കസാഖ്സ്ഥാനിലെ എണ്ണപ്പാടത്ത് സംഘര്‍ഷം; കുടുങ്ങിയത് മലയാളികടക്കം 150 ഇന്ത്യക്കാര്‍

Web Desk
Posted on June 30, 2019, 6:17 pm

ന്യൂഡല്‍ഹി: കസാഖ്സ്ഥാനിലെ ടെന്‍ഗിസ് എണ്ണപ്പാടത്ത് തദ്ദേശീയരുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 150 ലേറെ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു.
വിദേശി- സ്വദേശി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 50ലേറെ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ 30 പേരുടെ നില ഗുരുതരമാണെന്ന് ഇന്റര്‍ഫാക്‌സ്-കസാഖ്സ്ഥാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എഴുപതോളം മലയാളികള്‍ ടെങ്കിസ് എണ്ണപ്പാടത്ത് ജോലി ചെയ്യുന്നുണ്ട്.

കസാഖ്സ്ഥാനിലെ പ്രമുഖ എണ്ണപ്പാടങ്ങളിലൊന്നായ ടെന്‍ഗിസില്‍ ശനിയാഴ്ച രാവിലെയാണ് സംഘര്‍ഷം തുടങ്ങിയത്. കഴിഞ്ഞ ദിവസം ലബനന്‍കാരനായ ലോജിസ്റ്റിക്‌സ് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ കസാഖ് യുവതിയുമൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ് പെട്ടെന്നുള്ള പ്രകോപനം. ചിത്രം തദ്ദേശീയരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കസാഖ് തൊഴിലാളികള്‍ സംഘടിച്ചു. വിദേശ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയിട്ടും നിയന്ത്രിക്കാനായില്ല. വിദേശികളെ പുറത്തെത്തിക്കാന്‍ വാഹനമെത്തിച്ചെങ്കിലും തദ്ദേശീയര്‍ കല്ലെറിഞ്ഞു.

എണ്ണപ്പാടത്തെ ടെന്റുകളിലാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കഴിയുന്നത്. പ്രധാന പട്ടണത്തിലേക്ക് റോഡുമാര്‍ഗം എത്താന്‍ മുന്നൂറിലേറെ കിലോമീറ്റര്‍ യാത്രചെയ്യണം. സംഘര്‍ഷത്തിന് അയവ് വരാതെ തൊഴിലാളികളെ പുറത്തെത്തിക്കുന്നത് സുരക്ഷിതമല്ലെന്ന് കസഖ്സ്ഥാന്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരം. അതിനിടെ തദ്ദേശീയര്‍ വിദേശികളായ തൊഴിലാളികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഖനിമേഖലയായതിനാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആകെ 15000 ത്തോളം പേര്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്.

നേരത്തെതന്നെ തൊഴില്‍ സാഹചര്യങ്ങളിലും വേതനത്തിലും തദ്ദേശീയ തൊഴിലാളികള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സംഘര്‍ഷം രൂപപ്പെട്ടിരിക്കുന്നത്. കസാഖ്സ്ഥാന്‍ സര്‍ക്കാരിന്റെ കൂടി ഉടമസ്ഥതയിലുള്ളതാണ് എണ്ണപ്പാടം. സ്ഥിതിഗതികള്‍ സമാധാനാന്തരീക്ഷത്തിലേക്ക് മടങ്ങിയതായി കസാഖ്സ്ഥാന്‍ ആഭ്യന്തര മന്ത്രി പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

അറബ് വംശജരായവരെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും ആക്രമണം. പരുക്കേറ്റവരില്‍ പത്തിലേറെപ്പേര്‍ ലെബനീസ് വംശജരാണ്. ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരീരി വിഷയത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുമുണ്ട്. ഇക്കൂട്ടത്തില്‍ മലയാളികളുണ്ടോയെന്ന കാര്യം വ്യക്തമായിട്ടില്ല. പരിക്കേറ്റവരില്‍ ജോര്‍ദാനിയന്‍, പലസ്തീന്‍ പൗരന്മാര്‍ ഉള്ളതായി അതാത് രാജ്യങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നോര്‍ക്ക റൂട്ട്‌സ് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. മലയാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് എംബസിയോട് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ അടിയന്തരമായി ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.