Saturday
24 Aug 2019

ഇന്ത്യന്‍ ചരക്കുകപ്പല്‍ അഞ്ചുമാസമായി ഇന്തോനേഷ്യയുടെ പിടിയില്‍; കപ്പലില്‍ നാല് മലയാളികള്‍

By: Web Desk | Thursday 18 July 2019 4:46 PM IST


മോചിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളുമായി ജീവനക്കാര്‍ കപ്പലിനു മുന്നില്‍

കാസര്‍കോട്: വഴി തെറ്റിയ ഇന്ത്യന്‍ ചരക്കു കപ്പല്‍ അഞ്ചു മാസമായി ഇന്തോനേഷ്യന്‍ സേനയുടെ പിടിയില്‍. നാല് മലയാളികള്‍ കപ്പലില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. മുംബൈയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ ചരക്കുകപ്പലാണ് ഇന്‍ഡോനേഷ്യന്‍ തീരത്തുവെച്ച് ഇന്തോനേഷ്യന്‍ നാവികസേനയുടെ പിടിയിലായത്. തീരാതിര്‍ത്തി ലംഘിച്ചതിന് ഇന്തോനേഷ്യന്‍ നാവികസേന പിടിച്ചുവച്ച കപ്പല്‍ അഞ്ചുമാസമായി ആ രാജ്യത്തെ കോടതി നടപടികളില്‍ കുരുങ്ങിക്കിടക്കുകയാണ്.

നാല് മലയാളികളടക്കം 23 ഇന്ത്യക്കാരാണ് കപ്പലിലുള്ളതെന്നാണ് വിവരം. കാസര്‍കോട് ഉപ്പള പാറക്കട്ടയിലെ പി.കെ.മൂസക്കുഞ്ഞ്, കുമ്പള ആരിക്കാടിയിലെ കലന്തര്‍, പാലക്കാട് പെരിഞ്ചീര സ്വദേശി വിപിന്‍രാജ്, കാസര്‍കോട് സ്വദേശി അനുതേജ് എന്നിവര്‍ കപ്പലില്‍ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്ന് രാസപദാര്‍ത്ഥങ്ങളുമായി സിംഗപ്പൂരിലേക്ക് പോയ എസ്.ജി. പെഗാസസ് എന്ന കപ്പല്‍ മാര്‍ച്ചിലാണ് ഇന്‍ഡോനേഷ്യന്‍ തീരത്ത് കുടുങ്ങിയത്. മലാക്കാ കടലിടുക്കില്‍ വച്ചാണ് കപ്പലിന് ദിശതെറ്റിയതെന്നാണ് വിവരം. ഹോങ്കോംഗിലെ ആംഗ്ലോ ഈസ്‌റ്റേണ്‍ ഷിപ്പിംഗ് മാനേജ്‌മെന്റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍.
കപ്പല്‍ പിടിച്ചുവച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ ഇന്ത്യന്‍ എംബസി അധികൃതരും വിദേശകാര്യമന്ത്രാലയത്തിലെയും നാവികസേനയിലെയും ഉദ്യോഗസ്ഥരും ഇന്‍ഡോനേഷ്യന്‍ നേവി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. അനുവാദമില്ലാതെ അതിര്‍ത്തി ലംഘിച്ചതിനാല്‍ കോടതിയുടെ അനുമതിയോടെ മാത്രമേ കപ്പല്‍ മോചിപ്പിക്കാനാവുകയുള്ളൂ എന്ന നിലപാടാണ് ഇന്‍ഡോനേഷ്യ സ്വീകരിക്കുന്നത്. എന്നാല്‍ കപ്പലിന്റെ ഉടമസ്ഥരില്‍ നിന്ന് പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കോടതി നടപടിക്രമങ്ങള്‍ മനപൂര്‍വം വൈകിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായാണ് മൂസക്കുഞ്ഞിന്റെ ബന്ധുക്കള്‍ പറയുന്നത്. ഇതിനകം രണ്ടുതവണ കേസ് കോടതിയില്‍ പരിഗണിച്ചെങ്കിലും ഇന്‍ഡോനേഷ്യന്‍ നാവികസേനയുടെ പ്രതിനിധികള്‍ ഹാജരാകാത്തതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നുവെന്ന് മൂസക്കുഞ്ഞ് ബന്ധുക്കള്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു.

കപ്പലിലെ ജീവനക്കാരെ മോചിപ്പിക്കണമെന്ന അപേക്ഷയും നേവി അധികൃതര്‍ പിടിച്ചുവച്ചിരിക്കുകയാണ്. ഇപ്പോള്‍ കപ്പലില്‍ ആവശ്യത്തിന് ഭക്ഷണവും മരുന്നുകളുമുണ്ടെങ്കിലും മോചനം നീണ്ടുപോയാല്‍ അതും പ്രശ്‌നമാകുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ജീവനക്കാര്‍ പ്ലക്കാര്‍ഡുകളുമായി കപ്പലിനു മുന്നില്‍ നില്‍ക്കുന്ന ചിത്രവും അയച്ചിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഗൗരവമായ ഇടപെടലിനായി പരാതി നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കള്‍.

YOU MAY LIKE THIS VIDEO ALSO