്ള അരുണാഭ ചിത്രം യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് ഇന്ത്യൻ മധ്യവർഗത്തെ സംബന്ധിച്ച മേൽവിവരിച്ച കണക്കുകളും ആഗോള സംഘടനകൾ പുറത്തുവിടുന്ന പഠനങ്ങളും വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ച് മോഡി മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങളുടെ യാഥാർത്ഥ്യം അറിയാൻ ജനങ്ങൾക്കുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യ വിരുദ്ധവും കടുത്ത ജനവഞ്ചനയുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.