Web Desk

ഡൽഹി

January 30, 2020, 5:23 pm

കൊറോണ: ചൈനയിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും താല്ക്കാലികമായി നിർത്തുന്നു

Janayugom Online

കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ചൈനയിലേക്കുള്ള ചില വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും താല്ക്കാലികമായി നിർത്തുന്നു. ഇന്ത്യക്ക് പുറമേ പല വിദേശ രാജ്യങ്ങളും ചൈനയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചിട്ടുണ്ട്.

ബ്രിട്ടീഷ് എയർലൈൻസ് ചൈനയിലേക്കുള്ള സർവീസ് പൂർണമായും നിർത്തിയിട്ടുണ്ട്. ലയൺ എയർ, ലുഫ്താൻസ എയർ എന്നിവയും ചൈനയിലേക്കുള്ള സർവീസുകൾ ഒഴിവാക്കിയിരിക്കുകയാണ്. മുംബൈയിൽ നിന്ന് ഡൽഹി വഴി ഷാങ്ഹായിലേയ്ക്ക് പോകുന്ന എയർ ഇന്ത്യ വിമാനം ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെ സർവീസ് നിർത്തിവച്ചു. ബംഗളുരു-ഹോങ്കോങ് സർവീസും താല്ക്കാലികമായി സർവീസ് നിർത്തും.

ചൈനയിലെ കൊറോണ വൈറസ് ബാധ സൃഷ്ടിച്ചിരിക്കുന്ന സാഹചര്യം ശ്രദ്ധാപൂർവ്വം വിലയിരുത്തി വരികയാണെന്നും നിലവിൽ യാത്രക്കാർക്കും വിമാന ജീവനക്കാർക്കുമായി സുരക്ഷാ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇൻഡിഗോ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

കൊറോണ വൈറസ് ഭീതിയെ തുടർന്ന് സഞ്ചാരികള്‍ ചൈനയിലേക്കുള്ള യാത്രകൾ ഒഴിവാക്കുന്നതുമൂലം വിമാന കമ്പനികൾ നഷ്ടത്തിലാണ് സർവീസ് നടത്തിവന്നത്. ഇതും സർവീസുകൾ നിർത്തിവയ്ക്കാൻ കാരണമായി. ചൈനയിലേക്ക് സ്ഥിരം ബിസിനസ് യാത്രകൾ ചെയ്തിരുന്നവർ കൂട്ടത്തോടെ ടിക്കറ്റുകൾ റദ്ദ് ചെയ്യുന്നതും വിമാനക്കമ്പനികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായി ട്രാവൽ ഏജൻസികളും പറയുന്നു.

Eng­lish Sum­ma­ry: Indi­Go and Air India can­cel some flights to Chi­na as Coronavirus

YOU MAY ALSO LIKE THIS VIDEO