ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നിരക്ക് 6. 1 ശതമാനമായി കുറയുമെന്ന് ഐഎംഎഫ്

Web Desk
Posted on October 15, 2019, 10:40 pm

ന്യൂഡല്‍ഹി: 2019ലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) വളര്‍ച്ച നിരക്ക് 6. 1 ശതമാനമായി കുറയുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ് ). ഏപ്രിലില്‍ ഐഎംഎഫ് പ്രവചിച്ചിരുന്നതിനേക്കാള്‍ 1. 2 ശതമാനം കുറവാണിത്. 7. 3 ശതമാനമായിരുന്നു ഏപ്രിലിലെ പ്രവചനം.

ആഗോള വിപണിയിലാകെ മാന്ദ്യം അനുഭവപ്പെടുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടിലുണ്ട്.
ആഗോള സാമ്പത്തിക വളര്‍ച്ച മൂന്ന് ശതമാനമാണ്. വര്‍ധിച്ചുവരുന്ന വ്യാപാരരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്നും 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്നും ഐഎംഎഫ് മുഖ്യസാമ്പത്തിക വിദഗ്ദ്ധയായ ഗീതാ ഗോപിനാഥ് പറഞ്ഞു.

2018ലെ ഇന്ത്യയുടെ യഥാര്‍ത്ഥ വളര്‍ച്ച നിരക്ക് 6. 8 ശതമാനമായിരുന്നു. 2020ല്‍ വളര്‍ച്ച നിരക്ക് 7. 0 ശതമാനത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധനനയം ലഘൂകരിക്കല്‍, കോര്‍പ്പറേറ്റ് ആദായനികുതി നിരക്ക് കുറയ്ക്കല്‍, കോര്‍പ്പറേറ്റ്, പാരിസ്ഥിതിക നിയന്ത്രണ അനിശ്ചിതത്വം പരിഹരിക്കുന്നതിനുള്ള സമീപകാല നടപടികള്‍, ഗ്രാമീണ ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ പരിപാടികള്‍ എന്നിവ ഇന്ത്യയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുമെന്നും ഐഎംഎഫ് പറയുന്നു.