രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു.രോഗബാധിതര്‍ 20,27,075 ആയി. 6,07,384 പേരാണ് നിലവിൽ ചികിത്സയിലുളളത്. 13,78,106 രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 62,538 പേര്‍ക്കാണ് രോഗബാധയുണ്ടായതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കുകളനുസരിച്ച് 41,585 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷത്തിലേക്കെത്തിയത് വെറും ഇരുപത്തി രണ്ട് ദിവസം കൊണ്ട്. കഴിഞ്ഞ ഒൻപത് ദിവസത്തിനുളളിലാണ് പുതിയ അഞ്ച് ലക്ഷം രോഗികള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട്,പശ്ചിമബംഗാള്‍,തെലങ്കാന സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്.
രാജ്യത്തെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് ജനുവരി 30 നാണ്. ആറുമാസത്തിനിപ്പുറം രാജ്യത്ത് കോവിഡ് കേസുകളില്‍ വൻ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞുളള ആദ്യത്തെ രണ്ടു മാസം രോഗികളുടെ എണ്ണം 2000 ത്തില്‍ താഴെയായിരുന്നു. ഏപ്രില്‍ അവസാനത്തോടെ കേസുകളുടെ എണ്ണം 35000 കടന്നു.
രാജ്യത്ത് ജൂണില്‍ ലോക്ഡൗണ്‍ ഇളവുകള്‍ കൂടി വന്നതോടെ രോഗ വ്യാപനം പിന്നെയും വര്‍ധിച്ചു. കോവിഡ് രോഗികളുടെ എണ്ണം ജൂണ്‍ ആദ്യവാരത്തോടെ രണ്ടു ലക്ഷം കടന്നു. ജൂലൈ മാസത്തില്‍ എണ്ണം ആറു ലക്ഷം പിന്നിട്ടു. കഴിഞ്ഞ മാസം മുപ്പതോടെ പ്രതിദിന വര്‍ധന അരലക്ഷത്തിന് മുകളിലായി.
പിന്നീട് വന്ന ദിനങ്ങളിലും ഈ നില തുടര്‍ന്നു. രാജ്യത്ത് രോഗികളുടെ എണ്ണം വരും ദിവസങ്ങളില്‍ ഇനിയും വര്‍ധിക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുമ്പോഴും 68 ശതമാനം പേര് രോഗം ഭേദമാകുന്ന നിലയിലേക്കെത്താൻ സാധിച്ചു. രാജ്യത്തെ പ്രതിദിന സാംപിള്‍ പരിശോധന ആറുലക്ഷം കടന്നു.
ENGLISH SUMMARY: India’s tally breaches 20-lakh mark
YOU MAY ALSO LIKE THIS VIDEO