മുംബൈ: റിസർവ് ബാങ്ക്, ഏഷ്യൻ വികസന ബാങ്ക്, മൂഡീസ് എന്നിവയ്ക്കു പിന്നാലെ അമേരിക്കൻ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ഫിച്ചും ഇന്ത്യയുടെ വളർച്ച അനുമാനം കുറച്ചു. 2020 മാർച്ചിൽ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വർഷത്തെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ച അനുമാനം 4.6 ശതമാനമായാണ് കുറച്ചിരിക്കുന്നത്. 5.6 ശതമാനം വളർച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്.
മൂഡീസിന്റെ 4.9 ശതമാനം, എഡിബിയുടെ 5.1 ശതമാനം, ആർബിഐയുടെ അഞ്ചു ശതമാനം എന്നീ അനുമാനങ്ങളെക്കാൾ താഴെയാണ് ഫിച്ചിന്റെ അനുമാനം. വായ്പ ആവശ്യകത വൻതോതിൽ കുറഞ്ഞതും ഉപഭോക്താക്കളുടെയിടയിൽ ആത്മവിശ്വാസം ചോർന്നതും ബിസിനസുകളിലുണ്ടായ ഇടിവുമാണ് വളർച്ച അനുമാനം താഴ്ത്താൻ കാരണം. അതേസമയം, ഇന്ത്യയുടെ റേറ്റിങ് സുസ്ഥിരതയുള്ളതും ‘ബിബിബി ’ ആയും നിലനിർത്തി. മറ്റു സമ്പദ്ഘടനകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ജിഡിപി ഇപ്പോഴും ശക്തമാണെന്ന് ഫിച്ച് വിലയിരുത്തി. 2020–21‑ൽ 5.6 ശതമാനമായും 2021–22‑ൽ 6.5 ശതമാനമായും ജി ഡിപിവളർച്ച തിരിച്ചുകയറുമെന്നും ഫിച്ച് വിലയിരുത്തുന്നു.
റിസർവ് ബാങ്ക് 2020‑ൽ മുഖ്യ വായ്പ നിരക്കായ റിപ്പോയിൽ 0. 65 ശതമാനത്തിന്റെ കുറവ് വരുത്തുമെന്നും റേറ്റിങ് ഏജൻസി വിലയിരുത്തുന്നു. 2019 ഫെബ്രുവരി മുതൽ ഇതുവരെ പല തവണകളായി 1.35 ശതമാനത്തിന്റെ കുറവ് ഇതിനോടകം വരുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.