വയലാർ രാമവർമ്മ മരിച്ച് 27 വർഷത്തിനുശേഷം, അദ്ദേഹത്തിന്റെ ഭാര്യയായ ഭാരതി തമ്പുരാട്ടി, അവരുടെ ഒളിമങ്ങാത്ത ഓർമ്മകളിൽ മുങ്ങിത്തപ്പി, ലോകം അറിഞ്ഞിട്ടില്ലാത്ത, അല്ലെങ്കിൽ പൂർണമായി അറിയാത്ത കാര്യങ്ങൾ വ്യക്തമായും സത്യസന്ധമായും പ്രതിപാദിച്ചിരിക്കുന്ന ഒരു ഓർമ്മക്കുറിപ്പാണ്. ‘ഇന്ദ്രധനുസ്സിൻ തീരത്ത്.’
ഓർമ്മകൾ ഒളിമങ്ങി എന്നു സ്വയം അവകാശപ്പെടുമ്പോഴും തുളുമ്പാത്ത കണ്ണീർക്കുടം പോലെ ദുഃഖത്തെ അടക്കിവച്ച ജീവിതം എന്നു വിശേഷിപ്പിച്ചതിൽ നിന്നു തന്നെ ഒന്നു മനസിലാകുന്നുണ്ട്, ഏതൊരു സ്ത്രീയെയും പോലെ സ്വന്തം ഭർത്താവിന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന സ്ത്രീ താനായിരിക്കണം എന്നുള്ള ആഗ്രഹം തോന്നുകയും, അമ്മയുടേയും മകന്റേയും ദൃഢമായ ബന്ധത്തിനിടയിൽ തനിക്കുള്ള സ്ഥാനം അല്ലെങ്കിൽ പ്രാധാന്യം അത്ര പോര എന്നുള്ള തോന്നൽകൊണ്ട് നിരാശ അനുഭവിക്കുകയും ചെയ്ത ഒരു സ്ത്രീ ആയിരുന്നു അവർ എന്നു പുസ്തകം വായിക്കുമ്പോൾ തോന്നാമെങ്കിലും, കാര്യങ്ങൾ ശ്രദ്ധാപൂർവം അപഗ്രഥനം ചെയ്യുമ്പോൾ വയലാർ എന്ന കവിയുടെ വിവിധങ്ങളായ മുഖങ്ങൾ നമുക്ക് ഈ പുസ്തകം കാണിച്ചുതരുന്നുണ്ട്.
രാമവർമ്മ എന്നു കേൾക്കുമ്പോൾ സിനിമയിൽ ഗാനങ്ങൾ രചിച്ച ഗാനരചയിതാവ് എന്ന അറിവിൽ കവിഞ്ഞു ചില ബുദ്ധിജീവികൾ അദ്ദേഹത്തെ മഹാകവി എന്നു വിശേഷിപ്പിക്കുമ്പോൾ, വയലാർ എന്ന ഗ്രാമത്തിൽ അദ്ദേഹം തികഞ്ഞ ബുദ്ധിജീവിയും കമ്മ്യൂണിസ്റ്റുകാരനും ആണ്- അതിലുപരി അമ്മയെ ജീവനായി സ്നേഹിക്കുന്ന ഒരു സൽപുത്രൻ. ഈ പുത്രന്റെ മഹിമ ഏറ്റവും കൂടുതൽ തന്റെ സുഖത്തിനു വേണ്ടി പ്രയോജനപ്പെടുത്തിയ ഒരു അമ്മ- ആ അമ്മ ഒരിക്കലും മകന്റെ സുഖം എന്താണെന്നു ചിന്തിച്ചോ എന്ന് നമുക്കറിയില്ല.
അധികമായാൽ അമൃതും വിഷം എന്ന് ഒരു ചൊല്ലുണ്ട്. ഭാര്യയുടെ ആഗ്രഹങ്ങളെ കണ്ടില്ലെന്നു നടിച്ച് സ്നേഹത്തിന്റെ മുഴുവൻ രസവും (ഒന്നൊഴിച്ച് ചോദിച്ചു വാങ്ങിയിരുന്ന അമ്മ- ത്യാഗമയിയായി ആഗ്രഹങ്ങൾ അടക്കി ജീവിച്ച് വയലാറിന്റെ കുട്ടികളെയും അമ്മയേയും സ്നേഹിച്ചോ എന്നറിയില്ല) പരിപാലിച്ച് ജീവിച്ച അദ്ദേഹത്തിന്റെ ഭാര്യ ഭാരതി തമ്പുരാട്ടിയുടെ അത്രയും വ്യക്തിത്വം നിലനിർത്തുന്നില്ല. അമ്മ എന്തുകൊണ്ട് സ്വന്തം ഭർത്താവിന്റെ ഗൃഹത്തിലേക്കു പോയില്ല എന്നു പ്രതിപാദിച്ചിട്ടില്ല.
പക്ഷേ ഭാരതി തമ്പുരാട്ടിയുടെ കാഴ്ചപ്പാടിൽ പഴയ മുണ്ടുകൊടുപ്പു സമ്പ്രദായത്തിലെ വന്നുപോക്കു വ്യവസ്ഥയിലുള്ള ദാമ്പത്യം അവർക്ക് സുഖകരമല്ലായിരുന്നു എന്ന് മനസിലാകും. പിന്നെ 32 വയസിൽ ഭർത്താവ് നഷ്ടപ്പെടുകയും ജീവിക്കാനുള്ള ഏക പ്രേരണ മകൻ മാത്രമാവുകയും ചെയ്തപ്പോൾ ആ അമ്മ ഇങ്ങനെ ആയിത്തീർന്നതിലുള്ള ഒരു ന്യായീകരണവും അവർ തന്നെ കണ്ടുപിടിക്കുന്നു. മറ്റൊരു സ്ത്രീയുടെ ആഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കാൻ പോലും പറ്റാത്തതു ഇതുകൊണ്ടായിരിക്കാം എന്നവർ ന്യായീകരിക്കുന്നുണ്ട്.
പക്ഷേ മറിച്ചു ചിന്തിച്ചാൽ തനിക്കു വന്ന അവസ്ഥ മറ്റൊരു സ്ത്രീക്കുണ്ടാവരുത് എന്ന് ചിന്തിക്കാനുള്ള മാനസിക വികാസം അവർക്കുണ്ടായിരുന്നില്ല എന്നുവേണം കരുതാൻ- വയലാറിന്റെ മക്കളെ പ്രസവിക്കാനുള്ള ഒരു അവകാശമല്ലാതെ മറ്റൊന്നും നൽകാൻ ആ അമ്മയും മകനും തയ്യാറായില്ല.
പക്ഷേ ചില പ്രത്യേക സന്ദർഭങ്ങളിൽ ഈ മനോഭാവത്തോട് ഒരു എതിർപ്പ് കവിയുടെ ഭാഗത്തുനിന്നും ഉണ്ടായതായും അവർ സൂചിപ്പിക്കുന്നുണ്ട്. പ്രത്യേക പാത്രം ഭാരതി തമ്പുരാട്ടിക്കു വച്ചിരിക്കുന്നത് മനസിലായപ്പോൾ കവിക്കു വിഷമം ഉണ്ടായി എന്ന് അവർ പറഞ്ഞിരിക്കുന്നു- പക്ഷേ പ്രതികരിച്ചതായി കാണുന്നില്ല. സമൂഹത്തിൽ നടക്കുന്ന പല അനീതിയേയും കവിതകളിൽക്കൂടിയും അല്ലാതെയും പ്രതികരിച്ച കവി ഇവിടെ നിഷ്ക്രിയനായി ഇരിക്കുന്നത് അത്ഭുതം ഉളവാക്കുന്നുണ്ട്.
വയലാർ അത്രയ്ക്കു പ്രശസ്തനായതുകൊണ്ടായിരിക്കാം- അമ്മ, വയലാർ പി ഒ എന്നുള്ള കത്ത് അമ്മയ്ക്കു തന്നെ കിട്ടിയത്- മുതിർന്നിട്ടും കുഞ്ഞിന്റേതുപോലെയുള്ള അമ്മയോടുള്ള സ്നേഹവും കരുതലും ശ്ലാഘനീയം തന്നെ. ‘ഭാരതി എന്തു പറയുന്നു?’ എന്ന ചോദ്യത്തിൽ അവരോടുള്ള കടമ നിറവേറ്റുന്നുണ്ടെങ്കിലും അവർക്ക് മാനസികമായി അതുൾക്കൊള്ളാൻ പറ്റിയില്ല. അതവരുടെ കുറ്റവുമല്ല. കൊച്ചുനാളിലെ കൂട്ടുകാരിയെ വേദനിപ്പിക്കാൻ ഇഷ്ടപ്പെടാത്ത മനസായിരുന്നുവെന്ന് വൃഥാ ആശ്വസിക്കാൻ അവർ ശ്രമിക്കുകയല്ലേ? സ്വന്തം ഭാര്യയെ രഹസ്യത്തിൽ ഒന്ന് സമാധാനിപ്പിക്കാനെങ്കിലും അദ്ദേഹത്തിനു ശ്രമിക്കാമായിരുന്നു എന്ന് വായനക്കാരനു തോന്നിപ്പോകുന്നതു സ്വാഭാവികം മാത്രം.
ഒരിക്കൽ മദ്രാസിൽ കൊണ്ടുപോയി എങ്കിലും കുറച്ചുദിവസം കഴിഞ്ഞപ്പോൾ തിരികെ വിളിച്ചതും അവരുടെ മനസിൽ മുറിവുണ്ടാക്കി. സ്വന്തം ഭർത്താവിനെ കുറ്റപ്പെടുത്താൻ ഉള്ള സാഹസത്തിനു അവർ മുതിരുന്നില്ല. പക്ഷെ അമ്മയുടെ ഷഷ്ടിപൂർത്തിയാഘോഷത്തിനു നാനാജാതി മതസ്ഥരുടെ ഒപ്പമിരുന്നുണ്ണാൻ, അതിനുവേണ്ടി അമ്മയുടെ മനസറിയാമെങ്കിലും മാമൂലുകൾ ലംഘിക്കാൻ തയാറായി. അമ്മയും മകന്റെ മനസു മനസിലാക്കി കുടുംബക്കാരുടെ അപ്രീതിയേക്കാൾ മകന്റെ വികാരങ്ങൾക്ക് പ്രാധാന്യം നൽകി. പിന്നെ എന്തുകൊണ്ട് ഭാരതി തമ്പുരാട്ടിയെ മനസിലാക്കിയില്ല. ഒരു പക്ഷേ പെൺവാക്കു കേൾക്കരുതെന്നുള്ള പഴയ പുരുഷ മേൽക്കോയ്മയുടെ പ്രതീകമായതായിരിക്കാം. വയലാറിന്റെ മദ്യപാനത്തെ ഒരിക്കലും എതിർത്തിട്ടില്ല എന്ന് ഭാരതി തമ്പുരാട്ടി പറയുമ്പോഴും ഉള്ളുകൊണ്ട് എതിരായിരുന്നുവെന്ന് മനസിലാക്കാൻ ഉതകുന്ന ഒരു സംഭവം പുസ്തകത്തിലുണ്ട്. സുഹൃത്തുക്കളുമായി മദ്യസൽക്കാരം കഴിഞ്ഞ് വീണ്ടും മദ്യം വാങ്ങാൻ ഡ്രെെവറെ വിടാനൊരുങ്ങിയപ്പോൾ വിസമ്മതിച്ച ഭാരതി തമ്പുരാട്ടിയോട് വയലാറിന്റെ അമ്മ ക്ഷോഭിച്ചു സംസാരിക്കുകയും മദ്യം വാങ്ങാൻ പെെസ അലമാരയിൽ നിന്നും എടുത്തുകൊടുത്ത് മകന്റെ ആഗ്രഹം സാധിക്കുകയും, അനുസരിക്കുക മാത്രമാണ് ഒരു ഭാര്യയുടെ ധർമ്മം എന്ന് അവരോട് പറയുകയും ചെയ്തതായി പുസ്തകത്തില്‍ സൂചനയുണ്ട്. ചുരുക്കത്തിൽ അന്നത്തെ കാലഘട്ടത്തിൽ പുരുഷൻമാരെ ധിക്കരിക്കാതെ അനുസരിക്കുക മാത്രമാണ് തങ്ങളുടെ കടമ എന്ന് ചിന്തിക്കുന്ന ഒരു സാധാരണ സ്ത്രീയായിരുന്നു വയലാറിന്റെ അമ്മ.
വയലാർ ഒരു കവി മാത്രമല്ല, തിരക്കഥാകൃത്തും കൂടിയായിരുന്നുവെന്നുള്ളത് കുറച്ചുപേർക്കെങ്കിലും ഒരു പുതിയ അറിവായിരിക്കണം.
പുസ്തകത്തിലുടനീളം കവിയുടെ കാഴ്ചപ്പാടിൽ അമ്മയ്ക്ക് മുന്തിയ സ്ഥാനവും, ഭാര്യയ്ക്ക് അത്രയും മുന്തിയ സ്ഥാനം നൽകിയിരുന്നില്ല എന്നും പുസ്തകം നമ്മോട് പറഞ്ഞുതരുന്നു.
കചദേവയാനിയുടെ തിരക്കഥാ രചന പീച്ചി ഡാമിലെ സർക്കാർ ഗസ്റ്റ് ഹൗസിൽ വച്ചു നടക്കുമ്പോൾ കൂട്ടത്തിൽ ഭാരതി തമ്പുരാട്ടിയേയും കൊണ്ടുപോയത് അവരുടെ ജീവിതത്തിലെ വർണാഭമായ ഒരു ഓർമ്മയാണ്. അടുക്കളയുടെ മനംമടുപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്നും പുറംലോകത്ത് മാന്യമായ ഒരു അവസ്ഥയും, മന്ത്രി കെ ജി അടിയോടിയുടെ സാന്നിധ്യവും അദ്ദേഹത്തിനു കുട്ടികളുമായുള്ള സൗഹൃദവും എല്ലാം അവർ ഓർക്കുന്നു. അതോടൊപ്പം പീച്ചിത്തടാകത്തിലെ ബോട്ടിങ്ങും ഹൃദ്യമായിരുന്നു. കാട്ടു നെല്ലിക്ക പറിച്ചു പ്രേയസിക്കു കൊടുക്കുന്ന വയലാറിൽ ഒരു നല്ല കാമുകനെ കാണാൻ കഴിയും. അതുപോലെ ധനുമാസത്തിലെ തിരുവാതിരനാൾ പാതിരാപ്പൂ ചൂടിവരുന്ന ഭാര്യയെക്കാത്ത് അക്ഷമനായിയിരിക്കുന്ന വയലാർ, ആ മധുര സ്മരണയിൽ എഴുതിയ ‘മനക്കലേ തത്തേ’ എന്ന ഗാനം മലയാളികളുടെ മനസിലും ഹരം പിടിപ്പിക്കുന്ന ഗാനമാണ്.
വിപ്ലവപ്രസ്താനത്തിലേക്കു അദ്ദേഹത്തെ പിടിച്ചിറക്കിയ കൂട്ടുകാരൻ സി കെ കുമാരപ്പണിക്കരെപ്പറ്റി വ്യക്തമായി പറയുന്നുണ്ട്. പക്ഷേ കെപിഎസിയിലും പിന്നെ സിനിമയിലും വയലാറിനോട് ബന്ധം പുലർത്തിയ തോപ്പിൽഭാസിയെക്കുറിച്ചുള്ള പരാമർശങ്ങൾ വളരെ കുറഞ്ഞുപോയി എന്നു തോന്നി. പുസ്തകത്തിലുടനീളം കവിതയോടൊപ്പം അമ്മയേയും ഭാര്യയേയും മക്കളേയും സുഹൃത്തുക്കളേയും സമൂഹത്തേയും ഒരുപോലെ സ്നേഹിക്കുന്ന ഒരു കവി മനസിനെ ഈ പുസ്തകത്തിലൂടെ നമുക്ക് കാണാന്‍ കഴിയും.
ഇന്ദ്രധനുസ്സിൻ തീരത്ത് ഭാരതി തമ്പുരാട്ടി സ്മരണകൾ സെെന്ധവ ബുക്സ് കൊല്ലം-4 വില: 120 രൂപ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.