ഇന്ത്യന്‍ വ്യോമസേനക്ക് 85 വയസ് അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജമെന്ന് മേധാവി

Web Desk
Posted on October 08, 2017, 11:56 pm

ന്യൂഡല്‍ഹി: അടിയന്തര സാഹചര്യമുണ്ടായാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ യുദ്ധസജ്ജരാകാന്‍ ഇന്ത്യന്‍ വ്യോമസേന തയ്യാറാണെന്ന് വ്യോമസേനാ മേധാവി ബി എസ് ധനോവ. 85-ാം വാര്‍ഷികത്തോടനുബന്ധിച്ച് വ്യോമസേനാ ദിനത്തില്‍ സേനാംഗങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിനെതിരെ ഏതുതരത്തിലുള്ള സുരക്ഷാ ഭീഷണി ഉയര്‍ന്നാലും അതിനെ ചെറുക്കാനും സേന സുസജ്ജമാണെന്നും ധനോവ അറിയിച്ചു. നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് വ്യോമസേനാ മേധാവിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
സാങ്കേതികമായി സൈന്യം കൂടുതല്‍ മികവ് സ്വായത്തമാക്കി വരികയാണ്. കരസേന, നാവികസേന എന്നിവയുമായി ചേര്‍ന്ന് രാജ്യസുരക്ഷക്കായി പ്രവര്‍ത്തിക്കാന്‍ വ്യോമസേന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ല വ്യോമസേനാ താവളങ്ങളുടെയും സുരക്ഷ ഏതുവിധത്തിലുമുള്ള ഭീഷണികളെയും നേരിടാന്‍ പാകത്തിലാക്കിക്കഴിഞ്ഞു. പഠാന്‍കോട്ട് വ്യോമസേനാ താവളത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഭീകരാക്രമണത്തിനുശേഷം ഇതിനുകൂടുതല്‍ പ്രാമുഖ്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ 85-ാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. പരിപാടിയില്‍ വിവിധ എയര്‍ക്രാഫ്റ്റുകള്‍ പങ്കെടുത്തു. 1932 ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യന്‍ വ്യോമസേന ഔദ്യോഗികമായി രൂപീകരിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ട്വിറ്ററിലൂടെ സേനയ്ക്ക് ആശംസകള്‍ നേര്‍ന്നു.