Web Desk

December 28, 2019, 9:28 pm

ആവലാതിയിൽ ബിജെപി ഝാർഖണ്ഡ് മാറ്റത്തിന്റെ സൂചകം

Janayugom Online

ബിജെപിയെ പോലുള്ള ഒരു പാർട്ടിക്ക് ആകുലപ്പെടാൻ നിരവധി കാരണങ്ങളുണ്ട്. ഇക്കൂട്ടർ കാണിക്കുന്ന ധീരതയുടെ മുഖഭാവം അവരുടെ ആന്തരികമായ തോൽവികളും ആവലാതികളും മറച്ചുവയ്ക്കാനുള്ള തന്ത്രം മാത്രമാണ്. ഝാർഖണ്ഡിൽ ഇപ്പോഴുണ്ടായ ജനവധി സംഘപരിവാറിൽ ആരും പ്രതീക്ഷിച്ചതല്ല. 81 സീറ്റുകളുള്ള ഝാർഖണ്ഡ് നിയമസഭയിൽ 65 സീറ്റുകളാണ് ബിജെപി ലക്ഷ്യമിട്ടത്. എന്നാൽ ജനങ്ങൾ നൽകിയത് കേവലം 25 സീറ്റുകളും. ഇതിന് ആഴ്ചകൾക്ക് മുമ്പാണ് പാതിരാ നാടകത്തിലൂടെ ബിജെപി മഹാരാഷ്ട്രയിൽ അധികാരത്തിൽ എത്തിയത്. ഇതിനായി ഭരണഘടനാ സ്ഥാപനമായ ഗവർണറുടെ ഓഫീസിനെ ബിജെപി കാര്യാലയമാക്കി മാറ്റി. ഇതൊക്കെതന്നെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവും പശ്ചാത്തലവുമാണ് സൂചിപ്പിക്കുന്നത്. രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. 2019 മെയ് മാസത്തിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ബിജെപി വിജയത്തിന്റെ നെറുകയിലായിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം ഒരു സംസ്ഥാനത്തിന് പിന്നാലെ മറ്റൊരു സംസ്ഥാനത്ത് അവരുടെ ദയനീയമായ പരാജയമാണ് കാണുന്നത്. ബിജെപി പിന്തുടരുന്ന തീവ്രമായ വലതുപക്ഷ വ്യതിയാനം വെല്ലുവിളികൾ നേരിടുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇവരുടെ കോട്ട ദുർബലമാകുന്നുവെന്ന് ബിജെപിയും സംഘപരിവാറും ബോധ്യപ്പെടുന്ന അവസ്ഥയാ ഇപ്പോഴുള്ളത്.

ഈ നൈരാശ്യത്തിൽ ഫാസിസ്റ്റ് മാതൃകയിൽ പൊലീസിനെ കയറൂരിവിടുന്നു. ബിജെപി- സംഘപരിവാർ സർക്കാരിന്റെ വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നു. എന്നാൽ പ്രതിഷേധം ശക്തമായി തന്നെ തുടരുന്നു. ഡൽഹി, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ പ്രതിഷേധമാണ് തുടരുന്നത്. പൗരത്വ ബില്ലിനെതിരെ പ്രതികരിച്ച രണ്ട് പേരെ മംഗളൂരിൽ പൊലീസ് വെടിവച്ചുകൊന്നു. ഇപ്പോൾ ലക്ഷ്യം ബംഗളൂരുവും. ബംഗളൂരുവിൽ സിപിഐ സംസ്ഥാന ആസ്ഥാനമായ ഗാട്ടെ ഭവൻ തീയിട്ടു. ഡിസംബർ 24 അർധരാത്രിയിൽ ബിജെപി-സംഘപരിവാർ ഗുണ്ടകൾ ഗാട്ടെഭവനിൽ അതിക്രമിച്ച് കയറി കെട്ടിടത്തിന് തീയിട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായ എം എസ് കൃഷ്ണന്റെ പേരിലുള്ള സ്മാരക മന്ദിരം തകർത്തു. ഇവിടെ പാർക്ക് ചെയ്തിരുന്ന ആറ് ഇരുചക്രവാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. ഈ പ്രവണതകൾ ബിജെപിയുടെ ഫാസിസ്റ്റ് വൈകൃതമാണ് ദൃശ്യമാക്കുന്നത്. ജർമ്മനിയിൽ ഹിറ്റ്ലർ സ്വീകരിച്ച അതേ നിലപാടുകളാണ് മോഡി സർക്കാർ ഇന്ത്യയിൽ സ്വീകരിക്കുന്നത്. ഡിസംബർ 21ന് സിപിഐയുടെ നേതൃത്വത്തിൽ നടന്ന സമാധാനപരമായ ശക്തമായ പ്രതിഷേധത്തിന്റെ പ്രതികരണമായാണ് ബിജെപി സംഘപരിവാർ ഗുണ്ടകൾ പാർട്ടിയുടെ സംസ്ഥാന ആസ്ഥാനത്തിന് തീയിട്ടത്. നഗരത്തിൽ കർഫ്യൂ എർപ്പെടുത്തിയിരുന്നപ്പോൾ ജനങ്ങളിൽ ആത്മവിശ്വാസം പകരുന്നതിന് പ്രതിഷേധ പ്രകടനം നടത്തിയത് സിപിഐ മാത്രമാണ്. പ്രകടത്തിൽ പങ്കെടുത്തവരുടെ എണ്ണം കുറവായിരുന്നെങ്കിലും അതിന്റെ സ്വാധീനം വളരെ വലുതായിരുന്നു. ഇതിലുള്ള നൈരാശ്യമാണ് സിപിഐ ഓഫീസ് കത്തിച്ച ഭീരുത്വ പ്രവർത്തനം നടത്താനുള്ള കാരണം. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് കമ്മ്യൂണിസ്റ്റുകളുടെ ദിശാബോധത്തെ തകർക്കാൻ കഴിയില്ല. അടിച്ചമർത്തപ്പെട്ടവന്റെ അവകാശങ്ങൾ, മതേതരത്വം, വൈവിധ്യങ്ങളായ സംസ്കാരങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായി നിരവധി ജനകീയ പോരാട്ടങ്ങൾ നടത്തിയവരാണ് കമ്മ്യൂണിസ്റ്റുകൾ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടങ്ങളിൽ യുവാക്കളുടെ പ്രത്യേകിച്ചും വിദ്യാർഥികളുടെ പങ്കാളിത്തം തികച്ചും സ്വാഗതാർഹമാണ്. പ്രതിഷേധത്തിന്റെ കോട്ടകളായി സർവകലാശാലകൾ മാറി. എല്ലാ അടിച്ചമർത്തൽ നടപടികളേയും മറികടന്ന് വിദ്യാർഥികൾ തെരുവിലറങ്ങി. സമകാലീന രാഷ്ട്രിയ ആശയങ്ങൾ ഉൾക്കൊണ്ട് ജനാധിപത്യം, മതേതരത്വം എന്നിവയുടെ സംരക്ഷണത്തിനായാണ് വിദ്യാർഥികളും യുവാക്കളും തെരുവിലിറങ്ങിയത്. പുതിയ നിയമത്തിന്റെ ചതിക്കുഴികൾ അവർ തിരിച്ചറിഞ്ഞു. പുതിയ നിയമത്തിന്റെ അപകടങ്ങൾ അവർ രാജ്യത്തോട് വിളിച്ചുപറഞ്ഞു.

മതമാണോ പൗരത്വത്തിന്റെ അടിസ്ഥാനം എന്ന ചോദ്യമാണ് ഇപ്പോൾ പ്രതിധ്വനിക്കുന്നത്. ഇപ്പോഴത്തെ ഭേദഗതി നിയമം ദേശീയ പൗരത്വ പട്ടികയുടെ മുന്നോടിയാണെന്ന കാര്യം സംഘപരിവാറും ബിജെപിയും മറച്ചുവയ്ക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരൻമാരെ വിഭജിക്കുകയാണ് ലക്ഷ്യം. ഇത് രാജ്യത്തിന്റെ മതേതര സാമൂഹ്യ സംവിധാനം തകർക്കും. മതേതരത്വമില്ലാതെ ഈ രാജ്യത്തിന് ഐക്യത്തോടെ മുന്നോട്ടുപോകാൻ കഴിയില്ല. അതുകൊണ്ടാണ് പുതിയ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നത്. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭേദഗതി ബിൽ പാസാക്കിയത്. ഇത് ഇന്ത്യ കാലങ്ങളായി പിന്തുടരുന്ന നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിന് വിരുദ്ധമാണിത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധങ്ങൾ ഉയരുന്നത്, അല്ലാതെ പ്രധാനമന്ത്രി പറഞ്ഞതുപോലെ വസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല. ജനകീയ പ്രതിഷേധം ശക്തമായതോടെ അഭ്യന്തര മന്ത്രിയുടെ നിലപാടിനെ പ്രധാനമന്ത്രിക്ക് തിരുത്തേണ്ടി വന്നു. ഇത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പ്രതിഫലിക്കും. ഈ പ്രതിഷേധം കൂടുതൽ ശക്തമാകും. രാജ്യത്തേയും അതിന്റെ സുവർണമായ ഭാവിയേയും സ്നേഹിക്കുന്ന ഒരു ജനതയുടെ ഈ ആർജ്ജവത്തെ തോൽപ്പിക്കാൻ കൊടിയ പീഡനങ്ങൾക്കും കൊള്ളിവയ്പ്പ് ഉൾപ്പടെയുള്ള ആക്രമണങ്ങൾക്കും കഴിയില്ല.