ഇന്തോനേഷ്യന്‍ ആകാശം ചോരചുവപ്പില്‍

Web Desk
Posted on September 24, 2019, 4:19 pm

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ കാട്ടുതീയുടെ ഫലമായി ആകാശം ചുവന്ന് തുടുത്തു. ഇതോടെ കാഴ്ചയും മങ്ങിയിട്ടുണ്ട്. സൂര്യപ്രകാശം അന്തരീക്ഷത്തിലെ പൊടിപടലങ്ങളുമായി പ്രവര്‍ത്തിക്കുന്നതാണ് ഇതിന് കാരണമെന്ന് കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

മാസങ്ങളായി ഇവിടെ തുടരുന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. കാട്ടു തീ ഇവിടുത്തെ കൃഷിയെപ്പോലും ബാധിച്ചിട്ടുണ്ട്. എല്‍നിനോ പ്രതിഭാസമാണ് വര്‍ഷം തോറും ഇവിടെ കടുത്ത വരള്‍ച്ചയ്ക്ക് കാരണമെന്നും ഇതാണ് തീപിടിത്തത്തിന് കാരണമെന്നും അധികൃതര്‍ പറഞ്ഞു. കാറ്റ് ശക്തമായതും തീ പടരാന്‍ കാരണമാകുന്നു. അന്തരീക്ഷത്തില്‍ പുക നിറഞ്ഞിരിക്കുന്നതിനാല്‍ ശ്വാസം മുട്ടലും ഉണ്ടാകുന്നുണ്ട്.

ആകാശം ഉച്ചമുതല്‍ വൈകുന്നത് വരെയാണ് കടും ചുവപ്പ് നിറമാര്‍ന്ന് കാണപ്പെട്ടത്. ചുവന്ന ആകാശത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ഇന്‍സ്റ്റാഗ്രാമിലെ ഒരു ദൃശ്യം മൂന്ന് ദിവസം കൊണ്ട് കണ്ടത് ആറ് ലക്ഷം പേരാണ്. മനുഷ്യ ഇടപെടല്‍ കൊണ്ടും സ്വഭാവികമായും ഇത്തരത്തില്‍ സംഭവിക്കാമെന്നാണ് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന എ ആര്‍ രവിശങ്കര എന്ന ശാസ്ത്രജ്ഞന്‍ പറയുന്നത്.

സുമാത്രയിലെ മൗറോ ജാമ്പി മേഖലയിലാണ് ഇത്തരം പ്രതിഭാസം ദൃശ്യമായത്. ചിലയിടങ്ങളില്‍ ഇത് ബ്രൗണായും മാറി. ജാമ്പിയില്‍ വെള്ള ആകാശവും ഉപഗ്രഹ ദൃശ്യങ്ങളിലുണ്ട്.