Web Desk

June 06, 2020, 6:36 pm

ഇന്ത്യ‑ചൈന ചര്‍ച്ച : അതിര്‍ത്തിയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ പാടില്ലെന്ന് നിബന്ധന

Janayugom Online

ന്യൂഡല്‍ഹി: ഇന്ത്യയിലെയും ചൈനയിലെയും സൈനിക മേധാവികള്‍ തമ്മില്‍ നടത്തിയ നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സേനകള്‍ തമ്മില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ പാടില്ലെന്ന് ധാരണയായി. തത്ക്കാലം നിലവിലെ സ്ഥിതി തുടരും.

കിഴക്കന്‍ ലഡാക്കിലെ ചുഷൂല്‍ സെക്ടറിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയത്. അതിര്‍ത്തി മേഖലകളില്‍ നിന്ന ചൈനീസ് സേന പിന്‍മാറണമെന്ന ആവശ്യത്തില്‍ ഇന്ത്യ ഉറച്ച് നില്‍ക്കുകയാണ്. അതിര്‍ത്തിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നിര്‍ത്തി വയ്ക്കണമെന്ന ആവശ്യം ചൈനയും അറിയിച്ചു. എന്നാല്‍ ഇതിന് ഇന്ത്യ തയാറായിട്ടില്ല. സേന, നയതന്ത്ര തലങ്ങളില്‍ വരും ദിവസങ്ങളില്‍ നടത്തുന്ന ചര്‍ച്ചകളിലൂടെ പ്രശ്ന പരിഹാര ശ്രമം തുടരും.

സൈന്യങ്ങളുടെ പ്രാദേശിക കമാന്‍ഡര്‍മാരുമായി പന്ത്രണ്ട് വട്ടവും മേജര്‍, ജനറല്‍ തലത്തില്‍ മൂന്ന് വട്ടവും ചര്‍ച്ചകള്‍ കഴിഞ്ഞ ശേഷമാണ് ഇന്ന് ഉന്നതതല ചര്‍ച്ച നടന്നത്.

ലഫ്.ജനറല്‍ ഹരീന്ദര്‍ സിങാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. കശ്മീരിലെ ലേ ആസ്ഥാനമായ 14 കോര്‍ (ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍) മേധാവിയാണ് ഹരീന്ദര്‍. കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ സേനയെ നയിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ ഒക്ടോബറിലാണ് 14 കോറിന്റെ നേതൃത്വം േ്ഏറ്റെടുത്തത്. മിലിട്ടറി ഇന്റലിജന്‍സ്, മിലിട്ടറി ഓപ്പറേഷന്‍സ് എന്നിവയുടെ ഡയറക്ടര്‍ ജനറല്‍ ആയിരുന്നു.

ചൈനയുടെ ദക്ഷിണ ഷിന്‍ ജിയാങ് മേഖലയിലെ മേജര്‍ ജനറല്‍ ലിയു ലിന്‍ ആണ് ചര്‍ച്ചയ്ക്കെത്തിയത്.

യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കും സിക്കിമിലും ഇന്ത്യ നടത്തുന്ന പട്രോളിംഗ് തടയരുതെന്ന നിര്‍ദേശവും ഇന്ത്യ മുന്നോട്ട് വച്ചിട്ടുണ്ട്. മേയ് ആദ്യആഴ്ചയില്‍ ഇന്തോ-ചൈന സംഘര്‍ഷം ആരംഭിച്ച ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും സേനയുടെ ഉന്നത കമാന്‍ഡര്‍മാര്‍ കൂടിക്കാഴ്ച നടത്തിയത്.

eng­lish sum­ma­ry: Indo-chi­na mil­i­tary top mil­i­tary com­mand talk

you may also like this video