ഇന്തോ-അമേരിക്കൻ ഉഭയകക്ഷി കരാർ: ക്ഷീരമേഖലയും തീറെഴുതുന്നു

Web Desk

ന്യൂഡൽഹി

Posted on February 14, 2020, 10:40 pm

യുഎസിന് ഇന്ത്യയുടെ ക്ഷീര‑പക്ഷി വളർത്തു മേഖലയും തുറന്നു കൊടുക്കുമെന്നുറപ്പായി. യുഎസ് പ്രസിഡന്റ് ‍ ഡൊണാൾഡ് ട്രംപിന്റെ ഈ മാസം 24,25 ലെ ഇന്ത്യാ സന്ദർശന വേളയിൽ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവയ്ക്കുമെന്ന് റോയിട്ടേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ആദ്യപടിയെന്നോണം ഭാഗികമായാണ് ക്ഷീര- വളർത്തു പക്ഷി മേഖലയിൽ ഇന്ത്യ അമേരിക്കയ്ക്ക് പങ്കാളിത്തം നൽകുന്നത്. നോട്ട് നിരോധനം ജിഎസ്‌ടി, പ്രതികൂല കാലാവസ്ഥ എന്നിവയെ തുടർന്ന് ക്ഷീര- വളർത്തുപക്ഷി മേഖലയിലെ കർഷകർ ഇപ്പോൾ തന്നെ പിടിച്ചുനിൽക്കാൽ പാടുപെടുമ്പോഴാണ് മോഡി സർക്കാർ വീണ്ടും കർഷകരുടെ വയറ്റത്തടിക്കുന്നത്. ഇന്ത്യ ലോകത്തെ തന്നെ ഏറ്റവും വലിയ ക്ഷീരോല്പാദക രാഷ്ട്രമാണ്. എട്ട് ലക്ഷം ഗ്രാമീണ ജനതയാണ് ഇതുവഴി ഉപജീവനം നടത്തുന്നത്.

അതുകൊണ്ടുതന്നെ ഈ മേഖലയിൽ കടന്നെത്താൻ ആഗോള ഭീമൻമാർ ഒട്ടേറെ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും കർഷക കൂട്ടായ്മകളുടെ ശക്തമായ ചെറുത്തു നിൽപ്പുമൂലം ഇതുവരെ നടക്കാതിരിക്കുകയായിരുന്നു. എന്നാൽ മോഡി സർക്കാർ കർഷകരുടെ ജീവിതമാർഗ്ഗത്തെ തടഞ്ഞ് യുഎസിന് ക്ഷീരമേഖലയിലേക്കും വാതിൽ തുറന്നുകൊടുക്കുകയാണ്. ചൈന കഴിഞ്ഞാൽ ഇന്ത്യയാണ് അമേരിക്കയുടെ രണ്ടാമത്തെ ഏറ്റവും വലിയ വാണിജ്യ പങ്കാളി. 142.6 ദശലക്ഷം യുഎസ് ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും യുഎസും തമ്മിൽ 2018 ൽ നടന്നത്. അതേസമയം യുഎസിന് 23 ദശലക്ഷം ഡോളറിന്റെ വ്യാപാര കമ്മിയും ഇന്ത്യയ്ക്കുണ്ട്. ഇതുപരിഹരിക്കാൻ പല പഴുതുകളും അവർ നോക്കിക്കൊണ്ടിരിക്കുകയുമായിരുന്നു. പുതിയ കരാറിൽ ഒപ്പുവയ്ക്കുന്നതിലൂടെ അമേരിക്കയിൽ നിന്ന് കോഴി ഇറച്ചിയും ബ്ലൂബറി, ചെറി എന്നീ പഴവർഗ്ഗങ്ങളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ അനുമതി ലഭിക്കും. മാത്രമല്ല 100 മുതൽ 25 ശതമാനം വരെ ഇറക്കുമതി തീരുവ കുറച്ചാണ് യുഎസിന് അനുമതി നൽകുന്നത്. എന്നാൽ അമേരിക്കൻ വാണിജ്യ പ്രതിനിധികൾ തീരുവ 10 ശതമാനമാക്കി കുറയ്ക്കണമെന്നാണ് ഇന്ത്യയെ നിർബന്ധിച്ചുകൊണ്ടിരിക്കുന്നത്. റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങൾക്ക് 5 ശതമാനം ചുങ്കവിഹിതം ഇന്ത്യ മുന്നോട്ട് വയ്ക്കുന്നുണ്ട്.

പാൽ ഉല്പന്നങ്ങൾ പൂർണ്ണമായി മാംസ രഹിത തീറ്റമാത്രം ഭക്ഷിച്ചിട്ടുള്ള കന്നുകാലികളിൽ നിന്നായിരിക്കണമെന്ന നിബന്ധനയും ഇന്ത്യ മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്നാൽ ഇത്തരം രാജ്യാന്തര മാനദണ്ഡങ്ങൾ കയറ്റുമതി കാര്യങ്ങളിൽ അമേരിക്ക അനുവർത്തിച്ച ചരിത്രമില്ലെന്നിരിക്കെയാണ് ഇന്ത്യ നിബന്ധനകൾ പേരിന് മുന്നോട്ട് വയ്ക്കുന്നത്. അമേരിക്കൻ നിർമ്മിത മോട്ടോർ സൈക്കിൾ ഹാർലി ഡോവിഡ്സണിന്റെ ഇറക്കുമതി തീരുവ കഴിഞ്ഞ വർഷം മോഡി സർക്കാർ ട്രംപിന്റെ നിർബന്ധത്തിന് വിധേയമായി കുറച്ചിരുന്നു. 50 ശതമാനം തീരുവയാണ് കുറച്ചത്. ഇന്ത്യ യുഎസിന് ക്ഷീരമേഖലയും മറ്റും തുറന്നു കൊടുക്കുമ്പോൾ അതിന്റെ ആ­ഗോള വിപണി സാധ്യതകൾ വിലയിരുത്തുകയാണെന്ന് അന്തർ ദേശീയ കാലിത്തീറ്റ അസോസിയേഷൻ പ്രസിഡന്റ് മൈക്കേൽ ഡിക്കീസ് പറഞ്ഞു. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ക്ഷീര ഉല്പാദക രാഷ്ട്രമാണെങ്കിലും അവിടത്തെ കർഷകരുടെ സംഘടനാ ശക്തിമൂലം മറ്റ് രാഷ്ട്രങ്ങൾക്ക് ഇതുവരെ ക്ഷീരമേഖലയിൽ കടന്നുകയറാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

Eng­lish sum­ma­ry: Indo-US bilat­er­al agree­ment: The dairy sec­tor is also in the off­ing