Site iconSite icon Janayugom Online

ഇന്ത്യയുടെ ജിഡിപി വളർച്ച താഴേക്ക്: മൂഡിസ്

പലിശനിരക്കിലെ വർധന ഇന്ത്യയുടെ ജിഡിപി താഴേക്ക് പോകാനിടയാക്കുമെന്ന് റിപ്പോർട്ട്. റേറ്റിങ് ഏജൻസിയായ മൂഡീസ് രാജ്യത്തെ ജിഡിപി വളർച്ചാ പ്രവചനം മാർച്ച് മാസത്തെ 9.1 ൽ നിന്ന് 8.8 ശതമാനമായി കുറയുമെന്ന് പ്രവചിക്കുന്നു. എന്നാൽ എസ്‍ബിഐയുടെ ഗവേഷണ റിപ്പോർട്ടിൽ നടപ്പ് സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദന വളർച്ച 8.2 മുതൽ 8.5 ശതമാനം വരെയാകുമെന്നാണ് പ്രവചനം. 

പണപ്പെരുപ്പം തടയാൻ റിപ്പോ നിരക്കുകൾ വർധിപ്പിച്ചത് വളർച്ച മന്ദഗതിയിലാക്കുമെന്ന് മൂഡീസ് പറയുന്നു. 40 ബേസിസ് പോയിന്റ് നിരക്ക് വർധന വരുത്തിയ ആർബിഐ ഭാവിയിൽ കൂടുതൽ വർധനവ് സൂചിപ്പിച്ചിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കുക, ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി നിയന്ത്രണം എന്നീ നടപടികൾ സർക്കാരും സ്വീകരിച്ചുവരികയാണ്. എങ്കിലും 2022 ലെ ഇന്ത്യയുടെ വളർച്ചാ പ്രവചനം മാർച്ചിലെ പ്രവചനമായ 9.1 ൽ നിന്ന് 8.8 ശതമാനമായി കുറച്ചു. അതേസമയം 2023 വളർച്ചാ പ്രവചനം 5.4 ശതമാനമായി നിലനിർത്തുന്നു- മൂഡീസ് പറഞ്ഞു. 

അസംസ്കൃത എണ്ണ, ഭക്ഷണം, വളം എന്നിവയുടെ വിലവർധനവ് വരുംമാസങ്ങളിൽ സാമ്പത്തിക ചെലവുകൾ കൂട്ടുമെന്നും ഏജൻസി പറയുന്നു.
ജിഡിപി 8.2 മുതൽ 8.5 വരെയാകുമെന്ന് പ്രവചിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ റിപ്പോർട്ട് സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ വളർച്ചാനിരക്ക് 2.7 ശതമാനം പ്രതീക്ഷിക്കുന്നു. എന്നാൽ നാലാം പാദത്തിലെ ജിഡിപി പ്രവചനം അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണെന്ന് എസ്‍ബിഐ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡ്വൈസർ സൗമ്യ കാന്തി ഘോഷ് ചൂണ്ടിക്കാട്ടി. 

Eng­lish Summary:India’s GDP growth slows: Moody’s
You may also like this video

Exit mobile version