മതിയായ രേഖകളില്ലാത്തതിനെ തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനം ഇന്നലെ രാത്രി അമൃത്സറില്‍ എത്തി. ഇതില്‍ 112 പേരാണുണ്ടായിരുന്നത്. അതിനിടെ ശനിയാഴ്ച രാത്രി 11.30ഓടെ ഇറങ്ങിയ രണ്ടാമത്തെ വിമാനത്തിലും ആളുകളെ എത്തിച്ചത് കയ്യിലും കാലിലും വിലങ്ങണിയിച്ച്. 117 പേരെയാണ് യുഎസ് സൈനികവിമാനത്തിൽ അമൃത്സറിലെത്തിച്ചത്. യാത്രയിലുടനീളം കാലുകളില്‍ ചങ്ങലയിടുകയും കൈകൾ ബന്ധിക്കുകയും ചെയ്തുവെന്ന് തിരിച്ചെത്തിയവര്‍ പറഞ്ഞു.
ആദ്യ വിമാനത്തില്‍ രാജ്യത്തേക്ക് എത്തിച്ചവരുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിലങ്ങിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം വിലങ്ങുവയ്ക്കുന്നതിനെ കേന്ദ്രം ന്യായീകരിക്കുകയായിരുന്നു. അതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
മറ്റ് പലരാജ്യങ്ങളും അവരുടെ പൗരന്‍മാരെ സ്വന്തം യാത്രാവിമാനം അയച്ചാണ് മാതൃരാജ്യങ്ങളില്‍ തിരിച്ചെത്തിച്ചത്. അമേരിക്ക അയച്ച യുദ്ധവിമാനം അവര്‍ തിരിച്ചയച്ചു. എന്നാല്‍ ട്രംപിനോട് എതിര്‍പ്പറിയിക്കാന്‍ ചങ്ങാതിയായ മോഡിക്കായില്ല.
അതിനിടെ ശനിയാഴ്ച തിരിച്ചെത്തിയ രണ്ടു പേരെ കൊലപാതക കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. സണ്ണി എന്ന സന്ദീപ് സിങ്, പ്രദീപ് സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്‌പി) നാനക് സിങ് അറിയിച്ചു.
രാജ്പുര പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച അമൃത്‌സർ വിമാനത്താവളത്തിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.