Friday
22 Feb 2019

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയുടെ പടുകുഴിയിലേക്ക് തന്നെ

By: Web Desk | Monday 16 October 2017 1:06 AM IST

പ്രഫ. കെ അരവിന്ദാക്ഷന്‍

വന്‍തോതിലുള്ള കൊട്ടും കുരവയുമായി, ആസൂത്രിതമായ പബ്ലിക് റിലേഷന്‍സ് സംവിധാനങ്ങളുടെ സഹായത്തോടെ അമിത പ്രതീക്ഷകള്‍ക്ക് ഇടം നല്‍കിക്കൊണ്ടായിരുന്നല്ലോ 2014 മെയ് മാസം മൂന്നാം വാരത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരണസാരഥ്യത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചരണമാരംഭിക്കുന്നതിന് മുമ്പുതന്നെ എന്‍ഡിഎക്ക് ഭൂരിപക്ഷം കിട്ടിയാല്‍ പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിക്കപ്പെടുക നരേന്ദ്രമോഡിയായിരിക്കുമെന്നത് ഉറപ്പാക്കുകയും ചെയ്തിരുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായി ഭരണത്തിലിരുന്ന യുപിഎ സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മാനേജ്‌മെന്റിലും മോശപ്പെട്ട പ്രതിഛായയാണ് സൃഷ്ടിച്ചിരുന്നത്. പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തിലെത്തിയെന്നതിനു പുറമെ, ജിഡിപി വളര്‍ച്ചനിരക്ക് കൂപ്പുകുത്തുകയും തൊഴിലില്ലായ്മ കുത്തനെ ഉയരുകയും ചെയ്തുവന്നിരുന്നൊരു ഘട്ടത്തിലാണ് ആകര്‍ഷകമായ മുദ്രാവാക്യങ്ങളുമായി നരേന്ദ്രമോഡിയും ബിജെപി-സംഘപരിവാര്‍ ശക്തികളും അഴിമതിമുക്തവും കോണ്‍ഗ്രസ്മുക്തവുമായൊരു പുതിയ ഇന്ത്യയുടെ സൃഷ്ടിക്കായി ഇന്ത്യന്‍ ജനസാമാന്യത്തെ സമീപിക്കുന്നത്.
എന്നാല്‍, ഇന്നത്തെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയെന്താണെന്ന് നോക്കുക. സാമ്പത്തിക പുരോഗതിയുടെ എന്‍ജിന്‍ പാളം തെറ്റാന്‍ ഭരണത്തിന്റെ മൂന്നു വര്‍ഷക്കാലം മാത്രമേ വേണ്ടിവന്നിട്ടുള്ളു. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് നേരിയ പുരോഗതി നേടാനായി എന്നത് നേരാണ്. ഇതിലേക്ക് വഴിയൊരുക്കിയതോ? മുന്‍കാല ഭരണത്തില്‍ കൈവരിക്കാനായ അനുകൂല വിദേശ വ്യാപാര നേട്ടങ്ങളോടൊപ്പം, ആഗോള എണ്ണവിലയില്‍ ഉണ്ടായ കുത്തനെയുള്ള ഇടിവും. 2005-08 കാലയളവില്‍ ജിഡിപി നിരക്ക് ശരാശരി 8.5 ശതമാനമായിരുന്നത്, ആഗോളമാന്ദ്യ പ്രതിസന്ധിയെ തുടര്‍ന്ന് ഇടിയുകയായിരുന്നു. 2014-15 ല്‍, അനുകൂലവ്യാപാരമിച്ചവും, കുറഞ്ഞ വിലയ്ക്കുള്ള എണ്ണലഭ്യതയും മൂലം ഈ ഇടിവ് നികത്തപ്പെടുകയും ഇതേതുടര്‍ന്ന് 2015-16 ധനകാര്യവര്‍ഷത്തില്‍ ജിഡിപി നിരക്ക് 9.1 ശതമാനത്തിലെത്തുകയും ചെയ്തു. ഇത് മോഡി ഭരണത്തിന്റെ നേട്ടമായി കരുതുവാന്‍ നിര്‍വാഹമില്ല. ഈ വസ്തുത സൂചിപ്പിക്കുമ്പോള്‍ വാജ്‌പേയി സര്‍ക്കാരിന്റെ ഭരണകാലഘട്ടത്തെപ്പറ്റി പരാമര്‍ശിക്കുന്നതിലൂടെ തടിതപ്പാന്‍ ശ്രമിക്കുന്നതിനാണ് ബിജെപി മാധ്യമവക്താക്കള്‍ വ്യഗ്രത കാട്ടുന്നത്.
ആഗോളമാന്ദ്യ പ്രതിസന്ധിയുടെ ആഘാതമേല്‍ക്കേണ്ടിവന്ന ചൈനീസ് സമ്പദ്‌വ്യവസ്ഥയും പ്രതിസന്ധിയിലായി. അതോടെ ഇന്ത്യന്‍ ജിഡിപി നിരക്ക് ചൈനയുടേതിനൊപ്പമോ, അതിലും അല്‍പം മേലേയോ ആവുകയായിരുന്നു. ഇതേതുടര്‍ന്ന് ആഗോളനയത്തില്‍ ഏറ്റവും ഗതിവേഗത്തോടെ സാമ്പത്തിക വളര്‍ച്ചനേടുന്ന രാജ്യമായി മോഡിഭരണത്തിലെ ഇന്ത്യ രൂപാന്തരപ്പെട്ടു എന്ന അവകാശവാദവും ഉയര്‍ന്നുകേട്ടു. നരേന്ദ്രമോഡിയാണെങ്കില്‍, സ്വന്തം പ്രതിഛായ സ്വയം ഊതിവീര്‍പ്പിക്കുന്നതില്‍ തെല്ലും അറച്ചുനില്‍ക്കാതെ സ്വതന്ത്ര ഇന്ത്യയില്‍ യഥാര്‍ഥ പുരോഗതി ഉണ്ടായത് 2014 ല്‍ താന്‍ അധികാരമേറ്റതിനെ തുടര്‍ന്നാണെന്ന് വീമ്പിളക്കുകയും ചെയ്തു. സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള ഏഴുദശകക്കാലത്തിനിടയില്‍ ഇന്ത്യന്‍ സമ്പ്ദ്‌വ്യവസ്ഥ ചലനമറ്റ് കിടക്കുകയായിരുന്നു എന്ന് പ്രഖ്യാപിക്കാനും മോഡി മടിച്ചുനിന്നില്ല. മോഡിയുടെ ഉറ്റമിത്രങ്ങളായ കോര്‍പ്പറേറ്റുകള്‍പോലും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിന്റെ സാമ്പത്തികാസൂത്രണ പദ്ധതി പ്രവര്‍ത്തനങ്ങളാണ് ഭാവി വികസനത്തിന് അടിത്തറയിട്ടതെന്ന യാഥാര്‍ഥ്യം തമസ്‌കരിക്കില്ല. ഇത് വേറെ കാര്യം.
അതേഅവസരത്തില്‍ ഐഎംഎഫിന്റെ അഭിപ്രായത്തില്‍ 3-4 ശതമാനം വരെ അധിക ജിഡിപി വളര്‍ച്ചനിരക്ക് മോഡിസര്‍ക്കാരിന് നേടാന്‍ സാധിച്ചത് തീര്‍ത്തും അപ്രതീക്ഷിതമായ സാഹചര്യങ്ങളുടെ ഫലമായിട്ടാണെന്നായിരുന്നു. ഈ യാഥാര്‍ഥ്യം തിരിച്ചറിയാതെയോ, അതിന് തയാറാവാതേയോആണ്, മോഡിയും, കൂട്ടരും പുതിയ പരിഷ്‌കാര നടപടികളുമായി മുന്നേറിയത്. സ്വകാര്യ നിക്ഷേപത്തകര്‍ച്ച, കിട്ടാക്കടത്തിലുണ്ടായ ഭയാനകമായ വര്‍ധന, തൊഴിലവസരങ്ങളിലുണ്ടായ കുത്തനെയുള്ള ഇടിവ് തുടങ്ങിയ ഘടകങ്ങള്‍ അവഗണിക്കപ്പെടുകയായിരുന്നു. ബിജെപി ആഭിമുഖ്യമുള്ള ബിഎംഎസ് ജനറല്‍ സെക്രട്ടറി ബ്രിജേഷ് ഉപാധ്യായയുടെ വിമര്‍ശനം ഡിമോണറ്റൈസേഷനും ജിഎസ്ടിയും ചെറുകിട അനൗപചാരികമേഖലകളെ തകര്‍ക്കുന്നതിലൂടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നാണ്. പൊതുമേഖല ബാങ്കുകളടക്കമുള്ള ബാങ്കിങ് സ്ഥാപനങ്ങളുടെ കിട്ടാക്കടം, മോഡി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷമുള്ള മൂന്നു വര്‍ഷക്കാലയളവില്‍ എട്ട് ശതമാനം ഉയര്‍ന്ന് 40 ബില്യന്‍ ഡോളറില്‍ നിന്ന് 190 ബില്യന്‍ ഡോളറായി പെരുകി. ബാങ്ക് വായ്പാതിരിച്ചടവില്‍ വീഴ്ചവരുത്തിയവരില്‍ മനഃപൂര്‍വം വീഴ്ചവരുത്തിയവരേയും തുടര്‍ച്ചയായ ഉല്‍പാദനത്തകര്‍ച്ചയും നഷ്ടത്തിലുണ്ടായ വര്‍ധനവും മൂലം നിസ്സഹായരായതിനെ തുടര്‍ന്ന് വീഴ്ചവരുത്തിയവരേയും ഒരുപോലെ കാണുന്ന പതിവ് രീതി മോഡി ഭരണകൂടവും തുടരുകയാണുണ്ടായത്. ഈ നിലപാടിനെതിരായി ശബ്ദമുയര്‍ത്തിയ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഡോ. രഘുരാം രാജനെ രാജ്യതാല്‍പര്യ വിരുദ്ധനായി ചിത്രീകരിക്കാന്‍ മുന്നിട്ടിറങ്ങിയ ബിജെപിയുടെ ട്രബിള്‍ഷൂട്ടര്‍ ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയെപോലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പ്രധാനമന്ത്രി മോഡിയും ധനമന്ത്രി ജെയ്റ്റ്‌ലിയും കൂടുതല്‍ സമയം കണ്ടെത്തിയത്. ഇപ്പോള്‍ ഇതേ സുബ്രഹ്മണ്യന്‍ സ്വാമി തന്നെയാണ് മോഡിയുടെയും ജെയ്റ്റ്‌ലിയുടെയും സാമ്പത്തികനയങ്ങളുടെ വിമര്‍ശകനായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനെല്ലാംപുറമെ, വേണ്ടത്ര ഗൃഹപാഠം നടത്താതേയും തയാറെടുപ്പുകള്‍ കൂടാതേയും എടുത്തുചാടി ഒന്നിനുപിറകെ മറ്റൊന്ന് എന്ന നിലയില്‍ ഡിമോണറ്റൈസേഷനും ജിഎസ്ടിയിലേക്കുള്ള മാറ്റവും പ്രയോഗത്തിലാക്കിയതും പ്രതിസന്ധി മൂര്‍ച്ഛിക്കാന്‍ കളമൊരുക്കി. സ്വാഭാവികമായും ആഗോളതലത്തില്‍ ക്രമേണ പ്രകടമാക്കപ്പെട്ടിരുന്ന മാന്ദ്യത്തിന്റെ ആഘാതം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയേയും ബാധിക്കാന്‍ ഇടയാക്കിയതിനെ തുടര്‍ന്നാണ് പിന്നിട്ട ആറുപാദങ്ങളിലായി ജിഡിപി വളര്‍ച്ച നിരക്ക് ഇടതടവില്ലാതെ താഴോട്ട് നീങ്ങാനാരംഭിച്ചത്. ഏറ്റവുമൊടുവിലത്തെ സ്ഥിതി ഈ നിരക്ക് 5.7 ശതമാനത്തിയിരിക്കുന്നു എന്നാണ്. ഈ നിരക്കുതന്നെ ജിഡിപി നിരക്ക് തിട്ടപ്പെടുത്തുന്നതിന് സ്വീകരിക്കപ്പെട്ടിരുന്ന രീതിശാസ്ത്രത്തില്‍ വരുത്തിയ ഭേഗദതിയുടെ പ്രതിഫലനമായിരുന്നു. ഈ വസ്തുതകൂടി കണക്കാക്കിയാല്‍, യഥാര്‍ഥ ജിഡിപി നിരക്ക് 3.5 ശതമാനത്തിലേറെ വരാനിടയില്ല. 2017-18 രണ്ടാം പാദത്തിലെ ഈ ജിഡിപി വളര്‍ച്ചനിരക്ക് മോഡി ഭരണമേറ്റതിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താണ നിരക്കുമാണ്. നിക്ഷേപമാണെങ്കില്‍ ഉല്‍പാദനശേഷി ഏറെ അവശേഷിക്കുന്നുണ്ടെങ്കിലും ജിഡിപിയുടെ 30 ശതമാനം മാത്രമായി ഒതുങ്ങിപ്പോയിരിക്കുന്നു.
മോഡിഭരണകൂടത്തിന് സംഭവിച്ച ഏറ്റവും വലിയ വീഴ്ച എന്താണെന്നോ? സമ്പദ്‌വ്യവസ്ഥയെ ശരിയായവിധത്തില്‍ യാഥാര്‍ഥ്യബോധത്തോടെ പരിശോധിക്കുന്നതിലും വിലയിരുത്തുന്നതിലും വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല എന്നതുതന്നെ. ഡിമോണറ്റൈസേഷനായി തെരഞ്ഞെടുത്ത സമയംതന്നെ നോക്കുക. മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ക്ക് തുടക്കംകുറിച്ചതിനുശേഷമാണ് ഇത് തിരിച്ചറിയാതെ പൊടുന്നനെ 2016 നവംബര്‍ എട്ടിന് 86 ശതമാനം കറന്‍സിയും പ്രചാരണത്തില്‍ നിന്നും പൊടുന്നനെ പിന്‍വലിക്കപ്പെടുന്നത്. പ്രഖ്യാപിത ലക്ഷ്യം കള്ളപ്പണവേട്ടയായിരുന്നു എന്നത് വേറെ കാര്യം. തീര്‍ത്തും അശ്രദ്ധമായി പ്രയോഗത്തില്‍ കൊണ്ടുവന്ന ഈ പരിഷ്‌കാരം, മോഡിയും സംഘപരിവാരവും എത്രതന്നെ നിഷേധിക്കാന്‍ ശ്രമിച്ചാലും ജിഡിപി വളര്‍ച്ചനിരക്കില്‍ ഇതേതുടര്‍ന്ന് ഒരു ശതമാനം ഇടിവുണ്ടായിട്ടുണ്ട്. നികുതിവേട്ടക്കായി സംഘം ചേര്‍ന്ന് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരാനാണ് ഭാവമെങ്കില്‍ കള്ളപ്പണം വഴിമാറി പോവുകയും മാന്ദ്യം കൂടുതല്‍ ഗുരുതര രൂപം കൈക്കൊള്ളുകയും ചെയ്യുമെന്ന് ഉറപ്പിക്കാം. അതുപോലെതന്നെ, യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ തുടക്കമിട്ടൊരു പരിഷ്‌കാരമായിരുന്നു ചരക്കുസേവന നികുതി (ജിഎസ്ടി) വ്യവസ്ഥയെങ്കിലും അതില്‍ നിരവധി മാറ്റങ്ങള്‍ ബിജെപി ഭരണകൂടം വരുത്തിയിട്ടുണ്ടെന്നത് ഒരു വസ്തുതയാണല്ലോ. ഇതൊന്നുമല്ല പ്രശ്‌നം; മറിച്ച് ജിഎസ്ടി വ്യവസ്ഥ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയിരിക്കുന്ന പ്രതികൂല ആഘാതം ഏറിയകൂറും ബാധിച്ചിരിക്കുന്നത് ചെറുകിട വാണിജ്യ മേഖലയെയാണ്. ഡിമോണറ്റൈസേഷന്‍ അനൗപചാരിക സാമ്പത്തിക മേഖലയേയും ഇടത്തരം ചെറുകിട സംരംഭങ്ങളേയും തകര്‍ത്തപ്പോള്‍, ജിഎസ്ടി ഇടത്തരം ചെറുകിട വ്യാപാര, വാണിജ്യ മേഖലയെ ആകെത്തന്നെയാണ് പ്രതിസന്ധിയിലാക്കിയത്. വേണ്ടത്ര തയാറെടുപ്പുകളില്ലാതെ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ച ജിഎസ്ടി ദേശീയതലത്തില്‍ ”ഒറ്റനികുതി, ഒറ്റ വിപണി, ഒറ്റവില”എന്ന മുദ്രാവാക്യം തന്നെ അപ്രസക്തമായിരിക്കുകയാണിപ്പോള്‍. ഫലത്തില്‍ ഇപ്പോള്‍ നിലവിലുള്ളത് ”ദേശീയവിപണി അരാജകത്വമാണ്; ദേശീയ ദുരന്തമാണ്. ലാഴ്‌സണ്‍ ആന്‍ഡ് ടൂബ്രോയുടെ മുന്‍ചെയര്‍മാന്‍ എ എം നായിക്ക്, ജിഡിപി വളര്‍ച്ചയുടെ മെല്ലെപ്പോക്കിന് കുറ്റപ്പെടുത്തുന്നത് ഡിമോണറ്റൈസേഷന്‍, ജിഎസ്ടി പരിഷ്‌കരണം എന്നിവ മുന്‍കരുതലുകളില്ലാതെ നടപ്പാക്കിയ മോഡിസര്‍ക്കാരിനെയാണ്.
ജിഡിപി വളര്‍ച്ച നിരക്കില്‍ തുടര്‍ച്ചയായി അനുഭവപ്പെടുന്ന ഇടിവിന്, ഇതിലേറെ ആഴമേറിയ ഘടകങ്ങള്‍ ഉണ്ടെന്നതും ഒരു വസ്തുതയാണ്. ഒറ്റനോട്ടത്തില്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നത് മാന്ദ്യത്തില്‍ അകപ്പെട്ട സമ്പദ്‌വ്യവസ്ഥയെ കഴിയുന്നത്ര വേഗത്തില്‍ മോചിപ്പിക്കുക എന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ ചിന്തയാണ് പ്രതിസന്ധിക്ക് വഴിമരുന്നിട്ടതെന്നാണ്. ഇത്തരമൊരു തത്രപ്പാടിനിടയില്‍ വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെന്തായിരിക്കുമെന്നതിനെപ്പറ്റി ഗൗരവമായി ഒരു കണക്കെടുപ്പ് നടത്താതെപോയി എന്നതും ഒരു വസ്തുതയാണ്. ഉടനടി ചെയ്യാനുദ്ദേശിക്കുന്നതായി നേരത്തെ പറഞ്ഞുകേട്ടിരുന്നത് 50,000 കോടി രൂപയോടടുത്തുള്ള ഒരു തുക പൊതുനിക്ഷേപരൂപത്തില്‍ സ്വകാര്യ നിക്ഷേപത്തിലുണ്ടായിരിക്കുന്ന വിടവ് നികത്താന്‍ ലക്ഷ്യമിട്ട് ഉറപ്പുവരുത്തുക. എന്നാല്‍ നിക്ഷേപ ഉത്തേജക പാക്കേജ് എന്നപേരില്‍ ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ യഥാര്‍ഥ സ്ഥിതി എന്തെന്ന് പരിശോധിക്കുകയോ വിലയിരുത്തുകയോ ചെയ്യുകയും സാമ്പത്തിക വളര്‍ച്ചയുടെ മെല്ലെപ്പോക്ക് തടഞ്ഞുനിര്‍ത്തുകയും ചെയ്യുക എന്നത് ലക്ഷ്യമാക്കി ഒരു വികസന അജന്‍ഡ പ്രഖ്യാപിക്കുകപോലും ഉണ്ടായില്ലെന്നതാണ് നിരാശാജനകമായ അനുഭവം.
(അവസാനിക്കുന്നില്ല)