ഇന്ത്യന്‍ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിൽ. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നഷ്ടമാണ് ഇന്നലെ രേഖപ്പെടുത്തിയത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 2,919.26 പോയിന്റ് താഴ്ന്ന് അതായത് 8.18 പോയിന്റ് ഇടിവ് രേഖപ്പെടുത്തി 32,778.14 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. 217 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. 2,203 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഒരുസമയത്ത് 3,204 പോയിന്റ് ഇടിഞ്ഞ സൂചിക 32,493 എന്ന നിലയിലേക്ക് എത്തിയിരുന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 868 പോയിന്റ് താഴ്ന്ന് 8.30 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി 9,590.15 ലേക്കെത്തി. 2017 ന് ശേഷം ഏറ്റവും താഴ്ന്ന നിലയിലാണ് നിഫ്റ്റി സൂചിക ഇന്നലെ വ്യാപാരം നിർത്തിയത്.
സെൻസെക്സിൽ 11 സെക്ടർ ഇൻഡക്സിലും ഇടിവാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക 13 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ബാങ്ക്, റിയൽറ്റി, ഫാർമ, മെറ്റൽ, ഐടി, ഓട്ടോ സൂചികകളിലും എട്ടുമുതൽ പത്തുവരെ ശതമാനം ഇടിവ് രേഖപ്പെടുത്തി. കൊറോണ ബാധയെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതാണ് വിപണിയെ ബാധിച്ചത്. യുഎസിന്റെ യൂറോപ്യൻ രാജ്യങ്ങൾക്കുള്ള യാത്രാവിലക്കും ആഗോള വിപണിയില്‍ സമ്മര്‍ദം ശക്തമായതും ഇന്ത്യന്‍ വിപണിയെ പ്രതികൂലമായി ബാധിച്ചു. കൊറോണ ആഗോളതലത്തിലെ കയറ്റുമതി-ഇറക്കുമതി വ്യാപാരവും, നിക്ഷേപ മേഖലയുമെല്ലാം നിശ്ചലമാക്കി. ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യ മിക്ക വിസകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഇതോടെ ബിസിനസ് പ്രവര്‍ത്തനങ്ങളും, ഇടപാട് കേന്ദ്രങ്ങളുമെല്ലാം ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്.
വിദേശികള്‍ ഈ മാസം ഇന്ത്യന്‍ ഓഹരികളില്‍ നിന്നും ഇരുന്നൂറുകോടി ഡോളറിലധികമാണ് പിന്‍വലിച്ചത്. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ഇതും വിപണിയുടെ തകര്‍ച്ചയ്ക്ക് കാരണമായി. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിലും കനത്ത ഇടിവാണ് ഉണ്ടായിരിക്കുന്നത്. രൂപ ഒരു ശതമാനം നഷ്ടത്തില്‍ 74.34 നിലവാരത്തിലെത്തി. വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്തെ ഓഹരികളും കറന്‍സികളും ഉപേക്ഷിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. ആഗോളവിപണിയിൽ ക്രൂഡ് ഓയില്‍ വിലയും ഇടിഞ്ഞു. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യൂടിഐ) ക്രൂഡ് നിരക്കില്‍ 6.2 ശതമാനത്തിന്റെ ഇടിവുണ്ടായി. ബാരലിന് 31 ഡോളറാണ് വില രേഖപ്പെടുത്തിയത്. ബ്രന്റ് ക്രൂഡിന്റെ നിരക്കില്‍ 5.8 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കൊറോണയ്ക്കും യുഎസിന്റെ യാത്രാവിലക്കിനും പുറമെ സൗദി-റഷ്യ വിലയുദ്ധവും എണ്ണ വിലയിടിവിന് കാരണമാകുന്നുണ്ട്.
ആഗോളവിപണിയും തകർന്നടിഞ്ഞു
ആഗോളവിപണിയും തകർന്നടിഞ്ഞു ന്യൂയോർക്ക്: ആഗോളവിപണിയും തകർച്ചയോടെയാണ് വ്യാപാരം തുടങ്ങിയത്. ഓസ്ട്രേലിയൻ വിപണി വ്യാപാരം ആരംഭിച്ച് അരമണിക്കൂർ പിന്നിട്ടപ്പോൾ തന്നെ അഞ്ച് മുതൽ ആറ് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെയും ധനകാര്യമന്ത്രി ജോഷ് ഫ്രെയഡൻബർഗിന്റെയും 1760 കോടി ഡോളറിന്റെ ഉത്തേജക പാക്കേജ് പ്രഖ്യാപനത്തോടെ ആദ്യഘട്ടത്തിൽ രണ്ട് ശതമാനം ഇടിഞ്ഞ വിപണി നേരിയതോതിൽ കരകയറിയിരുന്നു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യാത്രാവിലക്ക് പ്രഖ്യാപിച്ചത് അമേരിക്കൻ വിപണിയിൽ വൻതോതിൽ ഓഹരി വിറ്റഴിക്കലിന് ഇടയാക്കി. ഇതോടെ വിപണി ഏതാണ്ട് തകർന്നടിഞ്ഞു. ഏഴ് ശതമാനത്തോളം നഷ്ടമാണ് ആദ്യം വിപണിയിൽ ഉണ്ടായത്. പിന്നീട് ഇത് നേരിയതോതിൽ മെച്ചപ്പെട്ടു. വൈകിട്ട് മൂന്നേമുക്കാലോടെ വിപണിയുടെ നഷ്ടം 5.4 ശതമാനമായി. ഏഷ്യൻ രാജ്യങ്ങളിലെ ഓഹരിവിപണികളെല്ലാം സമാനമായ രീതിയിൽ വൻ നഷ്ടമാണ് രേഖപ്പെടുത്തിയത്.
English Summary:Indian stock market slumps in history
You may also like this video
;