Web Desk

ന്യൂഡൽഹി

January 20, 2020, 12:40 pm

ഇന്ത്യയിൽ ഒരു ശതമാനത്തിന്റെ കയ്യിൽ 70 ശതമാനം പേരുടേതിന്റെ നാലിരട്ടി സമ്പത്ത്

Janayugom Online

ഇന്ത്യയിലെ അതിസമ്പന്നരായ ഒരു ശതമാനം പേർ കയ്യടക്കിയിരിക്കുന്നത് 70 ശതമാനത്തിന് ആകെയുള്ളതിന്റെ നാലിരട്ടി സമ്പത്തെന്ന് പുതിയ റിപ്പോർട്ട്. ലോക സാമ്പത്തിക ഫോറത്തിന്റെ 50ാം സമ്മേളനത്തിന് മുന്നോടിയായി ഓക്സ്ഫാം എന്ന സംഘടന പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ലോകത്താകെയുള്ള 2,153 ശതകോടീശ്വരന്മാർ 4.6 ദശലക്ഷം ജനങ്ങളുടേതിനെക്കാൾ സമ്പത്ത് കയ്യിലുണ്ട്. 63 ഇന്ത്യൻ ശതകോടീശ്വരന്മാർ 2018–19 സാമ്പത്തിക വർഷത്തെ രാജ്യത്തിന്റെ പൊതുൂ ബജറ്റ് തുകയായ 24,42,200 കോടിയെക്കാൾ ആസ്തിയുള്ളവരാണ്. നമ്മുടെ സമ്പദ്ഘടന തകർന്നുകിടക്കുമ്പോഴും സാധാരണക്കാരായ സ്ത്രീ — പുരുഷന്മാരുടെ ചെലവിൽ ശതകോടീശ്വരന്മാർ അവരുടെ പോക്കറ്റുകൾ നിറയ്ക്കുകയാണ്. ശതകോടീശ്വരന്മാർ നിലനില്ക്കുമ്പോൾ ജനങ്ങൾ പ്രതിഷേധിക്കുന്നതിൽ അൽഭുതപ്പെടാനില്ലെന്ന് ഓക്സ്ഫാം ഇന്ത്യ സിഇഒ അമിതാബ് ബെഹർ പറഞ്ഞു. ഒരു സാങ്കേതിക സ്ഥാപനത്തിന്റെ സിഇഒയ്ക്ക് ഒരു വർഷം ലഭിക്കുന്ന വരുമാനം ഒരു ഗാർഹിക തൊഴിലാളിക്ക് ലഭിക്കണമെങ്കിൽ 22,277 വർഷമെടുക്കുമെന്നും റിപ്പോർട്ടിലുണ്ട്. സെക്കന്റിൽ 106 രൂപ പ്രകാരം ലാഭമുണ്ടാക്കുന്ന സിഇഒ പത്തു മിനിട്ടുകൊണ്ട് ഉണ്ടാക്കുന്ന വരുമാനം ഒരു ഗാർഹികത്തൊഴിലാളിയുടെ ഒരു വരുമാനത്തെക്കാൾ കൂടുതലാണ്.

അതിസമ്പന്നരുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ 30.26 ലക്ഷം സ്ത്രീകളും പെൺകുട്ടികളും ഓരോ ദിവസവും കൂലിയില്ലാതെ ചെയ്യുന്ന സാമൂഹ്യ സുരക്ഷാ ജോലിയിൽ നിന്ന് സർക്കാരിനുണ്ടാകുന്ന നേട്ടം പ്രതിവർഷം 19 ലക്ഷം കോടിരൂപയാണ്. ഇത് നടപ്പുസാമ്പത്തികവർഷത്തെ ബജറ്റിൽ വിദ്യാഭ്യാസത്തിനുള്ള വിഹിതത്തിന്റെ 20 ഇരട്ടിയാണ്.

ലോകത്ത് അസമത്വം ഞെട്ടിക്കുന്ന വിധത്തിൽ വർധിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്. അസമത്വം ഇല്ലാതാക്കുന്നിനുള്ള ബോധപൂർവമായ നയങ്ങളില്ലാതെ പാവപ്പെട്ടവരും ധനികരും തമ്മിലുള്ള അന്തരം ഇല്ലാതാക്കാനാവില്ലെന്നും വളരെ കുറച്ച് സർക്കാരുകൾ മാത്രമേ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നുള്ളൂ എന്നും ഓക്സ്ഫാം റിപ്പോർട്ടിലുണ്ട്. അസമത്വം സബന്ധിച്ച് ഓക്സ്ഫാം പ്രതിവർഷ റിപ്പോർട്ട് പുറത്തിറക്കാറുണ്ട്.

Eng­lish sum­ma­ry: Indi­a’s rich­est one per­cent­age hold 4 times more wealth than 70 per­cent­age poorest

YOU MAY ALSO LIKE THIS VIDEO