ഇന്ത്യയിലെ കാട്ടുതീ മനുഷ്യനിർമ്മിതമെന്ന് പഠനങ്ങൾ. ഇന്ത്യൻ ഫോറസ്റ്റ് റിപ്പോർട്ട് 2019ലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ട ഫോറസ്റ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാടുകൾക്കും ജീവജാലങ്ങൾക്കും വൻ നാശം വിതയ്ക്കുന്ന കാട്ടുതീ, കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയിലെ കാടുകളെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുകയാണ്. 2018 ഫെബ്രുവരി മാസത്തിൽ കർണാടകയിലുണ്ടായ കാട്ടുതീ അണയ്ക്കാൻ വേണ്ടിവന്നത് അഞ്ച് ദിവസമാണ്. ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്ടറുകളുൾപ്പെടെയുള്ളവയുടെ സഹായം തേടിയ ശേഷമാണ് ബന്ദിപ്പൂരിലെ ടൈഗർ റിസർവ് വനത്തിലെ തീയണയ്ക്കാൻ കഴിഞ്ഞത്.
ഒരൊറ്റ കാട്ടുതീകൊണ്ടുമാത്രം 4,800 ഹെക്ടറോളം കാടാണ് കത്തിനശിച്ചത്. തൊട്ടടുത്ത മാസത്തിൽ, അതായത് 2018 മാർച്ചിൽ വീണ്ടും കാട്ടുതീയുണ്ടായതായുള്ള വാർത്തകളും വന്നിരുന്നു. ഇതിനുപിന്നാലെ ഫെബ്രുവരി 15 മുതൽ ഏപ്രിൽ 15 വരെ കാട്ടുതീമാസമായി പ്രഖ്യാപിച്ച്, കാടുകളിലേയ്ക്കെത്തുന്ന വിനോദ സഞ്ചാരികൾ വിലക്കേർപ്പെടുത്തേണ്ട അവസ്ഥയിലുമായി അധികൃതർ.
2019ൽ കാട്ടുതീയുമായി ബന്ധപ്പെട്ട് ഏകദേശം 30,000ത്തോളം കേസുകളാണ് വനം അധികൃതർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യൻ കാടുകളിലെ 36 ശതമാനവും തീപിടിക്കാൻ സാധ്യതയുള്ളതാണ് (ഏകദേശം 657,000 ച.കി.മി). ഇതിൽത്തന്നെ 10 ശതമാനം കാടുകളിലും തീപിടിക്കാനുള്ള സാധ്യത ഏറെയാണ്. ആകെ 20 ശതമാനം കാടുകളിലും തീപിടിത്ത സാധ്യത ഏറ്റവും തീവ്രമായ അവസ്ഥയിലുമാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ഛത്തീസ്ഗഡ്, ഒഡിഷ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കാടുകളിലെ വളക്കൂറ് കുറഞ്ഞ മണ്ണും, കുറഞ്ഞ മഴയും വരണ്ട കാലാവസ്ഥയുമെല്ലാം കാട്ടുതീയുടെ ആക്കം വർധിപ്പിക്കുന്നുണ്ട്. പൈൻ കാടുകളിലെയും അവസ്ഥ വ്യത്യസ്തമല്ല. വരണ്ട കാലാവസ്ഥ ഇവിടെയും കാട്ടുതീയ്ക്കുള്ള സാധ്യത അതിതീവ്രമാകുന്നതിന് മുഖ്യകാരണമാണ്. ഉത്തർപ്രദേശിലെ 40 ശതമാനത്തിലധികം കാടും അഗ്നിബാധാ സാധ്യതയുള്ളതാണെന്ന് ഉത്തർപ്രദേശ് ജൈവവൈവിധ്യ ബോർഡിലെ ചീഫ് കണ്‍സർവേറ്റർ രമേഷ് കുമാർ പാണ്ഡെ പറയുന്നു. 277,758 വനപ്രദേശങ്ങളാണ് ഇന്ത്യയിൽ കാട്ടുതീ സാധ്യതാ പട്ടികയിൽ 2005 മുതൽ 2017വരെയുണ്ടായിരുന്നത്. കേരളത്തിൽ 1700 വനപ്രദേശങ്ങളും സാധ്യതാ പട്ടികയിൽ പെടുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ വനാന്തരങ്ങളെ കാട്ടുതീ വിഴുങ്ങുന്നതിന് ഏറ്റവും കൂടുതൽ കാരണമാകുന്നത് മനുഷ്യരുടെ പ്രവൃത്തികൾ തന്നെയെന്നും ഫോറസ്റ്റ് സ്റ്റേറ്റ് ഓഫ് ഇന്ത്യ അടിവരയിടുന്നു. ഉണങ്ങിയ പുൽമേടുകളിൽ തീയിടുന്നത് കാട്ടുതീ ഭീഷണി ഉയർത്തുന്നു. കൂടാതെ ബീഡി നിർമ്മാണത്തിനായി തെണ്ട് മരങ്ങളുടെ തൊലി ശേഖരിക്കുന്നതിനും കാട്ടിൽ മനുഷ്യർ തീയിടുന്നുണ്ട്. എന്നാൽ ഇത് പലപ്പോഴും നിയന്ത്രണാതീതമാകുകയും വൻതോതിലുള്ള കാട്ടുതീയിലേയ്ക്ക് നയിക്കുകയും ചെയ്യാറുണ്ട്. ആഗോളതാപനം ക്രമതീതമായി ഉയരുന്നതും കാട്ടുതീ ഭീഷണി ഉയർത്തുന്നുണ്ട്.
ഓസ്ട്രേലിയയിൽ പടരുന്ന കാട്ടൂതീ മനുഷ്യനെയും ജീവജാലങ്ങളെയും വൻതോതിൽ കൊന്നൊടുക്കുകയാണ്. 2019ലാണ് ലോകത്തെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആമസോൺ മഴക്കാടുകളെയും കാട്ടുതീ വിഴുങ്ങിയത്. ജനുവരിയിൽ ആളിപ്പടർന്ന കാട്ടുതീ അണഞ്ഞത് ഒക്ടോബറിലാണ്. പരിസ്ഥിതിയെ ഉന്മൂല നാശം ചെയ്യുന്ന ജനങ്ങളുടെ പ്രവൃത്തിയെ പരിസ്ഥിതി പ്രവർത്തകർ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.