Web Desk

ന്യൂഡൽഹി

January 29, 2020, 10:40 am

ഹാസ്യനടൻ കുനാൽ കംറയ്ക്ക് യാത്രാവിലക്ക്: വിൽക്കാൻ വച്ചിരിക്കുന്ന എയർ ഇന്ത്യയുടെ വിലക്കിനെ ഓർത്ത് ചിരി വരുന്നുവെന്ന് കുനാൽ

Janayugom Online

മുംബൈയിൽ നിന്നും ലക്നൗവിലേക്കുള്ള യാത്രക്കിടെ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തില്‍വെച്ച് ചോദ്യംചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതിന് ഹാസ്യകലാകാരന്‍ കുനൽ കംറയ്ക്ക് വിമാനകമ്പനികളായ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും വിലക്കേര്‍പ്പെടുത്തി.

യാത്രക്കാരുടെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് നടപടിയെന്നാണ് വിമാനകമ്പനികളുടെ വിശദീകരണം. ഇന്‍ഡിഗോ എയര്‍ലൈന്‍സും ആറുമാസത്തേക്കാണ് കംറയെ വിലക്കിയത്. ആദ്യം ഇന്‍ഡിഗോയാണ് കംറയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. തൊട്ടുപിന്നാലെ എയര്‍ ഇന്ത്യയും കംറയ്ക്ക് വിലക്കേർപ്പെടുത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ യാത്രാവിലക്കുണ്ടാവുമെന്നാണ് എയര്‍ ഇന്ത്യ ട്വിറ്ററില്‍ വിശദമാക്കിയത്.

നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമ പ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു അര്‍ണബിനോടുള്ള കുനാൽ കംറയുടെ ചോദ്യം. എന്നാൽ കംറ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഇത് ഗൗനിക്കാതെ ഇയര്‍ഫോണ്‍ ചെവിയില്‍ വെച്ചിരിക്കുകയായിരുന്നു അര്‍ണബ്.

അതേസമയം വിമാനകമ്പനികള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കംറ രംഗത്തെത്തി. വിലക്ക് കാര്യമാക്കുന്നില്ലെന്നും വിൽക്കാൻ വച്ചിരിക്കുന്ന എയർ ഇന്ത്യയുടെ വിലക്കിനെ ഓർത്ത് ചിരിയാണ് വരുന്നതെന്നും കുനാൽ പ്രതികരിച്ചു. താന്‍ തെറ്റൊന്നും ചെയ്തില്ലെന്നും ചെയ്തതില്‍ കുറ്റബോധമില്ലെന്നും വ്യക്തമാക്കിയ കംറ, തന്റെ പ്രവൃത്തിയെ ധീരതയായി കാണേണ്ടതില്ലെന്നും സ്വഭാവിക പ്രതികരണമാണെന്നും വിമാനത്തിലെ ഒരു യാത്രക്കാരനോടൊഴികെ മറ്റു സഹയാത്രികരോടെല്ലാം അസൗകര്യം നേരിട്ടിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും വ്യക്തമാക്കി. അതേസമയം ഇൻഡിഗോയുടെ നടപടിയെ പിന്തുണച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്‌ സിംഗ് പുരി രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള യാത്രക്കാർക്ക് എതിരെ സമാനമായ നടപടി എടുക്കണമെന്ന് മറ്റ് എയർലൈൻസുകളോട് ആവശ്യപ്പെടുന്നതായി മന്ത്രി ട്വീറ്റ് ചെയ്തു.