നിർഭയ കേസ്: പ്രതികൾക്ക് നിർഭയയുടെ അമ്മ മാപ്പ് നൽകണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ്

Web Desk
Posted on January 18, 2020, 11:18 am

നിർഭയ കേസിൽ ഫെബ്രുവരി ഒന്നിന് വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് നിർഭയയുടെ അമ്മ മാപ്പ് നൽകണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ്. ട്വിറ്ററിലൂടെയണ് അവർ ആവശ്യമുന്നയിച്ചത്. ‘നിർഭയയുടെ അമ്മ ആശാ ദേവിയുടെ വേദന ഞാൻ പൂർണ്ണമായി മനസ്സിലാക്കുന്നു. അങ്ങനെയിരിക്കുമ്ബോൾ തന്നെ നളിനിക്ക് മാപ്പ് കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണണെന്ന് ഞാൻ ആശാദേവിയോട് അഭ്യർത്ഥിക്കുന്നു. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. എന്നാൽ വധശിക്ഷക്ക് എതിരാണ്’ ഇന്ദിരാ ജെയ്സിങ് ട്വിറ്ററിൽ കുറിച്ചു.

പ്രതികളുടെ വധശിക്ഷ നീട്ടിവെച്ച കോടതി ഉത്തരവിൽ ആശാദേവി നിരാശ പ്രകടിപ്പിച്ച വാർത്ത റീ ട്വീറ്റ് ചെയ്ത്ക്കൊണ്ടായിരുന്നു ഇന്ദിരാ ജെയ്സിങിന്റെ പോസ്റ്റ്.

ഇതിന് മറുപടിയുമായി നിർഭയയുടെ അമ്മ ആശാ ദേവിയും രംഗത്തെത്തി. അത്തരമൊരു നിർദേശം എന്റെ മുന്നിൽ വെക്കാൻ ഇന്ദിരാ ജെയ്സിങ് ആരാണെന്ന് ആശാ ദേവി ചോദിച്ചു. പ്രതികളെ തൂക്കിലേറ്റണമെന്ന് രാജ്യം മുഴുവൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ഇന്ദിരാ ജെയ്സിങിനെ പോലുള്ള ആളുകൾ കാരണം ബലാത്സംഗത്തിന് ഇരയായവർക്ക് നീതി ലഭ്യമാകുന്നില്ലെന്നും ആശാ ദേവി പറഞ്ഞു.

‘ഇന്ദിരാ ജെയ്സിങിനെ പോലുള്ള ആളുകൾക്ക് എങ്ങനെയാണ് കുറ്റവാളികൾക്ക് മാപ്പ് നൽകണമെന്ന് നിർദേശിക്കാൻ സാധിക്കുന്നത്. ഇന്ന് അവർ കുറ്റവാളികൾക്ക് വേണ്ടി സംസാരിക്കുന്നു. ബലാത്സംഗികളെ പിന്തുണച്ച് ഇത്തരം ആളുകൾ ഉപജീവനം നടത്തുന്നതുകൊണ്ട് തന്നെ ഇവിടെ ബലാത്സംഗങ്ങൾ അവസാനിക്കുന്നില്ല- ആശാ ദേവി പറഞ്ഞു.