ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധി: വേണം നമുക്കൊരു ധവളപത്രം

Web Desk
Posted on November 29, 2019, 10:41 pm

പ്രൊ. കെ അരവിന്ദാക്ഷൻ

മോ‍ഡിസര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാ­യ മറ്റൊരുകാര്യം, കേന്ദ്രസര്‍ക്കാരിന് നിയന്ത്രണമുള്ളതോ, സ്വതന്ത്ര പദവിയോടെ ദീര്‍ഘകാലമായി പ്രശസ്ത സേവനം ഗവേഷണ-പഠന മേഖലകളില്‍ പ്രവര്‍ത്തനം നടത്തി വന്നിട്ടുള്ള സ്ഥാപനങ്ങളുടെ പഠന റിപ്പോര്‍ട്ടുകളിലെ സുപ്രധാനമായ കണ്ടെത്തലുകള്‍ തമസ്ക്കരിക്കുകയോ, അവഗണിക്കുകയോ ചെയ്യുന്ന അനാരോഗ്യകരവും അധാര്‍മ്മികവുമായവ തീര്‍ത്തും ഒഴിവാക്കുക എന്നതാണ്. ജിഡിപി നിരക്ക് സര്‍ക്കാരിന്റെ അവകാശവാദം തകര്‍ത്ത് 6.8 ശതമാനമെന്നതില്‍ നിന്ന് 4.9 ശതമാനത്തിലേക്ക് താണിരിക്കുകയാണെന്ന എന്‍സിഎഇആര്‍ റിപ്പോര്‍ട്ടും തൊഴിലില്ലായ്മ സംബന്ധമായ സര്‍ക്കാരിന്റെ പൊള്ളയായ വാദം പരസ്യമാക്കിയ എന്‍എസ്­എസ്ഒ റിപ്പോര്‍ട്ടും കൃത്യമായി ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ നിന്നും പിന്‍വലിഞ്ഞ മോഡിസര്‍ക്കാരിന്റെ കാപട്യം ഇന്ത്യയിലെ ജനങ്ങള്‍ ക്രമേണ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുകയാണ്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്റെ തൊഴിലില്ലായ്മാ സംബന്ധിച്ചുള്ള സത്യസന്ധമായ കണ്ടെത്തലുകളും ലോകസഭാ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ ഒളിച്ചുവച്ച നടപടിയും ഇന്ന് പൊതുജനങ്ങള്‍ക്ക് വ്യക്തമായി അറിയാവുന്നതാണ്.

2014‑ല്‍ അധികാരമേല്‍ക്കുമ്പോള്‍, മോഡി അവകാശപ്പെട്ടിരുന്നത് പ്രതിവര്‍ഷം പുതുതായി രണ്ടുകോടി പുതിയ തൊഴിലവസരങ്ങള്‍ സൃ­ഷ്ടി­ക്കുമെന്നായിരുന്നു. എന്നാല്‍ മോഡിയുടെ ആ­ദ്യഘട്ട ഭരണക്കാലയളവിന്റെ അവസാനവര്‍ഷ (2018–19) ത്തില്‍ തൊഴിലില്ലായ്മയുടെ നിരക്ക് പിന്നിട്ട 45 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തുക എന്നതായിരുന്നു. സിഎംഐഈയുടെ കണക്കുകൂട്ടല്‍ ഇത് 9 ശതമാനം വരെ ആയി ഉയര്‍ന്നിട്ടുണ്ടെന്നാണ്. പൊതുവെ മോഡിഭരണത്തോട് ശത്രുതാമനോഭാവമില്ലാതിരുന്ന യുഡിസ് എന്ന റേറ്റിങ് ഏജന്‍സിപോലും മോഡിയുടെ സാമ്പത്തിക മാനേജ്മെന്റ് ഒരു പരാജയാമാണെന്ന് തുറന്നുപറ‍ഞ്ഞിരിക്കുകയാണിപ്പോള്‍. ഇന്നത്തെ നിലയില്‍ താല്‍ക്കാലിക സഹായ പാക്കേജ് പ്രഖ്യാപനങ്ങള്‍ കൊണ്ടൊന്നും പ്രതിസന്ധി പരിഹരിക്കാനോ നിക്ഷേപവര്‍ദ്ധനവിലൂടെ ജിഡിപി നിരക്ക് മെച്ചപ്പെടുത്താനോ കഴിയില്ല.

വരാനിരിക്കുന്ന ബജറ്റ് രൂപീകരണത്തിനു മുമ്പു തന്നെ നിക്ഷേപകര്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ടാക്കാന്‍ പര്യാപ്തമായ മൂര്‍ത്തമായ നടപടികളാണ് അനിവാര്യമായിട്ടുള്ളത്. വാഗ്ദാനങ്ങളുടേയും ചെപ്പടിവിദ്യകളുടേയും പ്രസക്തി നഷ്ടമായിരിക്കുന്നു. ബജറ്റിന് മുമ്പുള്ള സാമ്പത്തിക അവലോകന രേഖയെങ്കിലും സത്യസന്ധമായൊരു ഔദ്യോഗിക വിവരണമായിരിക്കണം. 2019–20 ലെ ധനക്കമ്മി ജിഡിപിയുടെ 3.3 ശതമാനമായിരിക്കുമെന്ന് ആരും വിശ്വസിക്കാനിടയില്ല. ഊഹക്കണക്കുകള്‍ കൂടെക്കൂടെ ആവര്‍ത്തിച്ച് അവതരിപ്പിച്ചതിലൂടേയും, സത്യസന്ധമായ കണക്കുകള്‍ തമസ്ക്കരിക്കുന്നതിലൂടേയും സമ്പദ‍്‌വ്യസ്ഥയുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള യഥാര്‍ഥ ചിത്രം ഒളിപ്പിച്ചുവെക്കാനാവില്ല. അതുകൊണ്ടാണ് ഇനിയെങ്കിലും ഇതെപ്പറ്റിയെല്ലാമുള്ള യഥാര്‍ഥ കണക്കുകള്‍ അടങ്ങുന്നൊരു ധവളപത്രം പുറത്തുവരണമെന്ന ആവശ്യം ആവര്‍ത്തിക്കേണ്ടിവരുന്നത്.

കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഗത്ഭയായൊരു ധനശാസ്ത്ര വിദ്യാര്‍ഥിനിയായിരുന്നിരിക്കാം. ജെഎന്‍യുവില്‍ നിന്നാണല്ലോ അവര്‍ ബിരുദമെടുത്തത്. എന്നാല്‍ അക്കാദമിക്ക് മികവ് ആരേയും ഒരു നല്ല ധനമന്ത്രിയാക്കണമെന്നില്ല. എന്നിരുന്നാല്‍ തന്നേയും, ജനാഭിലാഷങ്ങള്‍ തൃപ്തിപ്പെടുത്താന്‍ സഹായകമായ മിനിമം ഔദ്യോഗികവും, ഭരണപരവുമായ നടപടികളെടുക്കാനെങ്കിലും ധനമന്ത്രിയെന്ന നിലയില്‍ അവര്‍ക്ക് ബാദ്ധ്യതയുണ്ട്. ഇതിലേക്കുള്ള ആദ്യപടിയായിരിക്കണം ഒരു ധവളപത്രം ഇറക്കല്‍. പ്രതിസന്ധിയുടെ ആഴവും പരപ്പും ജനങ്ങള്‍ക്കറിയാനും അവ‍യ്ക്ക് പരിഹാരം കാണുന്നതില്‍ മോഡിസര്‍ക്കാര്‍ നേരിടേണ്ടി വരുന്ന പരിമിതികളെന്തെന്നും അറിയാനും ജനങ്ങള്‍ക്ക് വേറെ വഴിയില്ല. ധനകാര്യപ്രതിസന്ധി രൂക്ഷമാണെന്നും പരമ്പരാഗതമായ ബജറ്ററി മാനേജ്മെന്റിലൂടേയും, ഭരണപരമായ നടപടികളിലൂടേയും, ആര്‍ബിജിയുടെ പണനയത്തിലൂടേയും ഇതിനു പരിഹാരം കണ്ടെത്തുന്നതില്‍ മോഡി സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണല്ലോ, ഇടംവലം നോക്കാതെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ദേശീയ‑ആഗോള കോര്‍പ്പറേറ്റുകള്‍ക്കു കൈമാറാനുള്ള അന്തംവിട്ട നീക്കങ്ങള്‍.

മാത്രമല്ലാ, ദിവസങ്ങള്‍ ഏറെആയിട്ടില്ല. മോഡിസര്‍ക്കാര്‍ നേരിട്ടു തന്നെ തയ്യാറാക്കിയ ഉപഭോഗ ചെലവുകള്‍ സംബന്ധിച്ചുള്ള അവലോകന റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ ഗുണമേന്മയില്ലാത്തവയാണെന്ന മുദ്രകുത്തി ചവറ്റുകുട്ടയില്‍ തള്ളിയിട്ട് കണക്കുകൂട്ടലുകളില്‍ സംഭവിച്ച പിഴവുകളാണ് സര്‍ക്കാരിന്റെ ഇത്തരമൊരു തീരുമാനത്തിനിടയാക്കിയതെങ്കില്‍, തെറ്റുകള്‍ തിരുത്തുകയെന്നതായിരുന്നില്ലെ കരണീയം? അപ്പോള്‍ ഒരു കാര്യം സര്‍ക്കാര്‍ കരുതിക്കൂട്ടി മറച്ചുവെക്കുകയാണ് ചെയ്യുന്നത് അതായത്, സമ്പദ് വ്യവസ്ഥ അതീവ ഗുരുതരമായ മാന്ദ്യപ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഇതിനുള്ള അനിവാര്യമായ പ്രതിവിധി ജനങ്ങളുടെ ‘ക്രെഡിബിലിറ്റി’ ഉറപ്പാക്കുകയാണ് പ്രത്യേകിച്ച് നിക്ഷേപക സമൂഹത്തിന്റെ.

നിക്ഷേപ പ്രോത്സാഹന നടപടികളേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് സുതാര്യത ഉറപ്പാക്കുകയാണ്. യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ്. ജനങ്ങളോട് മൊത്തത്തിലും, നിക്ഷേപക സമൂഹത്തോട് പ്രത്യേകമായും ആശയവിനിമയം നടത്തുന്നതില്‍ സുതാര്യതയാണ് അനിവാര്യഘടകം. ഇതിലേക്കായിട്ടാണ് ഒരു ധവളപത്രം ഇറക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. മോഡി സര്‍ക്കാര്‍ തുടക്കംമുതല്‍ ഇത്തരമൊരു തുറന്ന സമീപനത്തിന് തയ്യാറാകുമായിരുന്നെങ്കില്‍, ഇന്നത്തെ നിലയില്‍ സാമ്പത്തിക പ്രതിസന്ധി വഷളായ രൂപത്തില്‍ എത്തുമായിരുന്നില്ല. തല്‍ക്കാലം ഇത്രമാത്രമേ സൂചിപ്പിക്കുന്നുള്ളൂ. (അവസാനിച്ചു)