ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും തടസങ്ങളില്ലാതെ മാനുഷിക സഹായം എത്തിക്കണമെന്നും ആവശ്യപ്പെട്ട് യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെ സിപിഐ അപലപിച്ചു. ഇത് നയതന്ത്ര നീക്കമല്ല, ഗുരുതരമായ ധാര്‍മ്മിക പരാജയമാണ്. സയണിസവും ആര്‍എസ്എസ്-ബിജെപി ഹിന്ദുത്വ പ്രത്യയശാസ്ത്രവും തമ്മിലുള്ള അടുപ്പത്തെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ വിദേശനയത്തെ ചരിത്രപരമായി നയിച്ചിരുന്ന ചേരിചേരാ നയം, നീതി, അടിച്ചമര്‍ത്തപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യം എന്നിവയുടെ ലംഘനവും വഞ്ചനയുമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
സ്ത്രീകളും കുട്ടികളും അടക്കമുള്ള പലസ്തീനികളെ ഇസ്രയേല്‍ നിരന്തരം കൂട്ടക്കൊല ചെയ്യുന്നത് ലോകം കണ്ടുകൊണ്ടിരിക്കുമ്പോള്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ പിന്തുണയ്ക്കാത്തത് യുദ്ധകുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ്. അതിക്രമങ്ങളെ അപലപിക്കാതെ വിട്ടുനില്‍ക്കുന്നത് സ്വീകാര്യമല്ല, മാനവികതയ്ക്കും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധവുമാണ്. പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം സിപിഐ ആവര്‍ത്തിക്കുകയും കേന്ദ്രസര്‍ക്കാര്‍ ഇസ്രയേല്‍ അനുകൂല നിലപാട് ഉടന്‍ പിന്‍വലിക്കുകയും ഗാസയില്‍ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള ആഗോള ആഹ്വാനത്തോടൊപ്പം ഉറച്ചുനില്‍ക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.