Monday
18 Feb 2019

ഇന്ത്യന്‍ വിദേശ നയത്തിന്‍റെ പൊരുളും ഇന്ത്യാ-റഷ്യന്‍ കരാറും

By: Web Desk | Friday 12 October 2018 10:19 PM IST

ലോകജനസംഖ്യയില്‍ രണ്ടാമതും കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ഇതര രാജ്യങ്ങള്‍ക്കിടയില്‍ ഒന്നാം സ്ഥാനവുമുള്ള ഇന്ത്യ മഹത്തായ പല സവിശേഷതകളുള്ള ഒരു രാഷ്ട്രമാണ്. പ്രകൃതി വിഭവങ്ങളുടെ കാര്യത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതും, വ്യാവസായിക രംഗത്ത് ഏഷ്യയില്‍ മൂന്നാം സ്ഥാനത്തും നിലയുറപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ള ഈ രാജ്യം ലോക ഭൂപടത്തില്‍ സുപ്രധാനമായ സ്ഥാനം നേടിയിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും ഇന്ത്യന്‍ ജനതയില്‍ ഏതാണ്ട് 80 ശതമാനത്തോളവും ഗ്രാമങ്ങളിലെ കര്‍ഷക ജനസാമാന്യമാണ്. സാമ്പത്തിക വളര്‍ച്ച മഹാഭൂരിപക്ഷം വരുന്ന രാജ്യത്തെ സാധാരണക്കാര്‍ക്ക് ഇനിയും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ലോകത്ത് ഒരു രാജ്യത്തിനും ഒറ്റപ്പെട്ട് മുന്നോട്ട് പോകാന്‍ സാധ്യമല്ല. രാഷ്ട്രങ്ങള്‍ക്ക് അവയുടെ നാനാമുഖമായ വികസനത്തിനായി പരസ്പരം കൈകോര്‍ത്ത് മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. അത്തരത്തില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയും വിവിധ രാജ്യങ്ങളുമായി പരസ്പര സഹകരണത്തിനും ധാരണകളിലും ഏര്‍പ്പെട്ടിട്ടുമുണ്ട്. എന്നാല്‍ മറ്റ് പല രാഷ്ട്രങ്ങളേയും അപേക്ഷിച്ച് ഇന്ത്യയുടെ വിദേശ നയം എന്നും ചേരിചേരാ നയത്തില്‍ അധിഷ്ഠിതമായിരുന്നു. പാരമ്പര്യമായ ഒന്നായിരുന്നു അത്.

ഇന്ത്യന്‍ വിദേശ നയത്തിന്റെ അടിസ്ഥാനം നൂറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെയുള്ള ഭാരതീയ സംസ്‌കാരത്തിന്റേയും, പ്രത്യേകിച്ച് ഹിന്ദു-മുസ്‌ലിം-ബുദ്ധമത കാഴ്ചപ്പാടും ചിന്താ സരണികളുമാണ്. ബ്രിട്ടീഷ് നയങ്ങളുടെ ചില പാരമ്പര്യവും, ദേശീയ- സ്വാതന്ത്ര്യ സമരകാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൈക്കൊണ്ട അതിന്റെ വിദേശ നയങ്ങളും, ഗാന്ധിയന്‍ തത്വചിന്തകളും ഇതില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.
ഇന്ത്യന്‍ വിദേശ നയം എക്കാലത്തും വര്‍ണവിവേചനത്തിനും, സാമ്രാജ്യത്വത്തിനും എതിരായിരുന്നു. അതേ സമയം തന്നെ ഈ നയം എന്നും വിവിധ രാജ്യങ്ങളുടെ സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ വളര്‍ച്ചക്കും, പരസ്പര ബഹുമാനത്തിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതവുമായിരുന്നു.

ലീഗ് ഓഫ് നേഷന്‍സ് രൂപീകരിച്ച കാലം മുതല്‍ അതില്‍ ഒരു അംഗമായി നിന്നുകൊണ്ട് ലോക രാഷ്ട്രീയത്തിലെ സമ്മര്‍ദ്ദങ്ങള്‍ക്കും, സംഘര്‍ഷങ്ങള്‍ക്കും, യുദ്ധങ്ങള്‍ക്കും അയവുവരുത്താനും ഇന്ത്യന്‍ വിദേശ നയം പല ഘട്ടങ്ങളിലും സഹായിച്ചിട്ടുമുണ്ട്. നമ്മുടെ വിദേശ നയത്തിന്റെ ഭാഗമായുള്ള ചേരിചേരാനയം ദേശീയ സ്വാതന്ത്ര്യ സമരകാലത്ത് തന്നെ രൂപപ്പെട്ട ഒന്നാണ്. ജവഹര്‍ലാല്‍നെഹ്‌റുവിന്റെ കാലത്ത് ഈ നയത്തിന് ലോകത്തിന്റെ അംഗീകാരം നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്.

റഷ്യയുമായിട്ടുള്ള ഇന്ത്യയുടെ സൗഹൃദം സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലം മുതല്‍ തന്നെ സജീവമായിരുന്നു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും സോവിയറ്റ് പ്രധാനമന്ത്രി ക്രൂഷ്‌ചേവും തമ്മിലുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ഖനനമേഖലയിലും, വ്യാവസായിക മേഘലയിലും മറ്റ് രംഗങ്ങളിലുമെല്ലാം വലിയ കുതിച്ചു ചാട്ടം ഇന്ത്യയ്ക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞത്.

സോവിയറ്റ് റഷ്യയില്‍ ലെനിന്‍ കൊണ്ടുവരുകയും, ക്രൂഷ്‌ചേവ് നടപ്പിലാക്കുകയും ചെയ്ത പഞ്ചവത്സര പദ്ധതികള്‍ നമ്മുടെ രാജ്യവും നടപ്പിലാക്കുകയുണ്ടായി. സോവിയറ്റ് റഷ്യയുമായി ഇത്തരത്തില്‍ വിപുലമായ ധാരണകള്‍ ഉണ്ടാക്കിയ ജവഹര്‍ലാല്‍ നെഹ്‌റുവിനെ അക്കാലത്ത് ഒരു കമ്മ്യൂണിസ്റ്റ് ആക്കി ചിത്രീകരിക്കാനും അന്നത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. റഷ്യയുമായുള്ള നല്ല സൗഹൃദങ്ങള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലം വരെ തുടരുകയും ചെയ്തതാണ്. എന്നാല്‍ അതിനു ശേഷം ഈ ബന്ധത്തില്‍ പലപ്പോഴും കാര്‍മേഖങ്ങള്‍ പടര്‍ന്നിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും റഷ്യന്‍ സൗഹൃദം ഒരു പരിധിവരെയെങ്കിലും തുടരാന്‍ നമ്മുടെ രാജ്യത്തിന് കഴിഞ്ഞിട്ടുമുണ്ട്.

നമ്മുടെ രാജ്യം അമേരിക്കയുമായി കൂടുതല്‍ അടുക്കുകയും, റഷ്യ അടക്കമുള്ള മിത്രങ്ങളുമായി അകലുകയും ചെയ്യുകയാണെന്നുള്ള പ്രചരണം സാര്‍വത്രികമായി നടക്കുന്നതിനിടയിലാണ് ഇപ്പോള്‍ ഐതിഹാസികമായ റഷ്യയുമായുള്ള ഈ മിസൈല്‍ കരാറില്‍ ഇന്ത്യ ഒപ്പു വച്ചിരിക്കുന്നത്.

അമേരിക്കയുടെ ശക്തമായ എതിര്‍പ്പ് മറികടന്ന് പ്രതിരോധ സഹകരണം അടക്കമുള്ള എട്ട് കരാറുകളില്‍ ഇന്ത്യയും റഷ്യയും ഒപ്പു വച്ചിരിക്കുകയാണ്. റഷ്യയില്‍ നിന്ന് 5.43 ബില്യന്‍ ഡോളറിന്റെ 5 എസ്-400 ട്രയംഫ് മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതിനുള്ള കരാര്‍ ഉള്‍പ്പടെയുള്ളവയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി, റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഒപ്പു വച്ചത്.

എസ്-400 ട്രയംഫ് മിസൈലിനു പുറമെ പ്രതിരോധം, ആണവോര്‍ജ്ജം, ബഹിരാകാശം, സാമ്പത്തികം, റയില്‍വേ, ഗതാഗതം, രാസവളം തുടങ്ങിയ മേഖലകളില്‍ സഹകരിക്കുന്നതിനുള്ള കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായാണ് വഌദിമിര്‍ പുടിന്‍ ഡല്‍ഹിയിലെത്തിയത്. അമേരിക്കയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് 39000 കോടി രൂപ ചെലവു വരുന്ന മിസൈല്‍ പ്രതിരോധ സംവിധാനം റഷ്യയില്‍ നിന്ന് വാങ്ങുന്നത്.

റയില്‍വേയുമായി ബന്ധപ്പെട്ട് മികച്ച ടെര്‍മിനല്‍ നിര്‍മാണം, സിഗ്നലുകള്‍ സ്ഥാപിക്കല്‍, പുതിയ സംവിധാനങ്ങളില്‍ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കല്‍, കാര്‍ഗോ തുടങ്ങിയ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പു വച്ചു. ഗതാഗതമേഘലയിലെ സഹകരണത്തിനും സാങ്കേതിക വിദ്യ കൈമാറ്റത്തിനും കരാറായി. 2025 -ഓടെ ഇന്ത്യ-റഷ്യ വാണിജ്യം 3000 കോടി ഡോളറാക്കി ഉയര്‍ത്തുന്നതിനും എണ്ണ, പാചകവാതക വിതരണം തുടങ്ങിയവ ഉള്‍പ്പെടുത്തി ഊര്‍ജ്ജമേഘലയില്‍ സഹകരണത്തിനും ധാരണയായി. കൂടംകുളത്ത് 5, 6 ആണവ റിയാക്ടറുകള്‍ നിര്‍മിക്കുന്നതിനും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 12 റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.

കരാറുകള്‍ ഒപ്പുവച്ചതിനു ശേഷം ഇരു രാഷ്ട്രതലവന്‍മാരും ചേര്‍ന്ന് സംയുക്ത പ്രസ്ഥാവന നടത്തി. സൈനിക മേഖലയിലെ സഹകരണം എന്നതിലുപരി മനുഷ്യസ്‌നേഹപരമായ സഹകരണമാണ് ഇന്ത്യയുമായി ലക്ഷ്യം വക്കുന്നതെന്ന് പുടിന്‍ പറഞ്ഞു. റഷ്യയുടെ ഊര്‍ജ്ജമേഖലയില്‍ ഇന്ത്യയുടെ നിക്ഷേപം ക്ഷണിക്കുമെന്നും പുടിന്‍ പറഞ്ഞു. ഇന്ത്യയുടെ വിശേഷപ്പെട്ട നയതന്ത്ര പങ്കാളിയാണ് റഷ്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസ്താവിച്ചു. രാജ്യത്ത് റഷ്യ പ്രതിരോധ വാണിജ്യ പാര്‍ക്ക് തുടങ്ങണം. നിലവിലെ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയെന്ന നിലയില്‍ നിന്ന് 5 -ാം സ്ഥാനത്തേക്ക് കുതിക്കുകയാണ് ഇന്ത്യയെന്ന് മോഡി പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചയില്‍ റഷ്യക്ക് നിര്‍ണായകമായ സ്ഥാനമുണ്ട്. ആഗോള സമാധാനത്തിനു വേണ്ടി ഇരു രാജ്യങ്ങളും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും ശക്തമായ ദീര്‍ഘദൂര വ്യോമപ്രതിരോധ സംവിധാനമാണ് എസ്-400 ട്രയംഫ്. ഭൂതലത്തില്‍ നിന്ന് വിക്ഷേപിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനം അതിര്‍ത്തികളില്‍ വിന്യസിക്കാനും യുദ്ധവിമാനങ്ങളേയും ശത്രുമിസൈലുകളേയും തകര്‍ക്കാനും ഇതിനാകും. സ്ട്രാറ്റജിക് ബോംബേഴ്‌സ്, ഫയിറ്റര്‍ വിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയെ 380 കിലോമീറ്റര്‍ ദൂരത്തു നിന്നുതന്നെ തകര്‍ക്കാന്‍ എസ്-400 ട്രയംഫിനാകും. നൂറു കണക്കിന് മിസൈലുകളെ ഒരേ സമയം തിരിച്ചറിയാന്‍ ശേഷിയുള്ളതാണ് ഇതിന്റെ റഡാര്‍ സംവിധാനം. അമേരിക്കയുടെ അഞ്ചാം തലമുറ എഫ്-35 യുദ്ധവിമാനങ്ങളെപ്പോലും റഡാര്‍ ലോക്കിട്ട് വെടിവച്ചിടാന്‍ ട്രയംഫിന് സാധിക്കും. പാകിസ്ഥാന്റേയോ ചൈനയുടേയോ പക്കലുള്ള ഒരു വിമാനത്തിലും എസ്-400 ട്രയംഫിനെ മറികടന്ന് ഇന്ത്യന്‍ മണ്ണില്‍ പ്രവേശിക്കാന്‍ ആകില്ല. വിവിധ റേഞ്ചിലുള്ള നാല് തരം മിസൈലുകളാണ് ട്രയംഫിലുള്ളത്. 2014 ല്‍ ആറ് ട്രയംഫുകളാണ് റഷ്യയില്‍ നിന്ന് ചൈനീസ് സൈന്യം വാങ്ങിയത്. ഇതേത്തുടര്‍ന്നാണ് ഇന്ത്യയും ട്രയംഫ് സ്വന്തമാക്കാന്‍ ശ്രമം തുടങ്ങിയത്. 2 ട്രയംഫ് 2 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് ലഭിക്കും. ബാക്കി 5 വര്‍ഷത്തിനകവും സേനയ്ക്ക് സ്വന്തമാകും.

എസ്-400 ട്രയംഫ് കരാറില്‍ റഷ്യയും ഇന്ത്യയും ഒപ്പു വയ്ക്കുന്നതിനു മുമ്പ് ഇന്ത്യയ്ക്ക് ശക്തമായ താക്കീതുമായി അമേരിക്ക രംഗത്തു വന്നിരുന്നു. തങ്ങളുമായി സഖ്യമുള്ള രാജ്യങ്ങള്‍ റഷ്യയുമായി ഇടപാടുകള്‍ നടത്തരുതെന്നാണ് യുഎസ് നല്‍കിയിരുന്ന മുന്നറിയിപ്പ്.
യുഎസിന്റെ സഖ്യരാജ്യങ്ങളോ പങ്കാളികളോ റഷ്യയുമായി ഇടപാടു നടത്തുന്ന പക്ഷം കാറ്റ്‌സാ (കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്‌സറിസ് ത്രൂ സാംഗ്ഷന്‍സ് ആക്റ്റ്) നിയമപ്രകാരമുള്ള ഉപരോധം ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

റഷ്യയെ ലക്ഷ്യമിട്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് കാറ്റ്‌സാ നിയമം യുഎസ് കൊണ്ടുവന്നത്. റഷ്യയില്‍ നിന്ന് യുദ്ധവിമാനങ്ങളും മിസൈല്‍ പ്രതിരോധവും വാങ്ങിയതിന് ചൈനയ്‌ക്കെതിരെ അടുത്തിടെ ഈ നിയമം ഉപയോഗിച്ചിരുന്നു. അതേ സമയം റഷ്യയുമായുള്ള ഇടപാടിന്റെ പേരില്‍ ഇന്ത്യക്ക് ആശങ്ക വേണ്ടന്ന് മോസ്‌കോ കേന്ദ്രമായ അനാലിസീസ് ഓഫ് വേള്‍ഡ് ആംസ് ട്രേഡ് തലവന്‍ ഐഗര്‍ കോറോത് ചെങ്കോ ചൂണ്ടിക്കാട്ടി. ഭാവിയില്‍ ഇന്ത്യ യുഎസിന്റെ ആയുധങ്ങള്‍ വേണ്ടെന്ന് പറയാന്‍ സാധ്യതയില്ല. ആയതിനാല്‍ റഷ്യന്‍ കരാറിനെ ചൊല്ലി ഇന്ത്യക്കുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യാനന്തര ഇന്ത്യയെ സംബന്ധിച്ചിടത്തോളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലുണ്ടായിരുന്ന റഷ്യയുമായും, സോവിയറ്റ് റഷ്യയുടെ പതനത്തിനു ശേഷം ഇപ്പോഴത്തെ റഷ്യയുമായും നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്. നിര്‍ഭാഗ്യവശാല്‍ ഇതിനിടയില്‍ ഈ ബന്ധത്തിന് ചില പോറലുകളും സംഭവിച്ചിരുന്നു. എന്നാല്‍ റഷ്യയുമായി ഇന്ത്യ ഉണ്ടാക്കിയിരിക്കുന്ന വിവിധ കരാറുകള്‍ നമ്മുടെ ബന്ധം കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്നതിന് സഹായകരമാകും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഈ കരാറിനെ ഏവരും സ്വഗതം ചെയ്യുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ കരാറിനെപ്പറ്റി പറഞ്ഞത് വളരെ ശ്രദ്ധേയമാണ്: ‘ഇന്ത്യയുടെ വിശേഷപ്പെട്ട നയതന്ത്ര പങ്കാളിയാണ് റഷ്യ. ഇന്ത്യയുടെ വളര്‍ച്ചയില്‍ റഷ്യക്ക് നിര്‍ണായകമായ സ്ഥാനമാണുള്ളത്.’
ഈ കരാറിനെ സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വഌദിമിന്‍ പുടിന്‍ പറഞ്ഞതും എടുത്ത് പറയേണ്ടതാണ്: ‘സൈനിക മേഖലയിലെ സഹകരണമെന്നതിലുപരി മനുഷ്യസ്‌നേഹപരമായ സഹകരണമാണ് ഇന്ത്യയുമായി ലക്ഷ്യം വയ്ക്കുന്നത്.’

ഇന്ന് ലോകത്തിലെ പ്രധാനപ്പെട്ട രണ്ടു രാഷ്ട്രങ്ങളാണ് റഷ്യയും ഇന്ത്യയും. അയല്‍ക്കാരും, സുഹൃത്തുക്കളുമായ ഈ രാജ്യങ്ങള്‍ തമ്മില്‍ ഇപ്പോഴുള്ള മെച്ചപ്പെട്ട സൗഹൃദങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും മാത്രമല്ല ലോകത്തിന് ആകെ തന്നെ വലിയ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.