കെ രംഗനാഥ്

തിരുവനന്തപുരം

April 10, 2021, 9:35 pm

ആകാശക്കൊള്ളയ്ക്കെതിരെ ഇന്ത്യക്ക് അന്ത്യശാസനം

Janayugom Online

കെ രംഗനാഥ്

വിദേശത്തേക്കുള്ള വിമാനയാത്രക്കൂലി കുത്തനെ വര്‍ധിപ്പിച്ച നടപടിക്കെതിരെ ഇന്റര്‍നാഷണല്‍ എയര്‍ ട്രാവല്‍ അസോസിയേഷന്‍ (അയാട്ട) ഇന്നലെ ഇന്ത്യക്ക് അന്ത്യശാസനം നല്കി. വ്യോമ ഗതാഗതരംഗത്തെ നടപടികള്‍ നിയന്ത്രിക്കുന്ന ആഗോള ഏജന്‍സിയാണ് അയാട്ട. ഈ ഏജന്‍സിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും നിയമപരമായ ബാധ്യതയുണ്ട്. കോവിഡ് വ്യാപനം അതി തീവ്രമായിക്കൊണ്ടിരിക്കുന്നതിനിടെ വിമാനക്കൂലിയ്ക്കൊപ്പം ഏവിയേഷന്‍ സെക്യൂരിറ്റി ഫീസായി 975 രൂപ ഓരോ ടിക്കറ്റിനൊപ്പം ചുമത്തി ഇന്ത്യ നടത്തുന്ന ആകാശക്കൊള്ളയെക്കുറിച്ച് ‘ജനയുഗം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഇതുവരെ മൂന്നു തവണയാണ് ഇപ്രകാരം വിമാനക്കൂലി മാനത്തോളം ഉയര്‍ത്തിയത്.

വര്‍ധിപ്പിച്ച ഏവിയേഷന്‍ സെക്യൂരിറ്റി ഫീസ് പൂര്‍ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാനമന്ത്രി, സിവില്‍ ഏവിയേഷന്‍ സെക്രട്ടറി എന്നിവര്‍ക്ക് ഒരാഴ്ച മുമ്പ് അയാട്ട കത്തയച്ചിരുന്നു. എന്നാല്‍ നിയമപരമായ ഈ നിര്‍ദ്ദേശം അംഗീകരിച്ചില്ലെന്നു മാത്രമല്ല, 975 രൂപയുടെ ഏവിയേഷന്‍ ഫീസിനു പുറമെ ജിഎസ്‌ടിയായി 250 രൂപയോളം വര്‍ധിപ്പിച്ച ഇന്ത്യ അന്താരാഷ്ട്ര മര്യാദകളാണ് ലംഘിച്ചതെന്നു കാട്ടി ഗള്‍ഫിലെ പ്രവാസി കൂട്ടായ്മകള്‍ വീണ്ടും അയാട്ടയോടു പരാതിപ്പെടുകയായിരുന്നു. ആഭ്യന്തര സര്‍വീസുകള്‍ക്കും ഏവിയേഷന്‍ സെക്യൂരിറ്റി ഫീസ് 200 രൂപയും ജിഎസ്‌ടി 36 രൂപയുമടക്കം 236 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. നാമമാത്രമായി മാത്രം ഈടാക്കിയിരുന്ന ഏവിയേഷന്‍ സെക്യൂരിറ്റി ഫീസ് ഒരു വര്‍ഷത്തിനകം 370 ശതമാനമാണ് ഉയര്‍ത്തിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജിഎസ്‌ടിയില്‍ മാത്രം അന്താരാഷ്ട്ര സര്‍വീസുകളില്‍ 54 ശതമാനം വര്‍ധനവാണ് വരുത്തിയത്.

കോവിഡ് സാഹചര്യത്തില്‍ ലോകരാജ്യങ്ങളാകെ വിമാനയാത്രക്കൂലി ഗണ്യമായി വെട്ടിച്ചുരുക്കുകയും ഇത്തരം ഫീസുകള്‍ പിന്‍വലിക്കുകയോ മരവിപ്പിക്കുകയോ ചെയ്തതിനിടെയാണ് ഫീസുകളും നികുതിയും യഥേഷ്ടം കൂട്ടി കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ ദ്രോഹിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വര്‍ധിപ്പിച്ച ഫീസുകളും വിമാനക്കൂലിയും അടിയന്തരമായി പിന്‍വലിക്കണമെന്നു കാണിച്ച് അയാട്ട ഇന്ത്യക്ക് അന്ത്യശാസനം നല്കിയിരിക്കുന്നത്. അയാട്ടയുടെ അന്ത്യശാസനത്തിന്റെ പകര്‍പ്പുകള്‍ ഇന്നലെ തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂര്‍, കണ്ണൂര്‍ തുടങ്ങി ഇന്ത്യയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും അയച്ചിട്ടുണ്ടെങ്കിലും അയാട്ടയുടെ അന്ത്യശാസനം തള്ളുന്ന രീതിയില്‍ വര്‍ധിപ്പിച്ച ഫീസുകള്‍ പിന്‍വലിക്കണമെന്ന ഒരു നിര്‍ദ്ദേശവും നല്കിയിട്ടില്ല. അന്താരാഷ്ട്ര വ്യോമയാനരംഗത്തെ ചട്ടമ്പിയായിത്തന്നെ ഇന്ത്യ നിലകൊള്ളും എന്ന സൂചന നല്കുന്ന ഹീനമായ നിലപാടാണിതെന്ന ആരോപണവും കടുക്കുന്നു.

Eng­lish summary;India’s ulti­ma­tum against air piracy

You may also like this video;