Wednesday
20 Feb 2019

ഇന്ത്യന്‍ ടീം ചൈനയിലേക്ക്; തയ്യാറെടുപ്പിന് സമയം കിട്ടിയില്ലെന്ന് കോച്ച്

By: Web Desk | Tuesday 9 October 2018 10:05 PM IST

സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയുമായി 13 ന് നടക്കുന്ന സൗഹൃദമത്സരത്തിന് തയ്യാറാകാന്‍ ഇന്ത്യയ്ക്ക് മതിയായ സമയം ലഭിച്ചിട്ടില്ലെന്ന് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍.
അടുത്ത ജനുവരിയില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പ് മത്സരങ്ങളുടെ മുന്നോടിയായാണ് ഇന്ത്യ ശക്തരായ ചൈനയുമായി സൗഹൃദമത്സരം കളിക്കുന്നത്.
തയ്യാറെടുപ്പുകള്‍ക്കായി കുറച്ച് ദിവസങ്ങള്‍ കൂടി ലഭിക്കേണ്ടതായിരുന്നുവെന്ന് കോച്ച് പറഞ്ഞു.

മിക്കവാറും താരങ്ങളും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ടീമില്‍ ചേര്‍ന്നത്. പുറപ്പെടുന്നതിന് മുമ്പ് രണ്ട് ദിവസത്തെ പരിശീലന ക്യാമ്പാണ് തീരുമാനിച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കളിക്കാരില്‍ മിക്കവാറും പേരും ക്യാമ്പിലെത്തിയത്. ഫലത്തില്‍ ഒരു ദിവസം മാത്രമാണ് തയ്യാറെടുപ്പുകള്‍ക്കായി ലഭിച്ചിരിക്കുന്നതെന്ന് പരിശീലകന്‍ ചൂണ്ടിക്കാട്ടി.
കളിക്കാരുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ പോലും സമയം ലഭിച്ചിട്ടില്ല. മിക്കവാറും എല്ലാ കളിക്കാരും ഒന്നിലധികം സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അവര്‍ എല്ലാവരും മികച്ച ശാരീരികക്ഷമത നിലനിര്‍ത്തുന്നവരാണെന്ന് പ്രതീക്ഷിക്കാന്‍ മാത്രമേ കഴിയുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവാക്കള്‍ക്ക് ഏറെ പ്രധാന്യം നല്‍കുന്ന പരിശീലകനാണ് കോണ്‍സ്റ്റന്റൈന്‍. നിലവിലെ ടീമില്‍ പകുതിയോളം അണ്ടര്‍ 23 ടീം അംഗങ്ങള്‍ കൂടിയാണ്. കോണ്‍സ്റ്റന്റൈന്‍ പരിശീലകനായ ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ 44 കളിക്കാര്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

ഏഷ്യന്‍ ഫുട്‌ബോളിലെ പ്രധാന ശക്തികളൊന്നായ ചൈനയോട് ഏറെ വെല്ലുവിളി ടീമിന് നേരിടേണ്ടിവരും. 1997 നെഹ്‌റുകപ്പില്‍ കൊച്ചിയില്‍ വച്ചാണ് ഇന്ത്യ അവസാനമായി ചൈനയെ നേരിട്ടത്. ചൈനയില്‍ വച്ച് ആദ്യമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്,

അതേസമയം സ്‌ട്രൈക്കര്‍ ബല്‍വന്ത് സിങിനെ ടീമില്‍ നിന്ന് ഒഴിവാക്കി. അവസാന നിമിഷമാണ് ബല്‍വന്ത് ടീമില്‍ നിന്ന് പുറത്തായത്. പാസ്‌പോര്‍ട്ടില്‍ കാലാവധി ഇല്ലാത്തതാണ് താരത്തെ ഒഴിവാക്കാന്‍ കാരണമെന്ന് കോച്ച് പറഞ്ഞു.

Related News