Web Desk

ബെയ്ജിങ്

January 19, 2020, 8:29 pm

ചൈനയിൽ പടർന്നുപിടിക്കുന്ന അജ്ഞാത വൈറസ് ബാധിച്ച് ഇന്ത്യൻ അധ്യാപികയും ചികിത്സയിൽ

Janayugom Online

ചൈനയിൽ പടർന്നുപിടിക്കുന്ന അജ്ഞാത വൈറസ് ബാധിച്ച് ഇന്ത്യൻ അധ്യാപികയും ചികിത്സയിൽ. ഷെൻസെൻ നഗരത്തിലെ ഇന്റർനാഷണൽ സ്കൂൾ അധ്യാപികയായ പ്രീതി മഹേശ്വരി (45) ആണ് പ്രദേശത്തെ ആശുപത്രിയിൽ ചികിത്സ തേടിയത്. ഒരു വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ചൈനയിൽ പടരുന്ന അജ്ഞാത വൈറസ് ഏതാണെന്ന് കണ്ടെത്താൻ ശാസ്ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കൊറോണ വൈറസ് കുടുംബത്തിൽപ്പെട്ട അജ്ഞാത വൈറസാണ് രോഗം പടർത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. നിരവധി പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ചൈനയിൽ പടരുന്ന ഈ അജ്ഞാത വൈറസ് ബാധിക്കുന്ന ആദ്യ വിദേശിയാണ് പ്രീതി മഹേശ്വരി.

വൈറസ് ബാധ ഡോക്ടർമാർ സ്ഥിരീകരിച്ചതായി പ്രീതി മഹേശ്വരിയുടെ ഭർത്താവും ഡൽഹി സ്വദേശിയും വ്യവസായിയുമായ അൻഷുമാൻ ഖോവലാണ് വാർത്താ ഏജൻസിയോട് പറഞ്ഞത്. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പ്രീതി മഹേശ്വരി കഴിയുന്നതെന്നും ഭർത്താവ് പറഞ്ഞു. ഭാര്യ അബോധാവസ്ഥയിലാണ് കഴിയുന്നതെന്നും രോഗം ഭേദമാകാൻ ദീർഘകാലം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും ഖോവൽ വ്യക്തമാക്കി.

എല്ലാ ദിവസവും ഏതാനും മണിക്കൂറുകൾ മാത്രം രോഗിയെ സന്ദർശിക്കാൻ ഡോക്ടർമാർ ഭർത്താവിനെ അനുവദിച്ചിട്ടുണ്ട്. വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ചൈന സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് അധികൃതർ സുരക്ഷാ മുന്നറിയിപ്പ് നല്കിയിട്ടുണ്ട് 1723 പേരെ ഇതിനകം വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ അറിയിച്ചത്.