Web Desk

തിരുവനന്തപുരം

February 10, 2020, 11:02 pm

ഇൻഡോ-അമേരിക്കൻ കരാർ; ക്ഷീര‑കാർഷിക മേഖലയെ തകർക്കും

Janayugom Online

ലക്ഷക്കണക്കിന് വരുന്ന ക്ഷീര കർഷികരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതും, ക്ഷീര — കാർഷിക മേഖലയെ തകർക്കുന്നതുമാണ് നിർദ്ദിഷ്ഠ ഇൻഡോ-അമേരിക്കൻ കരാറെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ നിയമസഭയിൽ. ഇതിനെതിരെ കേരള നിയമസഭ ഭരണ‑പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രമേയം പാസാക്കണം. കാർഷിക മേഖലയിലെ പ്രതിസന്ധി ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയ്ക്ക് നിയമസഭയിൽ പ്രതികരിക്കുകയായിരുന്നു കൃഷിമന്ത്രി. അമേരിക്കയിൽ നിന്നും കാർഷിക ഉൽപ്പന്നങ്ങളും പാൽ ഉൽപന്നങ്ങളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാർ അമേരിക്കയുമായി ചർച്ചനടത്തി, ഒപ്പിടാനിരിക്കുന്ന ഇൻഡോ-അമേരിക്കൻ കരാറിൽ നിന്നും പാൽ ഉൽപന്നങ്ങളെയും കാർഷികോൽപന്നങ്ങളെയും ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കർഷകദ്രോഹ കരാറായ ആർസിഇപി കരാറിനെതിരെ പ്രതികരിച്ചപോലെ ശക്തമായ ഒറ്റക്കെട്ടായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്.

അതിന് കേരള നിയമസഭ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഐകകണ്ഠ്യേന പ്രമേയം പാസാക്കണമെന്നും മന്ത്രി സുനിൽകുമാർ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാർ ഭരിക്കുമ്പോൾ ആസിയാൻ കരാർ ഒപ്പിട്ടതിന്റെ പരിണത ഫലമാണ് റബറിന്റെയും നാണ്യവിളകളുടെയും വിലത്തകർച്ചയിലൂടെ കർഷകർ ഇന്ന് അനുഭവിക്കുന്നത്. ഇതിനെതിരെ അന്ന് ശക്തമായ പ്രതിഷേധം ഇടതുപക്ഷ പാർട്ടികൾ ഉയർത്തിയെങ്കിലും കോൺഗ്രസ് ആസിയാൻ കരാർ ഒപ്പിടുകയായിരുന്നു. ഇതിന്റെ ഫലമായാണ് വിദേശത്തുനിന്നും റബറും കാർഷിക വിളകളും അനിയന്ത്രിതമായി ഇന്ത്യയിലേക്ക് വരാൻ ഇടയായത്.

ബിജെപി സർക്കാർ ഇപ്പോൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഇൻഡോ-അമേരിക്കൻ കരാർ നടപ്പിലായാൽ കേരളത്തിലെ ക്ഷീരമേഖലയും കാർഷിക മേഖലയും പൂർണ്ണമായും തകർന്നടിയുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ പാൽ ക്ഷാമം ഉണ്ടെന്നുള്ള വാദങ്ങൾ നിരത്തിയാണ് വിദേശ നിക്ഷേപവും പാൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയും നടത്താൻ കേന്ദ്രം ആലോചിക്കുന്നത്. പാൽപ്പൊടിയുടെയും മറ്റ് പാൽ ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ പൂർണ്ണമായും എടുത്തുകളയും. കരാർ നടപ്പാക്കുന്നതോടെ രാജ്യത്തെ കാർഷിക — ക്ഷീര മേഖലയിലെ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ യഥേഷ്ടം വിറ്റഴിക്കാനാകും. ഇത് ഏറ്റവും കൂടുതൽ ബാധിക്കുക കേരളത്തെയാകും. കേരളത്തിന്റെ സുഗന്ധ വ്യജ്ഞനങ്ങളുടെയും മറ്റ് കാർഷികോൽപന്നങ്ങളുടെയും പാൽ ഉൽപ്പന്നങ്ങളുടെയും വില കൂപ്പുകുത്തും. രാജ്യത്തെ കാർഷിക — ക്ഷീര മേഖല അപ്പാടെ തുടച്ചു നീക്കപ്പെടും. ഒരുവശത്ത് പശു സംരക്ഷണവും, പാൽ ഉൽപാദനവും വർദ്ധിപ്പിച്ച് ക്ഷീരകർഷകരെ സഹായിക്കണമെന്ന് വാദിക്കുന്ന ബിജെപിയുടെ കപടമുഖമാണ് ഈ കരാറിലൂടെയും പുറത്താകുന്നത്.

you may also like this video;