Tuesday
17 Sep 2019

ഏറ്റവും വേഗതയേറിയ വന്ദേഭാരത് ഓടി തുടങ്ങി അടുത്ത ദിവസം പണിമുടക്കി

By: Web Desk | Saturday 16 February 2019 10:18 PM IST


ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ വന്ദേഭാരത് എക്‌സ്പ്രസ് ഓടി തുടങ്ങിയതിന് അടുത്ത ദിവസം തന്നെ വഴിയിലായി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഉത്തര്‍പ്രദേശിലെ തുണ്ട്‌ല സ്റ്റേഷനില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെയാണ് ട്രെയിന്‍ പണിമുടക്കിയത്.
കന്നിയാത്രക്ക് ശേഷം വാരണാസിയില്‍ നിന്ന് തിരിച്ച് ഡല്‍ഹിയിലേക്ക് വരുന്നതിനിടെ ഡല്‍ഹിയില്‍ നിന്ന് ഇരുന്നൂറ് കിലോമീറ്റര്‍ അകലെയായാണ് ട്രെയിന്‍ ബ്രേക്ക്ഡൗണ്‍ ആയത്. യാത്രക്കിടെ ട്രെയിനില്‍ നിന്ന് ശബ്ദം കേള്‍ക്കുകയും പല കോച്ചുകളില്‍ വൈദ്യുതി നഷ്ടമാവുകയും ചെയ്തിരുന്നു. 130 കി.മീ വേഗതയില്‍ സഞ്ചരിച്ചിരുന്ന ട്രെയിന്‍ പെട്ടെന്ന് വേഗത നഷ്ടപ്പെട്ട് പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. അവസാന ബോഗികളിലെ ബ്രേക്ക് ജാമായതാണ് പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായതെന്ന് അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ മറ്റ് ട്രെയിനുകളിലേക്ക് മാറ്റി ഡല്‍ഹിയിലേക്ക് എത്തിക്കുകയായിരുന്നു.

മെട്രോ ട്രെയിന്‍ മാതൃകയില്‍ എഞ്ചിന്‍ ഇല്ലാതെ ഇന്ത്യന്‍ റയില്‍വേ നിര്‍മ്മിച്ച ആദ്യ ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ട്രെയിന്‍ 18 എന്നത് പുനര്‍നാമകരണം ചെയ്ത് വന്ദേഭാരത് എക്‌സ്പ്രസ് എന്നാക്കിയത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാവുന്ന ട്രെയിന്‍ റായി ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറിയിലാണ് നിര്‍മ്മിച്ചത്. രണ്ട് എക്‌സിക്യൂട്ടിവ് ക്ലാസ് ഉള്‍പ്പെടെ 16 എസി കോച്ചുകളാണ് ട്രെയിനിലുള്ളത്. ഫെബ്രുവരി 17 മുതല്‍ പ്രതിദിന സര്‍വ്വീസ് തുടങ്ങാനിരിക്കെ ട്രെയിനിന് സാങ്കേതിക തകരാറുണ്ടായത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Related News