September 24, 2023 Sunday

Related news

July 4, 2023
June 2, 2023
April 19, 2023
April 2, 2023
December 21, 2022
November 9, 2022
November 7, 2022
July 23, 2022
July 12, 2022
July 12, 2022

ഇന്ത്യയുടെ ജനശക്തിയും യാഥാർത്ഥ്യങ്ങളും

രമേശ് ബാബു
മാറ്റൊലി
June 2, 2023 4:45 am

ജനസംഖ്യയിൽ ഇന്ത്യ ചെെനയെ മറികടന്ന് ലോകത്ത് ഒന്നാം സ്ഥാനത്തായിരിക്കുകയാണ്. യുഎൻ പോപ്പുലേഷൻ ഫണ്ട് ഏജൻസി പുറത്തുവിട്ട കണക്കുകൾ (2023) പ്രകാരം ചെെനയുടെ ജനസംഖ്യ 142.57 കോടിയും ഇന്ത്യയുടേത് 142.86 കോടിയുമാണ്. ലോകജനസംഖ്യയാകട്ടെ 804.5 കോടിയും. 2030ൽ മാത്രമേ ഇന്ത്യ ജനസംഖ്യയുടെ കാര്യത്തിൽ ചെെനയെ മറികടക്കൂ എന്നായിരുന്നു നിഗമനം. ലോകരാഷ്ട്രങ്ങളുടെ ഭൂമിശാസ്ത്രവും ഘടനയും മാറ്റമില്ലാതെ തുടർന്നാൽ ഇനി ഇന്ത്യ തന്നെയായിരിക്കും ജനസംഖ്യയിൽ എന്നും ഒന്നാം സ്ഥാനത്തെന്നും നിരീക്ഷിക്കപ്പെടുന്നു. 2050ൽ ഇന്ത്യൻ ജനസംഖ്യ 166.8 കോടിയും ചെെനയുടേത് 131.7 കോടിയുമായി മാറുമെന്നും യുഎൻ റിപ്പോർട്ട് പറയുന്നു. 2011ലായിരുന്നു ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത്. 2021ലെ സെൻസസ് കോവിഡും മറ്റ് കാരണങ്ങളും പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ നീട്ടിവയ്ക്കുകയായിരുന്നു. അപ്പോൾ ഈ ഒന്നാംസ്ഥാനം ഏതുകണക്കനുസരിച്ചാണെന്ന ചോദ്യമുയരുന്നുണ്ട്. ജനനനിരക്ക് രജിസ്റ്റർ ചെയ്യപ്പെടുന്നത് അടിസ്ഥാനമാക്കിയാണ് ജനസംഖ്യ നിർണയിച്ചിരിക്കുന്നത് എന്നാണ് മനസിലാക്കേണ്ടത്. ജനസംഖ്യാ വളർച്ചാനിരക്ക് ഇന്ത്യക്ക് നേട്ടമാണെന്നാണ് യുഎൻ പ്രതിനിധി ആൻഡ്രിയ പോജ്നർ പ്രസ്താവിച്ചിരിക്കുന്നത്. ഇന്ത്യയുടെ ജനസംഖ്യയിൽ മൂന്നിൽ രണ്ട് ഭാഗവും അധ്വാനിക്കാനാകുന്ന പ്രായത്തിലാണ്. നിലവിൽ ഇന്ത്യയിലെ ആകെ ജനങ്ങളുടെ 68 ശതമാനം 15 മുതൽ 64 വരെ വയസുള്ളവരാണ്. 14 വയസുവരെയുള്ളവർ 25 ശതമാനവും 64 വയസിന് മുകളിലുള്ളവർ ഏഴ് ശതമാനവുമാണ്.

അധ്വാനശേഷിയുള്ളവർ കൂടുതലായിരിക്കുന്ന ഈ അവസ്ഥയിൽ അവർക്ക് മികച്ച വിദ്യാഭ്യാസവും നെെപുണ്യ പരിശീലനവും ഒരുക്കിയാൽ അത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്ന അനുകൂല ഘടകമാകും. ജനസംഖ്യയിൽ 50 ശതമാനവും മുപ്പതിന് താഴെ പ്രായമുള്ളവരായതിനാലാണ് ഇന്ത്യ വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള കാരണമെന്ന് യുഎൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചെെന ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം, അവരുടെ ജനസംഖ്യയിൽ 64 വയസിന് മുകളിലുള്ളവർ 20 മുതൽ 30 വരെ ശതമാനം വർധിച്ചതിനാൽ ആശ്രിതരുടെ എണ്ണം കൂടുകയും അധ്വാന ശേഷിയുള്ളവർ കുറയുകയുമാണെന്നതാണ്. ചെെന സാമ്പത്തിക കുതിപ്പിന് ശേഷം പിന്നാക്കം പോകാനുള്ള കാരണം യുവതയുടെയും 14 വയസുവരെയുള്ളവരുടെയും എണ്ണത്തിലെ കുറവാണ്. യുവജനങ്ങളുടെ ചുരുക്കം ജിഡിപി വളർച്ചയിൽ മാന്ദ്യവും മുരടിപ്പും പ്രത്യക്ഷമാക്കുന്നു. ഏതാണ്ട് ഇതേ അവസ്ഥയിലാണ് യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും ദക്ഷിണകൊറിയയും. അതേസമയം ഇന്ത്യയുടെ ജനസംഖ്യാ നേട്ടം 2036 വരെയൊക്കെയേ നിലനിൽക്കാൻ സാധ്യതയുള്ളുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. 2036ൽ അധ്വാന വിഭാഗത്തിന്റെ തോത് 64.9 ശതമാനമായിരിക്കുമ്പോൾ വൃദ്ധജനം 14.9 ശതമാനവും 14 വയസുവരെയുള്ളവർ 20. 1 ശതമാനവുമായിരിക്കും. ക്രമേണ അധ്വാന വിഭാഗത്തിന്റെ തോത് കുറയുകയും ആശ്രിത ജനസംഖ്യ കൂടുകയും ചെയ്യുന്നതോടെ രാജ്യത്തിന്റെ വളർച്ചാതോതിനെ അത് ബാധിച്ചുതുടങ്ങും. ജനസംഖ്യാ നിരക്ക് കൂടുന്നതും കുറയുന്നതും രാഷ്ട്രങ്ങളുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയകാര്യങ്ങളിൽ സ്വാധീനം ചെലുത്തുമെന്ന കാര്യം അവിതർക്കമാണ്. മതവും രാഷ്ട്രീയവും കെട്ടുപിണഞ്ഞുകിടക്കുന്ന ഇന്ത്യയിൽ ജനസംഖ്യാവർധനവിന്റെ സാമുദായിക കണക്കുകൾ രാഷ്ട്രീയ മേൽക്കോയ്മയെയും മറ്റും നിശ്ചയിക്കുന്നുണ്ട്.


ഇതുകൂടി വായിക്കു:ഒന്നാമതെത്തിയ ഇന്ത്യക്ക് വേണ്ടത് ഇച്ഛാശക്തി  


വൻ ജന വർധനവിലൂടെ ഇന്ത്യയെ മതരാഷ്ട്രമാക്കി പരിണമിപ്പിക്കുക എന്നത് നിരോധിത, പ്രതിലോമ തീവ്ര വർഗീയ പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങളായിരുന്നു. അജണ്ടയുടെ സാക്ഷാത്ക്കാരത്തിനായി ഊർജിത സന്താനോല്പാദന പ്രക്രിയയ്ക്ക് സിമിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും ചില പരിവാർ സംഘടനകളും ആഹ്വാനം മുഴക്കുകയും ചെയ്തിരുന്നു. 2023ലെ യുഎൻ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ജനസംഖ്യാ വർധന നിരക്ക് കുറയുകയാണ്. ഇന്ത്യയിൽ ഒരു സ്ത്രീ പ്രസവിക്കുന്ന ശരാശരി കുട്ടികളുടെ എണ്ണം 2.1 മാത്രമാണ്. 2047 ആകുമ്പോൾ ജനസംഖ്യയിൽ പ്രകടമായ രീതിയിൽ ഇന്ത്യയിൽ കുറവ് സംഭവിക്കുമെന്നാണ് പ്രവചനം. എന്നാൽ ആശ്രിത ജനസംഖ്യ കൂടുന്നതും അധ്വാനശേഷിയുള്ളവർ കുറയുന്നതും വെല്ലുവിളിയാകും. സമീപ ഭാവിയിൽ ഇന്ത്യ അഭിമുഖീകരിക്കാൻ പോകുന്ന പ്രശ്നം സ്ഥലവും കാലവുമായി പൊരുത്തപ്പെടാത്ത അമിത ജനസംഖ്യ തന്നെയാകും. ഇത്രയും ജനങ്ങൾക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളും തൊഴിൽ സാധ്യതകളും ജീവിതനിലവാരവും സമത്വവും ഉറപ്പാക്കുന്നതിൽ രാജ്യം എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. തൊഴിലില്ലായ്മ, തൊഴിൽ നഷ്ടം, വലിയൊരു വിഭാഗത്തിന് കുടിവെള്ളം, ശുചിമുറികൾ എന്നിവയുടെ അപ്രാപ്യത തുടങ്ങിയ കാര്യങ്ങൾ ഇനിയും പരിഹരിക്കപ്പെടേണ്ടിയിരിക്കുന്നു. ആഗോള വിശപ്പ് സൂചിക (ജിഎച്ച്ഐ) പ്രകാരം കുട്ടികളുടെ പോഷകാഹാരക്കുറവ് ലോകത്ത് ഏറ്റവും രൂക്ഷമായി തുടരുന്നതും ഇന്ത്യയിലാണ് 19.3 ശതമാനം.

ഇന്ത്യയിലെ 22.4 കോടി ആളുകൾക്ക് ആവശ്യത്തിന് പോഷകാഹാരം ലഭിക്കുന്നുമില്ല. കോവിഡനന്തരം ആഗോള ഭക്ഷ്യസുരക്ഷ മെച്ചപ്പെടുമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്ന് ഐക്യരാഷ്ട്ര സംഘടന ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അമിന മുഹമ്മദ് വ്യക്തമാക്കിയിരുന്നു. 2030ഓടെ ലോകത്ത് 67 കോടി ജനത പട്ടിണിയിലാകുമെന്നും അതിദാരിദ്ര്യം നേരിടുന്ന ആളുകളിൽ മൂന്നിലൊന്നും കർഷക കുടുംബങ്ങളിൽ നിന്നുള്ളവരാകുമെന്നും അമിന സൂചിപ്പിക്കുന്നു. അരിയുടെയും ഗോതമ്പിന്റെയും പഞ്ചസാരയുടെയും ഉല്പാദനത്തിൽ ഇന്ത്യ ഇപ്പോൾത്തന്നെ രണ്ടാം സ്ഥാനത്താണെങ്കിലും ഭക്ഷ്യ എണ്ണയുടെയും ക്രൂഡ് ഓയിലിന്റെയും ഇറക്കുമതിയിൽ മുൻനിരയിലാണ്. രാജ്യത്ത് സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് ഏഴ് ശതമാനം വളർച്ച നിലനിർത്തേണ്ടത് അത്യന്താപേക്ഷിതവുമാണ്. അല്ലാത്തപക്ഷം തൊഴിലില്ലായ്മ ഇനിയും രൂക്ഷമാവും. 2030ന് മുമ്പ് 90 ദശലക്ഷം തൊഴിലവസരങ്ങൾ ജനസംഖ്യാനുപാതികമായി രാജ്യത്ത് സൃഷ്ടിക്കേണ്ടിയിരിക്കുന്നു. ലോകം നിർമ്മിത ബുദ്ധിപോലുള്ള സാങ്കേതികത്വത്തിലേക്ക് വളർന്നിരിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടത്തിന് വലിയ പങ്കൊന്നും രാഷ്ട്രനിർമ്മാണത്തിൽ വഹിക്കാനില്ല. പകരം ബുദ്ധിയും യുക്തിചിന്തയുള്ളവരെയുമാണ് ആവശ്യം. അതു പണ്ടും അങ്ങനെ തന്നെയായിരുന്നുവെന്നതിന്റെ ചരിത്ര സാക്ഷ്യങ്ങളാണ് സൗരാഷ്ട്രീയൻസും ജൂതരും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം. ഉള്ള ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിത നിലവാരമൊരുക്കുക, പ്രാപ്തരാക്കുക എന്നതാണ് ഇന്ത്യ അനുവർത്തിക്കേണ്ട കർതൃത്വം. സന്താന നിയന്ത്രണം നിർബന്ധിത നിയമമാക്കിയില്ലെങ്കിൽ രാജ്യത്തിന്റെ ഭൂവിസ്തൃതിയും വിഭവങ്ങളും ഒന്നിനും പോരാതെ വരും. വിളർത്തുമെലിഞ്ഞ് ആരോഗ്യവും വിദ്യാഭ്യാസവുമില്ലാത്ത ആൾക്കൂട്ടത്തെകൊണ്ട് വരുംകാല ലോകക്രമത്തിൽ യാതൊരു കാര്യവുമില്ല. സൂകര പ്രസവത്തെക്കാൾ മാറ്റ് എന്നും ഗജപ്രസവത്തിനായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.